പാലക്കാട്: ചെടിത്തൈകളുടെ മറവിൽ കഞ്ചാവ് കടത്ത്. 19.5 കിലോ കഞ്ചാവ് കണ്ടെത്തി. പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് വിഭാഗവും പാലക്കാട് എക്സൈസ് സർക്കിളും സംയുക്തമായി നടത്തിയ പരിശോധനയിൽ ദിബ്രുഗഡ്-കന്യാകുമാരി വിവേക് എക്സ്പ്രസിന്റെ ജനറൽ കമ്പാർട്ടുമെന്റുകളുടെ ഇടനാഴിയിൽ ഉടമസ്ഥനില്ലാതെ കണ്ടെത്തിയ രണ്ട് ചാക്കുകളിൽനിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്.
ചാക്കിലുണ്ടായിരുന്ന ഫലവൃക്ഷച്ചെടി തൈകളുടെ ചുവട് ഇളക്കി പരിശോധിച്ചപ്പോഴാണ് മണ്ണിനു പകരം കഞ്ചാവ് നിറച്ചതായി കണ്ടെത്തിയത്. നാരകം, മാതളനാരങ്ങ, പേരക്ക, മൈലാഞ്ചി തുടങ്ങിയ വൃക്ഷത്തൈച്ചെടികളുടെ അടിഭാഗത്തുള്ള മൺച്ചട്ടി കവറിലാണ് മണ്ണിനുപകരം കഞ്ചാവുണ്ടായിരുന്നത്.
കണ്ടെത്തിയ കഞ്ചാവിന് ഒമ്പതര ലക്ഷത്തോളം രൂപ വിലവരും. തുടർ നടപടികൾക്കായി കഞ്ചാവ് എക്സൈസ് കണ്ടുകെട്ടി. കഞ്ചാവ് കടത്തിയവരെ തേടി അന്വേഷണം ഊർജിതമാക്കിയതായി ആർ.പി.എഫ് എക്സൈസ് അധികൃതർ അറിയിച്ചു. പാലക്കാട് ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് വിഭാഗം ഇൻസ്പെക്ടർ എൻ. കേശവദാസ്, പാലക്കാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.എഫ്. സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.