ജയിച്ചുമുന്നേറി കോളനികൾ അടക്കിവാണിരുന്ന ബ്രിട്ടീഷുകാർക്ക് ഒന്നാം സ്വാതന്ത്ര്യസമരത്തിന് 77 വർഷം മുമ്പ് തോൽവിയുടെ കയ്പ് അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. തമിഴ്നാട് ശിവഗംഗയിലെ റാണിയായിരുന്ന വേലുനാച്ചിയാരുടെയും സേനാപതി കുയിലിയുടെയും മുന്നിലായിരുന്നു അത്. എന്നാൽ, നാടിനുവേണ്ടി ജീവിതം സമർപ്പിച്ച ആ വനിതകളുടെ ജീവിതവും പോരാട്ടവും എവിടെയും അടയാളപ്പെടുത്തിയില്ല. പക്ഷേ, ഇന്ന് ആ ചരിത്രം കലയുടെ മേലങ്കിയണിഞ്ഞ് സമൂഹത്തിലേക്ക് തിരികെയെത്തുകയാണ്
ദലിത്-സ്ത്രീ പോരാട്ടങ്ങളിൽ തോൽവി സമ്മതിച്ച ചരിത്രമുണ്ട് ബ്രിട്ടീഷ് പട്ടാളത്തിന്. ജയിച്ചുമുന്നേറി കോളനികൾ അടക്കിവാണിരുന്ന ബ്രിട്ടീഷുകാർക്ക് ഒന്നാം സ്വാതന്ത്ര്യസമരത്തിന് 77 വർഷം മുമ്പ് തോൽവിയുടെ കയ്പ് അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. തമിഴ്നാട് ശിവഗംഗയിലെ റാണിയായിരുന്ന വേലുനാച്ചിയാരുടെയും സേനാപതി കുയിലിയുടെയും മുന്നിലായിരുന്നു അത്. എന്നാൽ, നാടിനുവേണ്ടി ജീവിതം സമർപ്പിച്ച ആ വനിതകളുടെ ജീവിതവും പോരാട്ടവും എവിടെയും അടയാളപ്പെടുത്തിയില്ല. അത് പഠിക്കാനോ പഠിപ്പിക്കാനോ ആരും തയാറായതുമില്ല.
സ്വാതന്ത്ര്യാനന്തര കാലത്തെ ഇന്ത്യൻ അപസർപ്പക കഥകളുടെ പുതുചരിത്രമെഴുത്തുകാർ ദലിത് സമുദായത്തിൽ ജനിച്ച കർഷകരുടെ മകളായ കുയിലിയെക്കുറിച്ചോ ‘‘മൻസനേ പാക്കാമേ സാതിയെ പാക്കാവങ്കൾക്ക് എൻ അരമനയിൽ അല്ലെ ഇന്ത ശിവഗംഗയ് ദേശത്തിലെ ഇടം കെടയാത്... വെളിയേ പോ’’ എന്ന് ഉറക്കെ പറഞ്ഞ് സ്വന്തം രാജകൊട്ടാരത്തിൽനിന്ന് ജാതി-മത യാഥാസ്ഥിതികരെ ആട്ടിപ്പുറത്താക്കിയ മഹാറാണിയെക്കുറിച്ചോ ഓർക്കാത്തതിൽ അത്ഭുതപ്പെടാനില്ല. പക്ഷേ, ഇന്ന് ആ ചരിത്രം കലയുടെ മേലങ്കിയണിഞ്ഞ് സമൂഹത്തിലേക്ക് തിരികെയെത്തുകയാണ്.
ഫ്ലോട്ടിങ് തിയറ്ററിന്റെ സ്ഥാപകനും നാടകകൃത്തും തിരക്കഥാകൃത്തുമായ കോഴിക്കോട്ടെ കലാകാരൻ ബിച്ചൂസ് ചിലങ്ക ‘വീരത്തായി’ എന്ന ഡോക്യുഡ്രാമയിലൂടെയാണ് ഈ വീരചരിതം അരങ്ങിലെത്തിക്കുന്നത്. അരങ്ങ് അതിജീവനത്തിന്റേതുകൂടിയാണെന്ന് തെളിയിക്കുകയാണ് ബിച്ചൂസ് ചിലങ്കയും കുയിലിക്കും വേലുനാച്ചിയാർക്കും ജീവൻനൽകി അരങ്ങിൽ നിറഞ്ഞാടുന്ന മകൾ ചിന്നൂസ് ചിലങ്കയും.
