കൊച്ചി: ‘ഡിജിറ്റൽ അറസ്റ്റ്’ എന്ന പേരിൽ റിട്ട. കോളജ് അധ്യാപികയിൽനിന്ന് 4.12 കോടി രൂപ തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. മലപ്പുറം അരീക്കോട് സ്വദേശികളായ മുഹമ്മദ് മുഹാസിൽ (22), കെ.പി. മിസ്ഹബ് (21) എന്നിവരെയാണ് കൊച്ചി സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽനിന്ന് 1.34 ലക്ഷം രൂപയും ഇവർ ഉപയോഗിച്ചിരുന്ന ഇന്നോവ ക്രസ്റ്റ കാറും പിടിച്ചെടുത്തു.
ഡൽഹി പൊലീസ് എന്ന വ്യാജേനയാണ് പ്രതികൾ കാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്സ് സ്വദേശിനിയായ റിട്ട. അധ്യാപികയെ തട്ടിപ്പിനിരയാക്കിയത്. വീട്ടമ്മയുടെ പേരിൽ ഡൽഹി ഐ.സി.ഐ.സി.ഐ ബാങ്കിൽ ആരോ വ്യാജ അക്കൗണ്ട് തുടങ്ങിയെന്നും അതുപയോഗിച്ച് നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകൾ നടത്തിയെന്ന് കണ്ടെത്തിയെന്നുമാണ് ഇവർ ഫോൺവഴി അറിയിച്ചത്. മനുഷ്യക്കടത്ത്, ലഹരിക്കടത്ത് എന്നിവ നടത്തിയ തുക കൈമാറിയത് ഈ അക്കൗണ്ടിലൂടെയാണെന്നും പ്രതികൾ വീട്ടമ്മയെ വിശ്വസിപ്പിച്ചു. ഡിജിറ്റൽ അറസ്റ്റ് ചെയ്തതായും വീട്ടമ്മയുടെ അക്കൗണ്ടുകളിലെ തുകയെല്ലാം കൈമാറണമെന്നും കേസ് തീരുന്ന മുറക്ക് തിരിച്ചുനൽകാമെന്നും അറിയിച്ചു. പരിഭ്രാന്തയായ വീട്ടമ്മ ഏഴുതവണയായി ഓൺലൈനായി പണം കൈമാറുകയായിരുന്നു. പിന്നീട് സംഘത്തെ വിളിച്ചപ്പോൾ പ്രതികരണമൊന്നും ഇല്ലാത്തതിനെത്തുടർന്നാണ് തൃക്കാക്കര പൊലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
നഷ്ടമായ തുകയുടെ വലിയൊരു പങ്ക് മലപ്പുറത്തുനിന്നാണ് പിൻവലിക്കപ്പെട്ടതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പലരുടെ അക്കൗണ്ടുകളിലായി പണം നിക്ഷേപിച്ച് പിൻവലിക്കുന്നതാണ് പ്രതികളുടെ രീതി. ഇത്തരത്തിൽ ഒരുലക്ഷം രൂപ പിൻവലിച്ച് നൽകുമ്പോൾ അക്കൗണ്ട് ഉടമക്ക് 5000 രൂപ കമീഷൻ നൽകിയിരുന്നു. 450 അക്കൗണ്ടിൽനിന്ന് 650 ഇടപാടുകൾ നടന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിവിധ അക്കൗണ്ടുകളിലെ ഒരുകോടി രൂപയോളം സൈബർ പൊലീസ് മരവിപ്പിച്ചു.
ഒന്നരലക്ഷം രൂപയേ കിട്ടിയുള്ളൂവെന്നും ബാക്കി തുക മറ്റ് പല അക്കൗണ്ടുകളിലേക്കുമായി മാറ്റിനൽകിയെന്നുമാണ് യുവാക്കളുടെ മൊഴി. പണം പിൻവലിക്കപ്പെടുന്ന സ്ഥലങ്ങളിലെ കാൾ ഡീറ്റെയിൽസ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷത്തിലൂടെയാണ് പ്രതികളെ കണ്ടെത്തിയത്. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ആഡംബര ജീവിതത്തിനാണ് ഉപയോഗിച്ചിരുന്നത്.
കൊച്ചി സിറ്റി കമീഷണർ പുട്ട വിമലാദിത്യയുടെ നിർദേശാനുസരണം സൈബർ അസിസ്റ്റൻറ് കമീഷണർ എം.കെ. മുരളിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.