മലമ്പുഴ: മനുഷ്യജീവിതത്തിന്റെ വൈവിധ്യമായ സ്പന്ദനങ്ങളെ കാൻവാസിലും ശിൽപങ്ങളിലും അവതരിപ്പിക്കുന്ന പാലക്കാട്ടെ അപൂർവ ശിൽപ-ചിത്രപ്രദർശനം ആസ്വാദകരെ ആകർഷിക്കുന്നു. ഗാന്ധിജി തന്റെ അർധനഗ്ന വേഷവുമായി നടന്നുനീങ്ങുന്നത് ഉൾപ്പെടെ ശിൽപങ്ങളും പെയിന്റിങ്ങുകളും കലാസ്വാദകരെ തൃപ്തിപ്പെടുത്താൻ പോന്നവയാണ്.
നിർമ്മിതബുദ്ധിയുടെ കാലത്ത് മാനവികതക്കും മനുഷ്യനന്മക്കും പ്രാധാന്യം നൽകുന്ന പ്രദർശനം സമകാലിക ഇന്ത്യൻ കലയെ അടയാളപ്പെടുത്തുന്നു. ഇന്ത്യയിലെ പ്രമുഖ സെറാമിക് ശിൽപി ജി. രഘുവിന്റേതുപ്പെടെ 12 ശിൽപ-ചിത്രകാരന്മാരുടെ പ്രദർശനമാണ് മലമ്പുഴ കേരള ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ നടന്നുവരുന്നത്. കുഞ്ഞു ശിൽപങ്ങൾ മുതൽ നാനാർഥഗർഭമായ ചിത്രങ്ങളും പ്രദർശനത്തിന്റെ സവിശേഷതയാണ്. പ്രമുഖ ശിൽപിയും ചിത്രകാരനുമായ കെ.എസ്. ദിലീപ് കുമാറാണ് മേളയുടെ ക്യൂറേറ്റർ. കഴിഞ്ഞ അഞ്ചുദിവസമായി വിദ്യാർഥികളും അധ്യാപകരും കലാകാരന്മാരും സാധാരണക്കാരും ഉൾപ്പെടെ നിരവധിപേർ കാണികളായി എത്തുന്നു.
ദിവസം രാവിലെ 10 മുതൽ വൈകീട്ട് ആറരവരെയാണ് പ്രദർശനം. ഗാന്ധിജി പ്ലാസ്റ്റിക് കടലാസിൽ പൊതിഞ്ഞ കൗതുകവസ്തുവായി മാറിയതിനെ സൂചിപ്പിക്കുന്ന വെങ്കലത്തിൽ കെ. രഘുനാഥൻ തീർത്ത ഗാന്ധി ശിൽപം, സാധാരണക്കാരന്റെ നിത്യജീവിതത്തെ അടയാളപ്പെടുത്തുന്ന ജി. രഘുവിന്റെ സെറാമിക് ശിൽപ്പം, കടലിന്റെ വിവിധ ഭാവങ്ങളെ പകർത്തുന്ന കെ.എസ്. ദിലീപ്കുമാറിന്റെ എണ്ണച്ചായത്തിലുള്ള കടൽ ദൃശ്യങ്ങൾ എന്നിവ പ്രദർശനത്തിലെ പ്രധാന ആകർഷണങ്ങളാണ്.
‘ബിറ്റ് വീൻ മീ ആൻഡ് മൈൻഡ്’ എന്ന വിഷയത്തിലാണ് പ്രദർശനം. പ്രദർശനം സൗജന്യമാണ്. തിങ്കളാഴ്ച സമാപിക്കും. ആതിരബിന്ദുരാജ്, കെ.എസ്. ദിലീപ് കുമാർ, ലക്ഷ്മി സുദർശനൻ, മനു മാധവൻ, മുഹമ്മദ് റിയാസ്, പ്രശാന്ത്, പ്രവീൺ കൃഷ്ണ, രമേശ്, സജിത് സുഗതൻ, ഷനോജ് എന്നിവരുടെ ചിത്ര ശിൽപങ്ങൾക്കൊപ്പം ഗ്രാഫിക് പ്രിൻറുകളും പ്രദർശനത്തിൽ ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.