കൊണ്ടോട്ടി: കരിപ്പൂർ സ്വർണക്കടത്ത് കവർച്ചക്കേസുമായി ബന്ധപ്പെട്ട് കൊടുവള്ളി സ്വദേശി ചിന്നൻ ബഷീർ എന്ന മുഹമ്മദ് ബഷീറിനെ (47) ബംഗളൂരുവിൽനിന്ന് പ്രത്യേക അേന്വഷണസംഘം പിടികൂടി. കേസിൽ ഉൾപ്പെട്ട കൊടുവള്ളി സ്വദേശികൾക്ക് ബംഗളൂരുവിൽ ഒളിവിൽ കഴിയാനും മറ്റും സഹായം നൽകിയത് ഇയാളാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്.
ഇയാളെ ചോദ്യം ചെയ്തപ്പോഴും ഫോൺ പരിശോധിച്ചപ്പോഴും സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് ജയിലിൽ സൗകര്യം ചെയ്തുകൊടുക്കാൻ ജയിൽ ഉദ്യോഗസ്ഥരെ സ്വാധീനിച്ചതടക്കമുള്ള പല നിർണായക വിവരങ്ങളും ലഭിച്ചതായി അന്വേഷണ സംഘം പറഞ്ഞു. ബംഗളൂരു കേന്ദ്രീകരിച്ച് കൊടുവള്ളിയിലേക്ക് കുഴൽപണം കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാൾ.
ബംഗളൂരുവിലെ സേട്ടുമാരിൽനിന്ന് പണമെടുത്ത് കൊടുവള്ളിയിൽ സുരക്ഷിതമായെത്തിക്കാൻ ഒരു സംഘംതന്നെ ഇയാൾക്ക് കീഴിലുണ്ട്.
ഒരു ലക്ഷം രൂപക്ക് 100 രൂപയാണ് ഇയാളുടെ കമീഷൻ. കോടിക്കണക്കിന് രൂപയാണ് ഒരു വാഹനത്തിൽ തന്നെ ഇവർ കടത്തുന്നത്. ബംഗളൂരുവിൽ പൊലീസ് പിടികൂടുന്നവരെ ജാമ്യത്തിൽ ഇറക്കാനും ഇയാളുടെ നേതൃത്വത്തിൽ സംഘം പ്രവർത്തിക്കുന്നുണ്ട്. ബഷീറിെൻറ പേരിൽ കൊടുവള്ളി സ്റ്റേഷനിൽ കൊടുവള്ളി സ്വദേശിയെ തട്ടിെക്കാണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് കേസുണ്ട്. അന്വേഷണത്തിനും തെളിവെടുപ്പിനുമായി കസ്റ്റഡിയിൽ വാങ്ങും. ഇതോടെ ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളുടെ എണ്ണം 46 ആയി. മലപ്പുറം ജില്ല പൊലീസ് മേധാവി സുജിത്ത് ദാസ്, കൊണ്ടോട്ടി ഡിവൈ.എസ്.പി അഷറഫ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.