ന്യൂഡൽഹി: ന്യൂഡൽഹിയിലെ ഒബ്‌റോയിയിൽ നടന്ന ലേലം ഇന്ത്യൻ സമകാലിക കലയെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമായ ഒന്നായിരുന്നു.ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും കഴിവുറ്റ ചിത്രകാരികളിൽ ഒരാളാണ് അമൃത ഷേർഗിൽ. ഷേർഗിലിന്‍റെ 'ദി സ്റ്റോറി ടെല്ലർ' എന്ന എണ്ണ ഛായാചിത്രം വിറ്റുപോയത് 61.8 കോടി രൂപയ്ക്കാണ്. ആഗോളതലത്തിൽ വിറ്റഴിക്കപ്പെടുന്ന ഏറ്റവും വിലയേറിയ ഇന്ത്യൻ കലാ സൃഷ്ടിയാണിതെന്നാണ് വിദഗ്ധർ പറയുന്നത്. ഷെർഗിലിന്റെ സൃഷ്ടികൾ 84 തവണ ലേലം ചെയ്യപ്പെട്ടിട്ടുണ്ട്. ഷെർഗിലിന്റെ 1938 ൽ വരച്ച ‘ഇൻ ദി ലേഡീസ് എൻക്ലോഷർ’ എന്ന ചിത്രം 37.8 കോടി രൂപക്കാണ് വിറ്റുപോയത്. മുംബൈ ആസ്ഥാനമായുള്ള ലേലശാലയായ സഫ്രോൺ ആർട്ടിലായിരുന്നു ചിത്രം ലേലത്തിന് വെച്ചത്.
ഈ പ്രത്യേക സൃഷ്ടിയുടെ വിൽപ്പന വിപണിയിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. ഇത്തരത്തിലുള്ള സൃഷ്ടികൾ വിൽപ്പനയ്ക്ക് വരുന്നത് വളരെ അപൂർവമാണ്. ലേലത്തിൽ ഷെർഗിലിന്‍റെ 'ദി സ്റ്റോറി ടെല്ലർ ' എന്ന ചിത്രം7.4 മില്യൺ ഡോളറിനാണ് (61.8 കോടി രൂപ) വിറ്റുപോയത്. റെക്കോർഡ് നേട്ടമാണിത്.
സയ്യിദ് ഹൈദർ റാസയുടെ 'ജസ്റ്റേഷൻ' എന്ന ചിത്രത്തിന് 51.7 കോടി രൂപ പണ്ടോലെ ലേലത്തിൽ നിന്ന് 10 ദിവസത്തിന് ശേഷമാണ് ഇത്. ലേലത്തിലൂടെ ഗാലറിക്ക് മൊത്തം 181 കോടി രൂപയാണ് ലഭിച്ചത്. ശനിയാഴ്ച രാത്രി അവസാനിച്ച ലേലത്തിലെ മറ്റ് കലാസൃഷ്ടികളിൽ, റാസയുടെ മറ്റൊരു സൃഷ്ടിയായ എർത്ത് (1986) 19.2 കോടിക്ക് വിറ്റുപോയി. ടൈബ് മേത്തയുടെ ആദ്യകാല എക്സ്പ്രെഷനിസ്റ്റ് കൃതിയായ റെഡ് ഫിഗർ 9 കോടിയ്ക്കും അക്ബർ പദംസിയുടെ പേസേജ് (1961) എന്ന ഓയിൽ ഓൺ ബോർഡ് 4.08 കോടി രൂപയ്ക്കുമാണ് വിറ്റുപോയത്.
1913 ജനുവരി 30 ന് ഹംഗറിയിലെ ബുഡാപെസ്റ്റിൽ ജനിച്ച അമൃത ഷെർഗിലിന് തന്റെ കലാജീവിതത്തിൽ ഉടനീളം പ്രയാസങ്ങൾ നേരിടേണ്ടി വന്നിരുന്നു. സ്ത്രീ ജീവിതം പ്രമേയമാക്കിയ ചിത്രങ്ങളിലൂടെ ഇന്ത്യൻ ചിത്രകലയിൽ പുതിയൊരു ഭാവുകത്വം കൊണ്ടു വരാൻ ഷെർഗിലിന് സാധിച്ചു. ഷെർഗിലിന്‍റെ ചിത്രങ്ങളിലെ സ്ത്രീകൾ സമ്പന്ന കുടുംബങ്ങളിൽ നിന്നുള്ള സുന്ദരികളായിരുന്നില്ല. മറിച്ച്, ഗ്രാമീണ സമൂഹങ്ങളിൽ നിന്നും മധ്യവർഗത്തിൽ നിന്നും താഴ്ന്ന ഇടത്തരം കുടുംബങ്ങളിൽ നിന്നുമുള്ളവരായിരുന്നു അവർ. അത് തന്നെയാണ് ഷെർഗിലിന്‍റെ ചിത്രങ്ങൾക്ക് ഇത്രത്തോളം ജനപ്രീതിയുണ്ടാക്കുന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.