കോഴിക്കോട്: ചോക്ക്, പച്ചില, കരിക്കട്ട തുടങ്ങി പ്രകൃതിദത്തമായ വിഭവങ്ങൾകൊണ്ട് നഗരത്തിലെ തിരക്കേറിയ കോണുകളിൽ വർണ വിസ്മയമൊരുക്കുകയാണ് ഈ കലാകാരൻ. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി രാജുവാണ് പാളയം ബസ് സ്റ്റാൻഡിന്റെ ഭിത്തികളിൽ മനോഹര ചിത്രങ്ങളൊരുക്കുന്നത്.
ബസ് സ്റ്റാൻഡിനെ മനോഹരമാക്കുന്നതിന്റെ ഭാഗമായി കോർപറേഷൻ രാജുവിന് ചിത്രം വരക്കാനുള്ള സൗകര്യം ചെയ്തുകൊടുത്തിട്ടുണ്ട്. പാളയം ബസ് സ്റ്റാൻഡിന് പുറമേ കടപ്പുറത്തും മൊഫ്യൂസിൽ ബസ് സ്റ്റാൻഡിലും രാജുവിന്റെ ചിത്രങ്ങൾ ഇടംപിടിച്ചിട്ടുണ്ട്. ആദ്യകാലങ്ങളിൽ ചോക്കും കരിക്കട്ടയും ഉപയോഗിച്ച് വരയാരംഭിച്ച രാജു പെയിന്റുപയോഗിച്ച് വ്യത്യസ്ത നിറങ്ങളുണ്ടാക്കാനുള്ള വിദ്യ പഠിച്ചതോടെ പെയിന്റിലേക്ക് മാറി. പത്താം വയസ്സിൽ വീട് വിട്ടിറങ്ങിയ ചിത്രകാരന്റെ രചനകൾ കേരളത്തിലെയും തമിഴ്നാട്ടിലെയും പല ചുവരുകളിലും കാണാം.
പ്രകൃതിദൃശ്യങ്ങൾ, അവതാരങ്ങൾ, സിനിമ താരങ്ങൾ തുടങ്ങിയ എല്ലാത്തരം ചിത്രങ്ങളും രാജുവിന്റെ വിരൽത്തുമ്പിലുണ്ട്. നാട്ടുകാരെയും സഞ്ചാരികളെയും ഏറെ ആകർഷിക്കുന്ന വരകൾക്ക് പിന്നിലെ ഈ മനുഷ്യൻ രാവും പകലും കഴിച്ചുകൂട്ടുന്നത് തെരുവിലാണ്. ഈ വരകൾ കാണുന്ന സഞ്ചാരികൾ നൽകുന്ന തുട്ടുകൾ ഉപയോഗിച്ചാണ് ദൈനംദിന ചെലവുകളും വരക്കുന്നതിന്നാവശ്യമായ പെയിന്റുകളും വാങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.