തൃശൂർ: നാരായണൻകുട്ടി വല്ലത്തിന് വയസ് 95. 16ാം വയസിൽ വരച്ചുതുടങ്ങിയതാണ്. ഇനിയും വരച്ച് കൊതി തീർന്നിട്ടില്ല. ഇപ്പോഴും കാൻവാസ് കിട്ടിയാൽ നാരായണൻകുട്ടി ശരിക്കും കുട്ടിയാകും. തൃശൂർ ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ നടക്കുന്ന ഇദ്ദേഹത്തിന്റെ ചിത്രപ്രദർശനം വൈവിധ്യത്താൽ ശ്രദ്ധേയമാണ്. ‘വിടപറയും മുമ്പേ’ എന്നാണ് ചിത്രപ്രദർശനത്തിന് പേര് നൽകിയിരിക്കുന്നത്.
കൊടുങ്ങല്ലൂർ വല്ലത്ത് വിദ്വാൻ ടി.കെ രാമൻ മേനോന്റെയും പാറുക്കുട്ടി അമ്മയുടെയും മകനാണ്. അച്ഛൻ പണ്ഡിതനും എഴുത്തുകാരനുമായിരുന്നു. 70ലധികം പുസ്തകങ്ങൾ രചിച്ച പ്രതിഭയായിരുന്നു അദ്ദേഹം.
സിനിമയോടും ചിത്രരചനയോടുമായിരുന്നു നാരായണൻകുട്ടിക്ക് ചെറുപ്പം മുതലേ കമ്പം. ഫോട്ടോഗ്രഫിയും ഇഷ്ടമേഖലയായിരുന്നു. കൊടുങ്ങല്ലൂർ ഹൈസ്കൂളിൽ പഠിക്കുന്ന കാലത്തുതന്നെ ചിത്രം വരക്കുമായിരുന്നു. പഠനശേഷം ഇന്ത്യൻ നേവിയിൽ ജോലിക്ക് ചേർന്നു. മുംബൈയിലായിരുന്നു ജോലി. ഒഴിവുസമയം പാഴാക്കിയില്ല.
മുംബൈ ജെ.ജെ സ്കൂൾ ഓഫ് ആർട്സിൽ സായാഹ്ന കോഴ്സിന് ചേർന്നു. ചിത്രരചന പരിശീലനത്തിനൊപ്പം സിനിമ സംവിധാനം, തിരക്കഥ രചന എന്നിവയിലും പഠനം പൂർത്തിയാക്കി. അതിനിടെയാണ് കൊച്ചിൻ നേവൽ ബേസിലേക്ക് സ്ഥലംമാറ്റമായത്.
സിനിമ മോഹങ്ങൾക്ക് വീണ്ടും ചിറക് മുളച്ചു. പി. ഭാസ്കരൻ, വൈപ്പിൻ ചന്ദ്രശേഖരൻ നായർ, ദേവരാജൻ മാസ്റ്റർ, അർജുനൻ മാഷ് എന്നിവരുമായെല്ലാം സൗഹൃദമാകുന്നത് കൊച്ചിയിലെ ഔദ്യോഗിക ജീവിതത്തിനിടയിലാണ്. രാരിച്ചൻ എന്ന പൗരൻ, ഡോക്ടർ, ഒരേ ഭൂമി ഒരേ രക്തം, കറുത്ത പൗർണമി, തേൻമുള്ളുകൾ എന്നീ സിനിമകൾക്കായി പ്രവർത്തിച്ചു. സിനിമകാലത്തും വരക്കുമായിരുന്നു.
ഈ കാലത്താണ് ലണ്ടൻ ഹൈ കമീഷണറേറ്റിലേക്ക് ജോലി ലഭിച്ചത്. 1972 മുതൽ 1978 വരെ അവിടെ ജോലി ചെയ്തു. സിനിമാജീവിതം അവിടെ അവസാനിച്ചു. പിന്നെ കാൻവാസിലേക്ക് മടങ്ങി. ഇതിനകം നൂറുകണക്കിന് ചിത്രങ്ങൾ വരച്ചു. അതിൽനിന്ന് തെരഞ്ഞെടുത്തവയാണ് പ്രദർശനത്തിന് എത്തിച്ചത്. ആലവട്ടം, കൊന്ന പൂക്കുമ്പോൾ, ആദിവാസി സഹോദരികൾ, ആലസ്യം എന്നിവയടക്കം എല്ലാം മിഴിവുള്ള ചിത്രങ്ങൾ.
പേരക്കുട്ടി ശാലിനിയാണ് സഹായി. മകൾ മാലിനിക്കും മരുമകൻ ജയചന്ദ്രനുമൊപ്പം ഗുരുവായൂർ വെള്ളാട്ട് ലൈനിലെ ’സൂര്യകാന്തി’യിലാണ് താമസം. മകൻ അജിത്ത് കുടുംബവുമായി ദുബൈയിലാണ്. ചിത്രപ്രദർശനം കാണാൻ അജിത്തും എത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.