കൊല്ലം: അരങ്ങിൽ കാലകേയവധം കഥകളി പുരോഗമിക്കുകയാണ്. കഥകളിയുടെ തൗര്യത്രികഭംഗി തികഞ്ഞ ആട്ടക്കഥയാണ് കാലകേയവധം. പ്രമാണലക്ഷണങ്ങളൊത്ത അപൂർവം ആട്ടക്കഥകളിലൊന്ന്. അവതരിപ്പിക്കുന്നത് എട്ടാംതരം വിദ്യാർഥി ദുർഗ. അരങ്ങുനിറഞ്ഞ് ആടിത്തകർത്തപ്പോൾ അധികം കാത്തിരിക്കാതെ തന്നെ എ ഗ്രേഡിന്റെ സന്തോഷവും.
തൊട്ടുപിന്നാലെ, കഥകളി ഗ്രൂപ്പിനും എ ഗ്രേഡ്. മൂന്നാം വയസ്സിൽ ആരംഭിച്ചതാണ് നൃത്തപഠനം. കരുനാഗപ്പള്ളി ജോൺ എഫ് കെന്നഡി സ്കൂളിലെത്തിയതോടെയാണ് ദുർഗ സുരേഷിന്റെ കഥകളി മോഹങ്ങൾക്ക് ചിറക് മുളക്കുന്നത്. കൽപ്പടവ് തൊഴിലാളിയായ സുരേഷിനും രമ്യക്കും ആ കലാകൗതുകത്തിന് കൂട്ടുചേരുകയല്ലാതെ വഴിയില്ലായിരുന്നു. ആദ്യം ഗ്രൂപ്പിലും തുടർന്ന്, തനിയെയും കഥകളിയിലേക്ക്. കഥകളിയെന്നാൽ അത്രമേലിഷ്ടമെന്ന് പറയും ഇപ്പോൾ ദുർഗ. കൂടുതൽ പഠിക്കണം, പരിശീലിക്കണം. നിലവിൽ കലാമണ്ഡലം എം. കൃഷ്ണപ്രസാദിനു കീഴിലാണ് പരിശീലനം.
മകളുടെ മോഹങ്ങൾക്ക് ചിറക് നൽകാൻ ഒരുകുടുംബം അത്രമേൽ ഒപ്പം നിൽക്കുന്നതാണ് കാഴ്ച. തുച്ഛമായ പണം മിച്ചം പിടിച്ചും കടംവാങ്ങിയുമൊക്കെയാണ് കൊല്ലത്തെത്തിയത്. പണവും സഹനവുമല്ല, കലക്കൊപ്പം നിൽക്കുന്നതിന്റെ സന്തോഷമാണ് വലുതെന്ന് പറയും സുരേഷും രമ്യയും. കലാമണ്ഡലത്തിൽ ചേർന്ന് പഠനം തുടരണമെന്നാണ് ദുർഗയുടെ ആഗ്രഹം. കഥകളി ഇനങ്ങൾക്കു പുറമെ, മോഹിനിയാട്ടത്തിലും ചവിട്ടുനാടകത്തിലും ദുർഗ മത്സരിച്ചിരുന്നു.
കൊല്ലം: ‘കുട്ടികളെ പരിശീലിപ്പിച്ച് വേദിയിൽ എത്തിക്കുമ്പോൾ കിട്ടുന്ന സന്തോഷം പറഞ്ഞറിയിക്കാനാകില്ല. അവരെല്ലാം വിജയം സ്വന്തമാക്കുമ്പോൾ ഇരട്ടി മധുരവും’ തൃശൂർ കയ്പമംഗലം സ്വദേശി വിൻഷാദ് വാഹിദിന്റെ വാക്കുകളാണിത്. സംസ്ഥാന കലോത്സവത്തിൽ വിൻഷാദ് എത്തിയത് 100 കുട്ടികളുമായാണ്. ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗം ദഫ്മുട്ടിൽ അഞ്ചു വീതം ടീമുകളാണ് വിൻഷാദിന്റെ പരിശീലനത്തിൽ ഉണ്ടായിരുന്നത്. അവരെല്ലാം എ ഗ്രേഡും സ്വന്തമാക്കി. ദഫ്മുട്ടിന് സ്റ്റേജിൽ കയറുമ്പോൾ കിട്ടുന്ന ആവേശം എത്ര പറഞ്ഞാലും മറ്റൊരാൾക്ക് മനസ്സിലാകില്ലെന്ന് സ്കൂൾ കലോത്സവത്തിൽ 2005ൽ സംസ്ഥാനതലത്തിൽ മത്സരിച്ച് ഫസ്റ്റ് എ ഗ്രേഡ് ലഭിച്ച വിൻഷാദ് പറയുന്നു.
