താമരക്കുടി ശിവവിലാസം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ ഹരികുമാറിന്റെ നേതൃത്വത്തിൽ ഒരുപറ്റം അധ്യാപകർ ചേർന്നാണ് സ്കൂൾ സിലബസിലുള്ളതുള്ളൽ പാട്ടുകൾ വേദിയിലവതരിപ്പിച്ച് ദൃശ്യാവിഷ്കാരം ഡിജിറ്റൽ വിഡിയോ ആയി ചിത്രീകരിച്ചിരിക്കുന്നത്.
കുഞ്ചൻ നമ്പ്യാരെക്കുറിച്ച് കേട്ടിട്ടുണ്ടാകും സ്കൂൾ വിദ്യാർഥികൾ. പ്രൈമറി ക്ലാസ് മുതൽ തുള്ളൽ പഠിക്കുന്നുണ്ട് അവർ. എന്നാൽ, അതിൽ എത്രപേർ നേരിൽ ഈ കലാരൂപം കണ്ടുകാണും? അതിനവരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല; കാണാനുള്ള അവസരം തീരെ കുറവാണ് എന്നതാണ് യാഥാർഥ്യം. ഈയൊരവസ്ഥക്ക് മാറ്റമുണ്ടാകണമെന്ന ആഗ്രഹത്തിലാണ് താമരക്കുടി ശിവവിലാസം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ ഹരികുമാറിന്റെ നേതൃത്വത്തിൽ ഒരുപറ്റം അധ്യാപകർ ചേർന്ന് സ്കൂൾ സിലബസിലുള്ള തുള്ളൽ പാട്ടുകൾ വേദിയിലവതരിപ്പിച്ച് അതിന്റെ ദൃശ്യാവിഷ്കാരം ഡിജിറ്റൽ വിഡിയോ ആയി ചിത്രീകരിച്ചിരിക്കുന്നത്.
ഈ ദൃശ്യാവിഷ്കാരം സൗജന്യമായി കേരളത്തിലെ എല്ലാ വിദ്യാർഥികളിലേക്കും എത്തിക്കുകയാണ് ഇവരുടെ ലക്ഷ്യം. കേരളത്തിൽ ആദ്യമായാണ് സ്കൂൾ പാഠഭാഗങ്ങളെ ആസ്പദമാക്കി തുള്ളലിന്റെ വിഡിയോ ചിത്രീകരണം നടത്തുന്നത്. ക്ലാസുകളിൽ പഠിക്കാനുള്ള തുള്ളൽഭാഗങ്ങൾ സാധാരണ വേദികളിൽ അഭിനയിക്കുന്നതല്ല എന്ന പ്രത്യേകതയുമുണ്ട്. മൂന്നാം ക്ലാസിലാണ് കുട്ടികൾ ആദ്യമായി തുള്ളൽ പാട്ട് പഠിക്കുന്നത്, ‘എലിയും പൂച്ചയും’ എന്ന പാഠം. നാലിൽ ‘ഊണിന്റെ മേളം’, ആറാം ക്ലാസിൽ ‘മയന്റെ മായാജാലം’, എട്ടാം ക്ലാസിൽ ‘കിട്ടും പണമെങ്കിലിപ്പോൾ’, പ്ലസ് ടുവിന് ‘കൊള്ളിവാക്കല്ലാതൊന്നും’ എന്നീ പാഠഭാഗങ്ങളാണ് തുള്ളൽ പാട്ടുകളായി കേരള സിലബസിൽ പഠിക്കാനുള്ളത്. ഇത്രയും പാഠഭാഗങ്ങൾ യഥാർഥ തുള്ളൽ രൂപമായി വേഷത്തോടെയും അതത് വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയും വേദിയിലവതരിപ്പിച്ച്, അത് ഷൂട്ട് ചെയ്താണ് കുട്ടികളുടെ പഠന സൗകര്യത്തിനായി ഉപയോഗിക്കുന്നത്.
