ദുബൈ: ലോകത്താകമാനം ഏറെ ആരാധകരുള്ള അറബ് കലാരൂപമായ കലിഗ്രഫിക്ക് മാത്രമായി ദുബൈയിൽ ബിനാലെ ഒരുങ്ങുന്നു. ദുബൈ കൾച്ചർ ആന്റ് ആർട്സ് അതോറിറ്റി (ദുബൈ കൾചർ)യുടെ നേതൃത്വത്തിലെ പ്രഥമ ബിനാലെ ഒക്ടോബർ 1ന് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. അറബ് പൈതൃകത്തിന്റെ ഭാഗമായ കലയെ ലോകത്തിന് പരിചയപ്പെടുത്തുകയും കലാകാരൻമാരെ ആഘോഷിക്കുകയുമാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
കാലിഗ്രാഫിയുടെ വൈവിധ്യമാർന്ന ശൈലികൾ പരിചയപ്പെടുത്താൻ പ്രാദേശികവും അന്തർദേശീയവുമായ വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള 200ലധികം കലാകാരന്മാർ ബിനാലെയിൽ ഒത്തുചേരും. 20 ലധികം വേദികളിലായി 15ലേറെ എക്സിബിഷനുകളാണ് ബിനാലെയിലുണ്ടാവുക.
പരമ്പരാഗത ശൈലി മുതൽ സമകാലിക ശൈലികൾ വരെ പ്രദർശനത്തിൽ ഉൾപ്പെടും. എട്ടിലധികം ഭാഷകളിലെ കലാരൂപങ്ങളും പ്രദർശിപ്പിക്കും. കാലിഗ്രാഫിക്കൊപ്പം ആഭരണങ്ങൾ, ശിൽപങ്ങൾ, തുണിത്തരങ്ങൾ എന്നിവയിലെ രചനാ വൈഭവങ്ങൾക്കും ബിനാലെയിൽ ഇടമുണ്ടാകും. പ്രമുഖർ പങ്കെടുക്കുന്ന 100ലധികം സെഷനുകളും വർക്ക്ഷോപ്പുകളും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുമുണ്ട്.
പ്രശസ്ത കലാകാരന്മാർ, കാലിഗ്രാഫർമാർ തുടങ്ങിയവർ സെഷനുകൾ നയിക്കും. ലോകമെമ്പാടുമുള്ള കാലാകാരൻമാർക്ക് അവരുടെ സൃഷ്ടികളും അനുഭവങ്ങളും പങ്കുവെക്കാൻ ഒരുക്കുന്ന ക്രിയേറ്റീവ് പ്ലാറ്റ്ഫോമാണ് ദുബൈ കാലിഗ്രഫി ബിനാലെയിലൂടെ ലക്ഷ്യമിടുന്നതെന്ന് പരിപാടിയുടെ പ്രോജക്ട് മാനേജർ ഫാത്തിമ അൽ ഖുറാഷി പറഞ്ഞു.
ദുബൈ എക്സ്പോ സിറ്റി, മുഹമ്മദ് ബിൻ റാശിദ് ലൈബ്രറി, സുൽത്താൻ ബിൻ അലി അൽ ഒവൈസ് കൾച്ചറൽ ഫൗണ്ടേഷൻ തുടങ്ങിയ കൂട്ടായ്മകളും 300-ലധികം റീട്ടെയിൽ, ഡൈനിങ്, ഫാഷൻ ആഗോള ബ്രാൻഡുകളും ബിനാലെയുമായി സഹകരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.