2022ലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഡൽഹിയിൽ നടന്ന പരേഡിൽനിന്ന് പുറത്താക്കപ്പെട്ട രണ്ട് പ്ലോട്ടുകളുണ്ടായിരുന്നു. ഒന്ന്, കേരളം അവതരിപ്പിച്ച ശ്രീനാരായണ ഗുരുവിന്റെ പ്ലോട്ട്. രണ്ടാമത്തേത് വേലുനാച്ചിയാരുടെയും കുയിലിയുടെയും രൂപങ്ങൾ ഉൾപ്പെടുത്തിയ തമിഴ്നാടിന്റെ പ്ലോട്ട്. 1857ലെ പോരാട്ടത്തിനും മുമ്പ് നടന്ന ശിവഗംഗയിലെ യുദ്ധവിജയം ഭരണകർത്താക്കൾ മറവിയിലേക്ക് തള്ളിവിടുകയാണ്.
തന്റെ ശരീരം സ്വയം അഗ്നികുണ്ഡമാക്കി ബ്രിട്ടീഷ് ആയുധപ്പുര കത്തിച്ച് ചാമ്പലാക്കിയ അധികമാരും അറിയാതെപോയ ഒരു വീരചരിത്രമുണ്ട് കുയിലിക്ക്. ‘വീർത്തലപതി’ (ധീരയായ കമാൻഡർ/വീരമഗൈ, ധീരവനിത) എന്നാണ് കുയിലിയെ വിശേഷിപ്പിക്കുന്നത്. അരുന്ധതിയാർ എന്ന പട്ടികജാതി വിഭാഗത്തിൽ പിറന്ന കുയിലി ‘വളരി’ എന്ന ആയുധ പ്രയോഗത്തിൽ വിദഗ്ധയായിരുന്നു.
രാജദമ്പതികളായ മാന്നാർ സെല്ലമുത്തു സേതുപതിയുടെയും ശാകന്ധിമുതലിന്റെയും മകളായി രാംനാട്ടിലാണ് വേലുനാച്ചിയാർ ജനിച്ചത്. വളരി, ചിലമ്പം, കുതിരസവാരി, അമ്പെയ്ത്ത് തുടങ്ങിയ ആയോധന കലകൾ ഉൾപ്പെടെ നിരവധി പോരാട്ടരീതികളിൽ നാച്ചിയാർ പരിശീലനം നേടിയിരുന്നു. നിരവധി ഭാഷകളിൽ പണ്ഡിതയായിരുന്നു അവർ. ശിവഗംഗയിലെ രാജാവായ മുതുവടുഗനാഥൂരിനെ വിവാഹം കഴിച്ചു. അവർക്ക് ഒരു മകളുമുണ്ടായിരുന്നു.
കുയിലി കുടഞ്ചാവടിയിൽ സെമ്മൻ ജാതിയിൽ പറയർ കുടുംബത്തിലാണ് ജനിച്ചത്. അവളുടെ അമ്മയും ധീരതക്ക് പേരുകേട്ടവളായിരുന്നു. വേലുനാച്ചിയാരുടെ ജീവൻ പലതവണ രക്ഷപ്പെടുത്തിയ ആളാണ് കുയിലി. ബ്രിട്ടീഷുകാർക്കെതിരായ യുദ്ധത്തിൽ മരിച്ച വേലുനാച്ചിയാരുടെ വളർത്തുപുത്രിയുടെ സ്മരണക്കായി ‘ഉദയാൽ’ എന്ന പേരിൽ ഒരു വനിതാ സൈന്യം രൂപവത്കരിച്ചിരുന്നു.