ഇക്കൊല്ലം 100 കുട്ടികളുമായാണ് കൊല്ലത്തിന്റെ മണ്ണിൽ കാലുകുത്തിയത്. എച്ച്.എസ് വിഭാഗത്തിളിൽ തിരുവനന്തപുരം നെല്ലിമൂട് എച്ച്.എസ്.എസ്, കൊല്ലം ചാത്തന്നൂർ സ്കൂൾ, ആലപ്പുഴ വടുതല ജമാഅത്ത് എച്ച്.എസ്.എസ്, കാസർകോട് പീലിക്കോട് ഗവ.എച്ച്.എസ്.എസ്, തൃശൂർ പാവറട്ടി സെന്റ് ജോസഫ് എച്ച്.എസ്.എസ് എന്നിവിടങ്ങളിലെ കുട്ടികൾക്കാണ് ദഫ്മുട്ടിന്റെ താളം പകർന്നത്.
18 കൊല്ലമായി മാപ്പിള കലയിലെ ദഫ്മുട്ട്, അറബനമുട്ട് പരിശീലകത്തിൽ സജീവമാണ്. എല്ലാ വർഷവും സംസ്ഥാന സ്കൂൾ, യൂനിവേഴ്സിറ്റി, സി.ബി.എസ്.ഇ കലോത്സവങ്ങളിൽ വിദ്യാർഥികളെ പരിശീലിപ്പിക്കുന്നു. പരിശീലനങ്ങൾക്കായി 20 പേരടങ്ങുന്ന സംഘമാണ് വിൻഷാദിനൊപ്പമുള്ളത്. ദഫ്മുട്ടിന്റെ പ്രധാന ഘടകമായ ബൈത്തിലും അതിന്റെ ആലാപനമികവിലുമാണ് വിൻഷാദിന്റെ ശിഷ്യർ വേറിട്ടുനിൽക്കുന്നത്. ദഫ്മുട്ടിൽ പിഎച്ച്.ഡി ചെയ്യുന്നുമുണ്ട്. 2017-18ൽ സംസ്ഥാന സർക്കാറിന്റെ മാപ്പിളകലാ അക്കാദമി ഫെലോഷിപ്പും നേടി. തന്റെ ഉപജീവനമാർഗം കലയിലൂടെ കണ്ടെത്താൻ ശ്രമിക്കുകയാണ് വിൻഷാദ്. ദറജ എന്ന പേരിൽ വിൻഷാദിന്റെ ആർട്സ് അക്കാദമി തൃശൂർ കയ്പമംഗലത്ത് പ്രവർത്തിക്കുന്നുമുണ്ട്.
കൊല്ലം: അമ്മക്കും അച്ഛനും വേണ്ടിയാണ് സംഹിത നൃത്തം പഠിക്കാൻ തുടങ്ങിയത്. അവരുടെ ഇഷ്ടം പോലെ പേരെടുത്ത നർത്തകിയാവണമെന്നാണ് സംഹിതയുടെ ആഗ്രഹവും. ആ സ്വപ്നത്തിലേക്കുള്ള യാത്രയിലാണ് കായംകുളം ജോൺ എഫ്. കെന്നഡി മെമ്മോറിയൽ വി.എച്ച്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി. കൊല്ലം കരുനാഗപ്പള്ളി സീബ് ഹോട്ടൽ ജീവനക്കാരനായ സുനിൽ കുമാറിന്റെയും ആശ വർക്കറായ അനിതയുടെയും ഇളയ മകളാണ്. തങ്ങൾക്ക് കിട്ടുന്ന തുച്ഛമായ വരുമാനവും മകളാഗ്രഹിക്കുന്നത്രയും പഠിപ്പിക്കാനുള്ള മനസ്സുമാണ് ആ വലിയ ജീവിതസ്വപ്നത്തിലേക്കുള്ള ഈ കുടുംബത്തിന്റെ ഏക നിക്ഷേപം. പ്രാരബ്ധങ്ങൾക്കിടയിലും മകളുടെ നൃത്തപഠനം മുടക്കിയിട്ടില്ല.
സംഹിതയുടെ കഴിവിൽ വിശ്വാസമർപ്പിച്ച കലാധ്യാപകരും ഇവർക്കു കൂട്ടായുണ്ട്. കഷ്ടപ്പാടുകളേറെയാണെങ്കിലും മകളിലൂടെ എത്തുന്ന അംഗീകാരങ്ങളും സന്തോഷനിമിഷങ്ങളുമാണ് ഇവർക്ക് പ്രതീക്ഷയേകുന്നത്. മൂത്തമകൻ അരുൺകുമാർ രണ്ടുമാസം മുമ്പാണ് ജോലി തേടി സൗദിയിൽ പോയത്. ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും അഞ്ജു സുരേഷും കേരളനടനത്തിൽ ആർ.എസ്. രശ്മിയുമാണ് അധ്യാപകർ. കഴിഞ്ഞ വർഷം ഭരതനാട്യത്തിൽ സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടിയിരുന്നു. ഞായറാഴ്ച നടക്കുന്ന ഭരതനാട്യത്തിലും സംഹിത മത്സരിക്കുന്നുണ്ട്. നൃത്തത്തിൽ ഡോക്ടറേറ്റ് ആണ് സംഹിതയുടെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.