ഒരുകാലത്ത് ക്ഷേത്രോത്സവങ്ങളിലും മറ്റും പ്രധാന ഇനമായിരുന്ന തുള്ളൽ ഇന്ന് പേരിനു മാത്രമേ പൊതുവേദികളിൽ കാണാറുള്ളൂ. അതുകൊണ്ടുതന്നെ കുട്ടികൾക്ക് കാണാനുള്ള അവസരവും വിരളം. പിന്നെയുള്ളത് സ്കൂൾ കലോത്സവങ്ങളാണ്. അവിടെയും താൽപര്യമുള്ള വളരെ കുറച്ച് കുട്ടികൾ മാത്രം. എന്നാൽ, ക്ലാസ് പഠനത്തോടൊപ്പം ഇതിന്റെ ദൃശ്യരൂപം അവതരിപ്പിക്കപ്പെട്ടാൽ എല്ലാ കുട്ടികൾക്കും കാണാനുള്ള അവസരമാകും. ഓരോ പാഠഭാഗത്തിന്റെയും സാഹിത്യം, അഭിനയ പ്രത്യേകത തുടങ്ങിയവയൊക്കെ വിവരിച്ച്, തുള്ളൽ പ്രസ്ഥാനത്തെക്കുറിച്ചുള്ള പൊതുവിവരങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ളതാണ് ഓരോ വിഡിയോയും.
പാഠം പഠിക്കുന്നതുകൊണ്ട് മാത്രം ഒരു കുട്ടിയും ഈ കലാരൂപത്തെക്കുറിച്ച് ഒന്നും മനസ്സിലാക്കുന്നില്ല എന്ന തിരിച്ചറിവിൽനിന്നാണ് ഇങ്ങനെയൊരു സംരംഭത്തിനിറങ്ങിത്തിരിച്ചതെന്ന് താമരക്കുടി സ്കൂളിലെ അധ്യാപകനും പ്രോജക്ട് കോഓഡിനേറ്ററുമായ ഹരികുമാർ പറയുന്നു. വിഖ്യാത തുള്ളൽ കലാകാരനും കേരള കലാമണ്ഡലം അവാർഡ് ജേതാവുമായ താമരക്കുടി കരുണാകരൻ മാസ്റ്ററുടെ ചെറുമകളും തുള്ളൽ കലാകാരിയുമായ ഹരിചന്ദനയാണ് തുള്ളൽ പാട്ടുകൾ തുള്ളലിന്റെ മൂന്ന് വ്യത്യസ്ത ശൈലികളിൽ അവതരിപ്പിക്കുന്നത്.
മൂന്നെണ്ണം ഓട്ടൻതുള്ളലും ഒന്ന് പറയൻ തുള്ളലും മറ്റൊന്ന് ശീതങ്കനുമാണ്. വിഡിയോ പൂർണമായും കാണുന്നവർക്ക് തുള്ളലിലെ ഈ മൂന്ന് രീതികളും അവയുടെ വ്യത്യാസവും മനസ്സിലാക്കാനും കഴിയും. അഭിനേതാവ് തന്നെയാണ് തുള്ളൽപാട്ട് വേദിയിൽ പാടുന്നത്. എന്നാൽ സ്റ്റേജിൽ മറ്റൊരാൾ ഓരോ വരിയും ഏറ്റുചൊല്ലും. ഇവിടെ ഇങ്ങനെ പാടുന്നത് അധ്യാപകരാണ്. മറ്റ് വിവരണങ്ങൾ നൽകുന്നതും അധ്യാപകരാണ്.
കേരളത്തിലെ എല്ലാ വിദ്യാർഥികൾക്കും ഇതിന്റ പ്രയോജനം ലഭിക്കാനായി പൊതുവിദ്യാഭ്യാസ വകുപ്പിന് വിഡിയോ സമർപ്പിക്കാനൊരുങ്ങുകയാണ് അധ്യാപകർ. അനീഷ്, അനൂപ് കുമാർ, വിമൽ എം. നായർ, ആനയടി രാകേഷ്, അഞ്ജന, കവിത, ബിൻഷ, ആതിര എന്നീ അധ്യാപകരും കലാകാരന്മാരായ താമരക്കുടി രാജശേഖരൻ, താമരക്കുടി കെ.ആർ. വിജയകുമാർ, എൻ. അജികുമാർ , സൂരജ് ശാസ്‌താംകോട്ട, രതീഷ് താമരക്കുടി, സുരാജ് പുത്തൂർ, അജിത്ത് നെല്ലിക്കുന്നം എന്നിവരും ഈ സംരംഭത്തിന്റെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ല വിദ്യാഭ്യാസ ഓഫിസർ ആർ. എസ്. സുരേഷ് ബാബുവാണ് മാർഗനിർദേശം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.