കുയിലിയുടെ വിശ്വസ്തതയും ധീരതയും കണ്ട് അവളെ സൈന്യത്തിന്റെ വനിതാ വിഭാഗം കമാൻഡർ ഇൻ ചീഫ് ആയി നിയമിച്ചു. പിന്നീടവൾ രാജ്ഞിയുടെ ശിവഗംഗാ പര്യവേക്ഷണത്തിൽ പ്രധാന പങ്കും വഹിച്ചു. 1796ൽ രോഗം ബാധിച്ചാണ് വേലുനാച്ചിയാർ മരിക്കുന്നത്. മഹാറാണി വേലുനാച്ചിയാർ സാധാരണ ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിച്ച് റാണിയായെങ്കിൽ കുയിലിയാവട്ടെ സാധാരണ ജനങ്ങൾക്കിടയിൽ ജനിച്ച് ജീവിച്ച് മരിച്ച പെൺകരുത്തായിരുന്നു.
വർഷം 1772. ആർക്കോട്ട് നവാബും ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ബ്രിട്ടീഷ് സൈന്യവും ഒന്നിച്ച് ശിവഗംഗ ആക്രമിച്ചു. കാളയാർ കോവിൽ യുദ്ധം എന്നറിയപ്പെടുന്ന ഈ യുദ്ധത്തിൽ അവർ മുതുവടുഗനന്തൂരിനെ വധിച്ചു. ഈ സമയത്ത് വേലുനാച്ചിയാർ അവിടെനിന്ന് രക്ഷപ്പെട്ട് ശിവഗംഗയിലെ മരുതു സഹോദരന്മാരുടെയും മറ്റ് ചില ശക്തരായ സുഹൃത്തുക്കളുടെയും സഹായത്തോടെ ദിണ്ടുഗലിൽ താമസിച്ചു. ദിണ്ടുഗലിൽ ചെലവഴിച്ച വർഷങ്ങളിൽ അവർ സഖ്യമുണ്ടാക്കുകയും ബ്രിട്ടീഷുകാരോട് പ്രതികാരം ചെയ്യാൻ പദ്ധതിയിടുകയും ചെയ്തു.
1780ൽ, മൈസൂരിലെ സുൽത്താൻ ഹൈദരാലിയുടെ സഹായത്തോടെ സൈന്യത്തെ ഉപയോഗിച്ച് ശത്രുക്കൾക്കെതിരായ ആക്രമണത്തിന് വേലുനാച്ചിയാർ നേതൃത്വം നൽകി. ഒപ്പം ചിന്നമരുതിന്റെ നേതൃത്വത്തിൽ വാൾപ്പടയും രൂപവത്കരിച്ചിരുന്നു. ഉദയാൽ പടയുടെ നേതൃത്വം റാണി നൽകിയിരുന്നത് കുയിലിക്കായിരുന്നു. രാജ്ഞിയുടെ ചാരന്മാരിൽ ഏറ്റവും സമർഥയായിരുന്നു അവൾ.
യുദ്ധത്തിൽ വിജയിച്ച് രാജ്യം തിരിച്ചുപിടിച്ച വേലുനാച്ചിയാർ ഒരിക്കൽകൂടി ശിവഗംഗയിലെ രാജ്ഞിയായി. പിന്നെ റാണി മരിക്കുന്നതുവരെ ബ്രിട്ടീഷുകാർക്ക് ശിവഗംഗയിൽ പ്രവേശിക്കാൻ ധൈര്യം ഉണ്ടായിരുന്നില്ല. തനിക്കൊപ്പം രാജ്യം കാക്കാൻ കൂടെ നിന്ന് പോരാടിയ സൈന്യത്തിലെ ദലിതരെയാണ് അവർ പിന്നീട് അധികാരം ഏൽപിച്ചത്. മരണശേഷം മരുദ് സഹോദരങ്ങളെ തോൽപിച്ച് വീണ്ടും ബ്രിട്ടീഷുകാർ അവിടെ ആധിപത്യം ഉറപ്പിക്കുകയായിരുന്നു.
കേരള സംഗീത നാടക അക്കാദമിയുടെ സഹകരണത്തോടെ പ്രവർത്തിക്കുന്ന ഫ്ലോട്ടിങ് തിയറ്ററിന്റെ സ്ഥാപകൻ, തിരക്കഥാകൃത്ത്, നാടകകൃത്ത്, സംവിധായകൻ, നടൻ, ലൈറ്റ് ഡിസൈനർ, സംഘാടകൻ എന്നീ നിലകളിൽ 32 വർഷത്തിലേറെയായി പ്രവർത്തിച്ചു വരുന്നയാളാണ് ബിച്ചൂസ് ചിലങ്ക. ഫ്ലോട്ടിങ് തിയറ്ററിന്റെ ബാനറിൽ 56ഓളം നാടകങ്ങൾ രചിക്കുകയും സംവിധാനം ചെയ്യുകയും അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ‘‘കുയിലിയുടെയും വേലുനാച്ചിയാരുടെയും വീരചരിത്രത്തെ അണിയറയിൽ കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ നേരിട്ട ഒരുപാട് ചോദ്യങ്ങളുണ്ട്.
