ചെറുതുരുത്തി: തുള്ളൽ മത്സരത്തിനിടെ തലകറങ്ങി വീണെങ്കിലും ഫലം വന്നപ്പോൾ രണ്ടാം സ്ഥാനം നേടിയതിന്റെ സന്തോഷത്തിലാണ് ഡോ. ആര്യകൃഷ്ണ. കേരള കലാമണ്ഡലത്തിൽ രണ്ടു ദിവസമായി നടക്കുന്ന സംസ്ഥാനതല തുള്ളൽ ചൊല്ലിയാട്ട മത്സരത്തിനിടെയാണ് ഇവർ തലകറങ്ങി വീണത്.
രക്ഷിതാക്കളെയും സംഘാടകരെയും കാണികളെയും ഇത് അഞ്ച് മിനിറ്റോളം വിഷമത്തിലാഴ്ത്തി. എന്നാൽ, ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ ആര്യ കണ്ണുതുറക്കുകയും സംസാരിക്കുകയും ചെയ്തതോടെ ആശ്വാസമായി. തുടർന്ന് ഫലം വന്നപ്പോഴാണ് ഇത് സന്തോഷത്തിലേക്ക് വഴിമാറിയത്.
കോഴിക്കോട് വടകര വില്യാപ്പള്ളി കേച്ചേരി വീട്ടിൽ രാധാകൃഷ്ണന്റെയും കാർത്തികയുടെയും മകളാണ്. സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. ദന്തഡോക്ടറായ ശേഷം തുള്ളൽ ചൊല്ലിയാട്ടം നിർത്തിവെച്ചിരിക്കുകയായിരുന്നു.
ആശാൻ പുന്നശ്ശേരി പ്രഭാകരൻ പറഞ്ഞതിനെത്തുടർന്നാണ് മത്സരത്തിൽ പങ്കെടുത്തത്. മത്സരം തുടങ്ങുമ്പോൾതന്നെ അസ്വസ്ഥത ഉണ്ടായെന്നും അതെല്ലാം സഹിച്ചാണ് തുള്ളൽ അവതരിപ്പിച്ചതെന്നും അവസാനഘട്ടത്തിൽ തലകറങ്ങി വീഴുകയായിരുന്നെന്നും ഡോ. ആര്യ പറഞ്ഞു. ചടങ്ങിൽ കലാമണ്ഡലം ഗോപിനാഥ പ്രഭ മെമന്റോയും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.