റിയാദ്: പരിശീലനം ലഭിക്കാത്ത ഒരാളുടെ വരയാണെന്ന് ഫസ്ന ഷെറിന്റെ ചിത്രങ്ങൾ കാണുന്ന ഒരാളും വിശ്വസിക്കില്ല. അത്രമേൽ മനോഹരമാണ് ഓരോ ചിത്രവും. റിയാദിലെ ഖലീജിൽ താമസിക്കുന്ന ഈ കണ്ണൂർ മട്ടന്നൂർ സ്വദേശിനിയുടെ ചിത്രങ്ങൾ ഓരോന്നും കാഴ്ചക്കാരെ വിസ്മയിപ്പിക്കാറുണ്ട്. ചിത്രകലയോട് കുട്ടിക്കാലം മുതൽ കമ്പമുണ്ടെങ്കിലും കോവിഡ് കാലത്താണ് ഈ സപര്യയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
യൂട്യൂബിലെ ചിത്രകല പഠനങ്ങളും പ്രവാസ ചിത്രകാരി ഷംലി ഫൈസലിന്റെ ചിത്രരചനാരീതിയും കണ്ട് മനസ്സിലാക്കിയാണ് തന്നിലെ സർഗശേഷിയെ പരിപോഷിപ്പിച്ചത്. കഴിഞ്ഞ രണ്ടര വർഷത്തിനിടക്ക് 50ഓളം ജീവൻ തുടിക്കുന്ന പോർട്രേറ്റ് ചിത്രങ്ങൾക്ക് ഫസ്ന ഷെറിൻ ജന്മം നൽകി. സുഹൃത്തുക്കൾ, അധ്യാപകർ, കുടുംബാംഗങ്ങൾ തുടങ്ങിയവരെ ആയിരുന്നു ആദ്യം വരച്ചത്.
സുഹൃത്തുക്കളുടെയും കുടുംബങ്ങളുടെയും പൂർണ പിന്തുണയും പ്രോത്സാഹനവും ലഭിച്ചതോടെ വരയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി. ഒരു ചിത്രം പൂർത്തിയാക്കാൻ നാലും അഞ്ചും വരെ ദിവസം എടുക്കാറുണ്ടെന്ന് ഫസ്ന പറയുന്നു. ദിവസം രണ്ടോ മൂന്നോ മണിക്കൂർ ഇതിനായി മാറ്റിവെക്കും. പ്രവാസത്തിലെ ഒഴിവുസമയങ്ങളാണ് ചിത്രരചനക്കായി മാറ്റിവെക്കുന്നത്.
കളർ പെൻസിൽ ഉപയോഗിച്ചാണ് കൂടുതൽ ചിത്രങ്ങളും വരക്കുന്നത്. ഇതിന് പുറമെ അറബിക് കാലിഗ്രഫിയിലും പെയിൻറിങ്ങിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ചിത്രങ്ങളുടെ മികവ് കാരണം ഫസ്നയുടെ ചിത്രങ്ങൾ സ്വന്തമാക്കിയ നിരവധി പേരുണ്ട് റിയാദിൽ. സൗദിയുടെ സ്ഥാപകൻ, ഭരണാധികാരി തുടങ്ങിയവരെ വരക്കാനുള്ള തയാറെടുപ്പിലാണ് ഫസ്ന ഷെറിൻ ഇപ്പോൾ. മുസ്തഫ, സറീന ദമ്പതികളുടെ മൂന്നു മക്കളിൽ രണ്ടാമത്തെയാളാണ് ഈ കലാകാരി.
റിയാദിലെ മെർക്ക് എന്ന കമ്പനിയിൽ ഐ.ടി ഉദ്യോഗസ്ഥനായ സുഹൈൽ കൂടാളിയാണ് ജീവിത പങ്കാളി. അദ്ദേഹത്തിന്റെ പ്രോത്സാഹനം ചിത്രരചനക്ക് ഏറെ ഗുണം ചെയ്യുന്നതായി ഫസ്ന പറയുന്നു. കണ്ണൂർ ഇരിട്ടി മഹാത്മ ഗാന്ധി കോളജിൽനിന്ന് ബി.ബി.എ പഠനം പൂർത്തിയാക്കിയ ശേഷമാണ് പങ്കാളിയോടൊപ്പം പ്രവാസത്തിലേക്ക് വന്നത്. സഹോദരങ്ങളായ ബുസ്തന, മിൻഹ എന്നിവർ ഫസ്നയുടെ വരകൾക്ക് പിന്തുണയുമായി രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.