അതിലൊന്ന്, കേരളത്തിലുള്ള നിങ്ങൾ എന്തിനാണ് തമിഴ്നാട്ടിലെ ചരിത്രം പറയുന്നത് എന്നതായിരുന്നു. അതിന് ഉത്തരം ഒന്നേ ഉള്ളൂ, മറവിയിലേക്ക് തള്ളിയിടേണ്ടതല്ല ശിവഗംഗാ ചരിത്രം. പെണ്ണിന്റെ ചരിത്രം പറയാൻ മടിക്കുന്ന ഒരു ജനത ഇന്നോ ഇന്നലെയോ ഉണ്ടായതല്ല. കാലാകാലങ്ങളായി അതങ്ങനെയാണ്. വെറും മിത്തുകളിൽനിന്നോ വാമൊഴികളിൽനിന്നോ ലഭിച്ച അറിവിന്റെ ചുവടുപിടിച്ചല്ല ചരിത്രത്തെ നാടകമാക്കിയത്. കൃത്യമായ വിവരാന്വേഷണത്തിലൂടെയും പഠനത്തിലൂടെയുമാണ്’’ -ബിച്ചൂസ് പറയുന്നു.
എസ്.എൻ. കലയ് വരദൻ എഴുതിയ ‘വീര തമിഴിച്ചി വേലുനാച്ചിയാർ’, ഡോ. എസ്.എൻ. കമൽ എഴുതിയ ‘സീർമിശു ശിവഗംഗ സീമ’, കെ. ജീവഭാരതി എഴുതിയ ‘വേലുനാച്ചിയാർ’, എം. രാജേന്ദ്രൻ എഴുതിയ ‘മാന്നാർ നിറവി’, എം. ബാലകൃഷ്ണൻ എഴുതിയ ‘ശിവഗംഗയി നഗർ തോൺട്രിയ വർലാട്രൂ’, തിരുവരഗ രാസൻ എഴുതിയ ‘വീരമംഗയി വേലുനാച്ചിയാർ’, ലെനിൻ രാസ പാണ്ഡി എഴുതിയ ‘കുയിലി ഇരമണി വേലുനാച്ചിയാരിൻ പാടയ് ദലപതി’ തുടങ്ങിയ പുസ്തകങ്ങളെല്ലാമായിരുന്നു ഈ നാടകത്തിന്റെ പ്രധാന വിവര സ്രോതസ്സെന്ന് അദ്ദേഹം പറയുന്നു.
സംഭവങ്ങൾക്ക് സാക്ഷിയായ ശിവഗംഗാ കൊട്ടാരം, കാളിയാർ കോവിൽ, കുഞ്ചാവടി ഗ്രാമം, മാതാ മധുരയ്, കുയിലി-വേലുനാച്ചിയാർ സ്മൃതിമണ്ഡപം, ഡിണ്ടിഗൽ കോട്ട, രാമനാഥപുരം കൊട്ടാരം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചും ആളുകളിൽനിന്നും വിവരങ്ങൾ ശേഖരിച്ചുമാണ് ഈ വീരചരിതം നാടകമായി മാറിയത്. തിരയാട്ട പരിശീലനം -ഭരതൻ ആശാൻ, വസ്ത്രലങ്കാരം, ചമയം -ആദർശ് അപ്പൂസ്, വാദ്യം - ഗണേഷ് ബാബു, സുധീർ, സൂരജ് ചൂട്ടുകളി -അനന്ദു, അഭിനവ്, ചാവ് പാട്ട് -ഏകദശി (ശിവഗംഗ -മധുരയി), സിലബം -രാജ രാജ ചോളൻ സിലമ്പാട്ട ഗ്രൂപ് (തഞ്ചാവൂർ) തുടങ്ങിയവരും നാടകത്തിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്നു.
