പുതിയ രൂപത്തിലും ഭാവത്തിലും മാഡം തുസാർഡ്സ് വീണ്ടും ഇന്ത്യയിൽ; മ്യൂസിയം തുറന്നത് ഈ നഗരത്തിൽ

പ്രമുഖരുടെ മെഴുക് പ്രതിമകൾ സ്ഥാപിച്ച് പ്രശസ്തരായ മ്യൂസിയ ശൃഘലയാണ് മാഡം തുസാർഡ്സ്. ലോകത്താകമാനം 23 കേന്ദ്രങ്ങളിലാണ് മാഡം ടുസാഡ്സ് മ്യൂസിയങ്ങൾ ഉളളത്. ഇന്ത്യയില്‍ 2017ല്‍ ഡല്‍ഹിയിലെ റീഗല്‍ തീയറ്ററില്‍ ആരംഭിച്ച കേന്ദ്രം പിന്നീട് കോവിഡാനന്തര പ്രശ്നങ്ങളെത്തുടർന്ന് 2020 ഡിസംബറിൽ അടച്ചുപൂട്ടിയിരുന്നു. ഇപ്പോൾ വീണ്ടും രാജ്യത്ത് ഈ മെഴുക് പ്രതിമാ മ്യൂസിയം തുറന്നിരിക്കുകയാണ്. നോയിഡയിലെ ഡി.എല്‍.എഫ് മാളിലാണ് പുതിയ കേന്ദ്രം പ്രവർത്തിക്കുക.

ഡി.എല്‍.എഫ് മാളില്‍ നാലാം നിലയിൽ സ്ഥിതി ചെയ്യുന്ന 16000 അടി വിസ്തീര്‍ണത്തിലുളള കെട്ടിടത്തില്‍ 50 ഓളം മെഴുകു പ്രതിമകളാണ് ഒരുക്കിയിരിക്കുന്നത്. ഡപ്രശസ്ത വ്യക്തിത്വങ്ങളുടെ ജീവൻതുടിക്കുന്ന മെഴുകു പ്രതിമകളാണ് ഇവിടേയ്ക്ക് കാഴ്ച്ചക്കാരെ ആകര്‍ഷിക്കുന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ള പ്രശസ്ത വ്യക്തികളുടെ പ്രതിമകൾ ഇവിടെയുണ്ട്. കായികം, രാഷ്ട്രീയം, വിനോദം തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിച്ചവരാണ് മ്യൂസിയത്തിൽ പ്രദർശനത്തിലുള്ളത്.


ബോളിവുഡ് നടന്മാരായ ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, അമിതാഭ് ബച്ചൻ, കത്രീന കൈഫ്, മാധുരി ദീക്ഷിത് എന്നിവർ ഏറ്റവും വലിയ മുറിയിലാണ് നിരന്നുനിൽക്കുന്നത്. മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാം, മഹാത്മാഗാന്ധി, സർദാർ വല്ലഭായ് പട്ടേൽ, ഭഗത് സിങ്, സുഭാഷ് ചന്ദ ബോസ് എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മുറി പങ്കിടുന്നു.

മറ്റൊരു മുറി കായിക ഇതിഹാസങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, കപിൽ ദേവ്, മേരി കോം, വിരാട് കോഹ്ലി എന്നിവർക്കായി നീക്കിവച്ചിരിക്കുന്നു. റൊണാൾഡോ, മെസ്സി, ഉസൈൻ ബോൾട്ട് എന്നിവർക്കൊപ്പം ഹോളിവുഡ് അഭിനേതാക്കളായ വിൽ സ്മിത്ത്, ആഞ്ജലീന ജോളി, ലിയോനാർഡോ ഡി കാപ്രിയോ എന്നിവരും തങ്ങളുടെ സാന്നിധ്യം അറിയിക്കുന്നുണ്ട്.


മ്യൂസിയത്തിലെ ഒരു ഭാഗം സംഗീതത്തിനായി സമർപ്പിക്കപ്പെട്ടിരിക്കുന്നു. ഗായകരായ ആശാ ഭോസ്‌ലെ, സോനു നിഗം, ശ്രേയ ഘോഷാൽ, ലേഡി ഗാഗ, ജസ്റ്റിൻ ബീബർ എന്നിവർ അവരുടെ മിന്നും പ്രകടനത്തിൽ തല ഉയർത്തി നിൽക്കുന്നു, സക്കീർ ഹുസൈൻ ഒരു മൂലയിൽ തബലയിൽ മുഴുകിയിട്ടുണ്ട്. കുട്ടികൾക്ക് അവരുടെ പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളായ മോട്ടു-പട്‌ലുവിനെ പ്രവേശന കവാടത്തിൽ തന്നെ കാണാനുള്ള അവസരമുണ്ട്. അതേസമയം ഹാസ്യനടൻ കപിൽ ശർമ്മ, അഭിനേതാക്കളായ രൺബീർ കപൂർ, അനിൽ കപൂർ എന്നിവരും മ്യൂസിയത്തിലുണ്ട്.


ഓരോ മെഴുക് രൂപവും 3 മുതൽ 6 മാസംവരെ ഒരേസമയം ജോലി ചെയ്യുന്ന 20 അന്തർദ്ദേശീയ കലാകാരന്മാരാണ് നിർമിച്ചിരിക്കുന്നതെന്ന് മ്യൂസിയം ക്യൂറേറ്റർ പറഞ്ഞു. 'എല്ലാ പ്രതിമകളും ലണ്ടൻ സ്റ്റുഡിയോകളിൽ നിർമിച്ചതാണ്. അതാത് വ്യക്തികളുടേയോ ബന്ധുക്കളുടേയോ അന്തിമ അംഗീകാരത്തിനുശേഷമാണ് പ്രതിമകൾ മ്യൂസിയത്തിൽ എത്തുന്നത്.

മുതിർന്നവർക്ക് 960 രൂപയ്ക്കും കുട്ടികൾക്ക് 760 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റുകൾ കൗണ്ടറിലോ ഓൺലൈനിലോ ലഭ്യമാണ്. ദിവസത്തിലെ ഏത് സമയത്തും സന്ദർശകരെ പ്രവേശിക്കാൻ അനുവദിക്കുന്നതിനുള്ള സൗകര്യമുണ്ട്,


Tags:    
News Summary - Madame Tussauds marks re-entry in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.