തിരുവനന്തപുരം: കാളിദാസന്റെ പ്രസിദ്ധമായ അഭിജ്ഞാനശാകുന്തളത്തെ മ്യൂറൽ പെയിന്റിങ്ങിലൂടെ അത്യന്തം രമണീയമായി അവതരിപ്പിക്കുകയാണ് രാഗിണി കൃഷ്ണൻ എന്ന കലാകാരി. സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായി തൈക്കാട് ഗണേശത്തിലാണ് ഡിസംബർ പത്തുവരെ നീളുന്ന പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. അഭിജ്ഞാന ശാകുന്തളം നാടകത്തിലെ കഥസന്ദർഭങ്ങൾ 17 വലിയ കാൻവാസുകളിലായാണ് രാഗി ണി വരച്ചിരിക്കുന്നത്.
മഹാഭാരതം ആദിപർവത്തിലെ ശകുന്തളോപാഖ്യാനമാണ് കാളിദാസൻ നാടകരചനക്ക് ആധാരമാക്കിയത്. ആ ലളിതമായ ഇതിവൃത്തത്തെ ഒരു ദശാബ്ദത്തോളം നീണ്ട പ്രയ്തനത്തിലൂടെയാണ് രാഗിണി ആകർഷണീയമാക്കിയിരിക്കുന്നത്. ചിത്രകലയോടുള്ള ബാല്യം മുതൽക്കെയുള്ള അഭിനിവേശം നിരവധി ചിത്രങ്ങൾ വരക്കാനും പ്രദർശനങ്ങൾ സംഘടിപ്പിക്കാനും അവർക്ക് അവസരങ്ങൾ ഒരുങ്ങിയിട്ടുണ്ട്.
2012-13 വർഷത്തിൽ ഹൈദരാബാദ് സലാർജംഗ് മ്യൂസിയത്തിൽ ‘കൃഷ്ണാ നീ ബെഗേന ബാരോ’ (കൃഷ്ണാ നീ വേഗം വരൂ) എന്ന തലക്കെട്ടിൽ ഒരു ബൃഹത്തായ ചിത്രപ്രദർശനം സംഘടിപ്പിച്ചിരുന്നു. കന്നഡ ഭാഷയിലെ പ്രശസ്തമായ ഒരു ശാസ്ത്രീയ ഗാനമാണ് ഇതിവൃത്തം. വളരെ ആകർഷണീയമായ ഈ മ്യൂറൽ ചിത്രങ്ങൾ കാണാനും വാങ്ങാനും നിരവധിപേർ എത്തുകയും ചെയ്തിരുന്നു.
വലിയ തോതിലാണ് ഈ ചിത്രങ്ങൾ വിറ്റഴിക്കപ്പെട്ടത്. ശേഷമാണ് അഭിജ്ഞാന ശാകുന്തളത്തിലേക്കുള്ള ചിന്തകളിലേക്ക് കടന്നതും അതിനായുള്ള തുടക്കമിട്ടതും. അതാണ് 17 പെയിന്റുങ്ങകളായി ഇപ്പോൾ തലസ്ഥാനത്ത് പ്രദർശനത്തിനൊരുക്കിയിരിക്കുന്നത്.
രാഗിണിയുടെ കലാസപര്യക്ക് എല്ലാവിധ പിന്തുണയും സഹായവും ഒരുക്കുന്നത് ഭർത്താവ് കെ. കുഞ്ഞികൃഷ്ണനാണ്. ദൂർദർശൻ കേന്ദ്രത്തിലെ ആദ്യ ഡയറക്ടറായിരുന്നു. ഇരുവരും ഇപ്പോൾ വട്ടിയൂർക്കാവ് പി.ടി.പി നഗറിലാണ് തമാസം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.