കേന്ദ്ര സർക്കാർ പ്ലോട്ട് നിരോധിച്ചതു മുതൽ ഇതുതന്നെ നാടകമായി അവതരിപ്പിക്കണം എന്ന് ഉറപ്പിച്ചിരുന്നു ചിന്നൂസ്. തുടർന്നുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ല. കുയിലിയായും വേലുനാച്ചിയാരായും ആർക്കോട്ട് നവാബായും സ്മിത്തായും അവൾ അരങ്ങിൽ നിറഞ്ഞാടി. ‘‘വേലുനാച്ചിയാർ കുയിലിയെ ചേർത്തുപിടിച്ചപ്പോൾ അവിടത്തെ പ്രജകൾ പറഞ്ഞത് അവൾ ദലിത് പെൺകുട്ടിയാണെന്നാണ്. അതെതിർക്കുകയും, പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിർബന്ധം എന്ന് ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്ത റാണിയെ നമുക്ക് മറക്കാൻ സാധികുമോ? കുയിലിയോ വേലുനാച്ചിയരോ അല്ല എന്റെ പ്രചോദനം, മറിച്ച് അവരുടെ ഐഡിയോളജിയാണ്’’ -ചിന്നൂസ് പറയുന്നു.
നെയ്താരി, അംഗത്താരി, കോൽതാരി എന്നിങ്ങനെ ഒരോന്നും മെല്ലെ മെയ് വഴക്കത്തിലെത്തുന്ന ഉറുമി ഒരാഴ്ചകൊണ്ട് പഠിച്ചെടുത്ത അനുഭവം നിർവൃതിയോടെയാണ് ചിന്നൂസ് ഓർത്തെടുക്കുന്നത്. ആദ്യം അരങ്ങിലെത്തിയത് സോളോ ആയിട്ടായിരുന്നു. റിഹേഴ്സലിന് സമയം നന്നേ കുറവായിരുന്നു. കഠിനാധ്വാനവും ആത്മവിശ്വാസവും അരങ്ങിലെത്തിച്ചു. പാലക്കാട്ട് നടന്ന പി.ജെ. ആന്റണി അനുസ്മരണ സമ്മേളനത്തിലായിരുന്നു ആദ്യമായി സോളോ ചെയ്തത്.
സംസ്കാരത്തിന്റെയും, രൗദ്രഭാവത്തിന്റെയും സൂചകമായ തെയ്യത്തെ ഡോക്യുഡ്രാമയിലൂടെ അവതരിപ്പിച്ചപ്പോൾ ഗംഭീര ദൃശ്യവിരുന്ന് തന്നെ ജനങ്ങൾക്ക് ലഭിച്ചു. കോഴിക്കോട്ട് നാടകം അവതരിപ്പിച്ചപ്പോൾ പ്രകടനം കണ്ട തമിഴ്നാട്ടിലെ വാർത്താസംഘമാണ് ചിന്നുവിനെ കുയിലി ജനിച്ച നാട്ടിലേക്കും ഒപ്പം വേലുനാച്ചിയാർ നടന്ന പാതയിലേക്കും എത്തിച്ചത്. അവിടെ നിന്ന് ലഭിച്ച പുസ്തകങ്ങളിലൂടെ കുയിലിയെ അവൾ കൂടുതൽ അറിഞ്ഞു.
അമ്മ കലാക്ഷേത്ര പുരസ്കാരം, നടക് ഓണനിലാവ് പുരസ്കാരം, 2020- ടീം ആർട്സ് ചെന്നൈ മെഡിമിക്സ് അവാർഡ്, കോഴിക്കോട് ശാന്താദേവി പുരസ്കാരം, ഭാവന പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ ചിന്നൂസിനെ തേടിയെത്തിയിട്ടുണ്ട്.
ഡോക്യുമെന്ററികളുടെയും നാടകത്തിന്റെയും സങ്കര രൂപമാണിത്. യഥാർഥ സംഭവങ്ങളുടെ വസ്തുനിഷ്ഠമായ പ്രതിനിധാനമെന്നും പുനരാവിഷ്കരണമെന്നും ഇതിനെ വിശേഷിപ്പിക്കാം. സിനിമകളിൽനിന്ന് വ്യത്യസ്തമായി ദൃശ്യ അനുഭവങ്ങളിലൂടെ ആസ്വാദകരുമായി പെട്ടെന്ന് സംവദിക്കാൻ ഡോക്യുഡ്രാമകൾക്ക് സാധിക്കും. ഒരേസമയം സ്ക്രീനിലും, സ്റ്റേജിലുമായി അവതരണം നടത്തുന്ന ‘വീരത്തായി’യിൽ തമിഴ്, മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകൾ ഉപയോഗിച്ചിട്ടുണ്ട്.
