കൊല്ലം: ഓയൂരിൽ വീടിനു മുന്നിലെ റോഡിൽനിന്ന് അജ്ഞാതർ തട്ടിക്കൊണ്ടുപോയ ബാലികയെ കണ്ടെത്തി കുടുംബത്തിന് തിരികെയേൽപ്പിച്ച് ദിവസം ഒന്ന് പിന്നിട്ടിട്ടും പ്രതികൾ കാണാമറയത്ത്. കുറ്റക്കാരെ പൊലീസ് തിരിച്ചറിയുകയും ഒരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതായുള്ള സൂചന ചൊവ്വാഴ്ചതന്നെ പുറത്തുവന്നിരുന്നു. എന്നാൽ, ഇക്കാര്യം സ്ഥിരീകരിക്കാൻ പൊലീസ് തയാറായിട്ടില്ല. സംഭവത്തിനു പിന്നിലെ ഗൂഢാലോചന സംബന്ധിച്ച ചിത്രം വ്യക്തമാകാത്തതാണ് പൊലീസിനെ പിന്നോട്ടുവലിക്കുന്നത്.
പണത്തിനുവേണ്ടിയുള്ള തട്ടിക്കൊണ്ടുപോകൽ അല്ലെന്ന് നേരത്തേ പൊലീസ് വ്യക്തമാക്കിയിരുന്നു. സ്ഥലം നന്നായി പരിചയമുള്ളവരാണ് പ്രതികൾ. കുടുംബവുമായി എന്തെങ്കിലും തരത്തിലുള്ള ശത്രുത എന്ന സാധ്യതയിലാണ് കൂടുതൽ ശ്രദ്ധിക്കുന്നത്. ഇത്ര സമയമായിട്ടും കണ്ടെത്തി പൂട്ടാൻ പൊലീസിന് കഴിയാത്തത് നാണക്കേടായിട്ടുണ്ട്.
നഗരത്തിൽ കുട്ടിയെ എങ്ങനെ എത്തിച്ചു, കുട്ടിയെ ഉപേക്ഷിച്ച ശേഷം എങ്ങോട്ടുപോയി, താമസിച്ചത് എവിടെ, വാഹനം എന്നങ്ങനെ വിഷയങ്ങളിലാണ് സിറ്റി പൊലീസ് അന്വേഷിക്കുന്നത്. ബുധനാഴ്ച കൊല്ലം നഗരത്തിൽ പ്രതികൾ കുട്ടിയെ ഉപേക്ഷിച്ചുകടന്ന ആശ്രാമം മൈതാനത്തിന് ചുറ്റുമായിരുന്നു പൊലീസിന്റെ തിരച്ചിൽ. കുട്ടിയെ മൈതാനത്തിനരികിൽ വിട്ടിട്ട് പോയ സ്ത്രീ എങ്ങോട്ടുപോയി എന്നത് കണ്ടെത്തുകയാണ് ലക്ഷ്യം. ഇതിനായി ആശ്രാമം മൈതാനത്തിന് സമീപമുള്ള വീടുകളിലെയും സ്ഥാപനങ്ങളിലെയും ആരാധനാലയങ്ങളിലെയും ക്ലബുകളിലെയും സി.സി ടി.വി കാമറ ദൃശ്യങ്ങൾ പരിശോധിക്കുന്ന തിരക്കിലായിരുന്നു പൊലീസ്. വ്യാപകമായി സ്വിഫ്റ്റ് ഡിസയർ കാറിനായി തിരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. സംഘം സഞ്ചരിച്ച കാറിൽ പതിച്ച വ്യാജ നമ്പർ പ്ലേറ്റ് നിർമിച്ചവരെ കണ്ടെത്താനുള്ള ശ്രമവും ആരംഭിച്ചു.
നന്ദി, ലവ് യു...
കൊല്ലം: തനിക്കായി ഉറക്കമൊഴിച്ചിരുന്ന നാടിനും നാട്ടുകാർക്കും നന്ദി പറഞ്ഞ് കളിച്ചുചിരിച്ച് ആറു വയസ്സുകാരി. അപഹരിച്ചവരിൽനിന്ന് രക്ഷപ്പെട്ട് കുടുംബത്തിന്റെ സ്നേഹച്ചൂടിലേക്ക് എത്തിയ കുട്ടി കൊല്ലം വിക്ടോറിയയിലെ ആശുപത്രി മുറിയിൽ നിന്നുള്ള വിഡിയോയിൽ ആണ് നന്ദിയറിയിച്ചത്. മതാപിതാക്കളും സഹോദരനുമടങ്ങുന്ന വിഡിയോയിൽ നിഷ്കളങ്ക സ്വരത്തിൽ അവൾ പറഞ്ഞു, ‘എനിക്കുവേണ്ടി പ്രാർഥിച്ച എല്ലാവർക്കും നന്ദി. ലവ് യു...'. പിതാവ് ഉൾപ്പെടെയുള്ളവർ സമൂഹമാധ്യമം വഴി ഈ വിഡിയോ പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.