ആഗോളവത്കരണം, സ്ത്രീ വിമോചനം, സമത്വം, ബാലവേല, യുദ്ധവും-മനുഷ്യത്വവും, വംശീയത, പലായനം, ദയാവധം, സ്ത്രീ, സദാചാര പൊലീസിങ്, പട്ടിണി, അരാഷ്ട്രീയത, സോഷ്യലിസം എന്നീ വിഷയങ്ങൾ ചർച്ച ചെയ്ത് സാമൂഹിക പുരോഗതിയുടെ നാവാകുകയാണ് ഫ്ലോട്ടിങ് തിയറ്ററിലൂടെ ബിച്ചൂസും സഹപ്രവർത്തകരും.
2016ൽ കോഴിക്കോട് നടന്ന യു.ടി.എ നാടക മത്സരത്തിൽ ബിച്ചൂസ് രചനയും സംവിധാനവും നിർവഹിച്ച നാടകം ഫ്ലോട്ടിങ് തിയറ്ററിലൂടെ പ്രദർശിപ്പിച്ചിരുന്നു. സമകാലിക രാഷ്ട്രീയ നാടക സങ്കൽപങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ച് തെരുവ് അവതരണങ്ങൾക്കായി ‘ചെഗുവേര സ്ട്രീറ്റ് തിയറ്റർ ഗ്രൂപ്’ എന്ന പേരിൽ ഒരു ഗ്രൂപ്പും രൂപവത്കരിച്ചു. മികച്ച സംവിധായകൻ, തിരക്കഥ, മികച്ച അവതരണം, മികച്ച ജനപ്രിയ നാടകം ഉൾപ്പെടെ നാല് അവാർഡുകളും കരസ്ഥമാക്കി. 2017ൽ ‘മണ്ണിര’ എന്ന നാടകത്തിന് മികച്ച രചനക്കുള്ള ഭരത് പി.ജെ. ആന്റണി ദേശീയ അവാർഡ് നേടിക്കൊടുത്തു.
2020ൽ രചിച്ച് സംവിധാനം ചെയ്ത ‘ഇരുട്ട്’ എന്ന നാടകം മികച്ച നടി, മികച്ച രചന, മികച്ച പ്രകടനം, മികച്ച സംവിധായകൻ, മികച്ച പ്രകടനം എന്നീ നാല് അവാർഡുകൾ നേടി. 1920 മുതൽ 1946 വരെയുള്ള കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങളെയും കർഷക സമരങ്ങളെയും അടയാളപ്പെടുത്തുന്ന ‘ഉടപ്പിറപ്പ്’ എന്ന ചരിത്ര സിനിമയുടെ രചനയും സംവിധാനവും നിർവഹിക്കുകയാണ് ബിച്ചൂസ് ഇപ്പോൾ.
‘കലയിലൂടെ സാംസ്കാരിക വിദ്യാഭ്യാസം’ എന്നതാണ് ഫ്ലോട്ടിങ് തിയറ്ററിന്റെ ടാഗ് ലൈൻ. നാടകപ്പുര, താളപ്പുര, ബോധനംപുര, ജീവനംപുര, ആട്ടപ്പുര, ചലച്ചിത്രപ്പുര എന്നിങ്ങനെ വേർതിരിച്ചാണ് തിയറ്ററിന്റെ ജൈത്രയാത്ര. അറിയപ്പെടാതെ പോയ ചരിത്രത്തെയും സാമൂഹിക തിന്മകളെയും ജനങ്ങളിലെത്തിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നവർക്കുള്ളതാണ് ഇവരുടെ ഓരോ ഫ്ലോട്ടിങ് പ്ലാറ്റ്ഫോമും. സഹപ്രവർത്തകരുമായി ഫ്ലോട്ടിങ് തിയറ്റർ അതിന്റെ ജൈത്രയാത്ര തുടരുകതന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.