ദമ്മാം: അഞ്ചാമത് ഖത്തർ ഇൻറർനാഷനൽ ആർട്സ് ഫെസ്റ്റിവലിൽ സൗദിയിൽനിന്ന് മലയാളി ചിത്രകാരിയും. ദമ്മാമിൽ പരസ്യ സ്ഥാപനം നടത്തുന്ന തിരൂർ, മംഗലം സ്വദേശി ചൂരപ്പിലാക്കൽ അബ്ദുറഹീമിന്റെ ഭാര്യയും ചിത്രകാരിയും എഴുത്തുകാരിയുമായ എ.കെ. ഷാബിജയാണ് പെയിന്റിങ്ങുകളുമായി പങ്കെടുക്കുന്നത്.
മാപ്സ് ഇൻറർനാഷനൽ ഡബ്ല്യു.എൽ.എല്ലിന്റെയും എക്സ്പോ 2023 ദോഹയുടെയും പങ്കാളിത്തത്തോടെ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ (കതാര) സംഘടിപ്പിക്കുന്ന കലാമേള കഴിഞ്ഞ തിങ്കളാഴ്ചയാണ് ദോഹ അൽബിദ പാർക്കിൽ ആരംഭിച്ചത്. ശനിയാഴ്ച സമാപിക്കും. 60ലധികം രാജ്യങ്ങളിൽനിന്ന് 300ലധികം കലാകാരന്മാരാണ് പങ്കെടുക്കുന്നത്.
പെയിൻറിങ്, സംഗീതം, ശിൽപം, ഫാഷൻ ഷോകൾ, കോൺഫറൻസുകൾ, ആർട്ട് വർക്ക്ഷോപ്പുകൾ തുടങ്ങിയവ 12 വിഭാഗങ്ങൾ കലാമേളയിലുണ്ട്. ഇതിൽ പെയിൻറിങ് വിഭാഗത്തിലാണ് ഷാബിജയുടെ ചിത്രങ്ങൾ തെരഞ്ഞെടുക്കപ്പെട്ടത്. വ്യത്യസ്തമായ ചിത്രരചനാശൈലികൊണ്ട് പ്രമുഖരുടെ പ്രശംസ നേടിയിട്ടുള്ള ഷാബിജയുടെ മൂന്ന് ചിത്രങ്ങളാണ് മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അണഞ്ഞ പ്രസരിപ്പിന്റെ മന്ത്രിപ്പുകൾ, റിവൈവ, വിജനതയുടെ പ്രതിധ്വനികൾ എന്നിങ്ങനെ ആകർഷകമായ ശീർഷകങ്ങൾ നൽകി, അക്രിലിക്കിൽ വരച്ച ചിത്രങ്ങളുടെ മേന്മ തിരിച്ചറിഞ്ഞ് മേളയുടെ സംഘാടകർ ക്ഷണിച്ചാണ് ഷാബിജ ദോഹയിലെത്തിയത്.
തെരഞ്ഞെടുപ്പിനായി ചിത്രങ്ങൾ ഷാബിജ അയച്ചുകൊടുക്കുകയായിരുന്നു. വിദഗ്ധരുടെ ജൂറിയാണ് ചിത്രങ്ങൾ തിരഞ്ഞെടുത്തത്. ലോകോത്തര നിലവാരത്തിലെ പ്രമുഖ ചിത്രകാരന്മാരോടൊപ്പം ഇത്രയും ശ്രദ്ധേയമായ ഒരു മേളയിൽ പങ്കെടുക്കാൻ സാധിച്ചത് ചിത്രകലാ ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമായാണ് കാണുന്നതെന്ന് ഷാബിജ പറഞ്ഞു. കോഴിക്കോട് ആർട്ട് ഗാലറിയിൽ ചിത്രപ്രദർശനം നടത്തിയിട്ടുള്ള ഷാബിജ സൗദി അരാംകോയിലും പ്രത്യേക ക്ഷണിതാവായി ചിത്രപ്രദർശനം നടത്തിയിട്ടുണ്ട്. ഐ.എസ്.ജി അമേരിക്കൻ കരിക്കുലം സ്കൂളിൽ ജേണലിസ്റ്റ്, ഐ.ടി, ചിത്രകല എന്നീ വിഷയങ്ങളിൽ അധ്യാപികയായ ഷാബിജ കഥകളും കവിതകളും എഴുതാറുണ്ട്.
ദമ്മാമിലെ കലാവേദികളിൽ സജീവ സാന്നിധ്യമാണ്. അധ്യാപികയും കരകൗശല വിദഗ്ധയുമായ ഉമ്മ കുഞ്ഞിപ്പാത്തുടീച്ചറിൽ നിന്നാവണം തനിക്ക് ചിത്രം വരക്കാനുള്ള കഴിവ് കിട്ടിയിട്ടുണ്ടാവുക എന്ന് ഷാബിജ പറഞ്ഞു. എന്റെ സ്വപ്നങ്ങളിലേക്കുള്ള യാത്രകളാണ് എന്റെ ഓരോ വരയെന്നും മറ്റുള്ളവർക്ക് വേണ്ടിയല്ല എന്റെ ആത്മസംതൃപ്തിക്ക് വേണ്ടിയാണ് വരക്കാറെന്നും അത് പലപ്പോഴും മറ്റുള്ളവരുടെ ഹൃദയങ്ങളോട് അടുത്തുനിന്ന് സംവദിക്കുന്നു എന്നത് ചിത്രരചനയിലെ വിജയമായാണ് കാണുന്നതെന്നും ഷാബിജ പറഞ്ഞു.
ഖത്തറിലെയും മറ്റ് രാജ്യങ്ങളിലെയും കലാകാരന്മാർക്കുള്ള ഏറ്റവും മികച്ച വേദിയാണ് ഈ ഫെസ്റ്റിവൽ. നിരൂപകരും അക്കാദമിക് വിദഗ്ധരും ചിത്രകലാസ്വാദകരും സമന്വയിക്കുന്നു എന്നതാണ് ഇതിെൻറ പ്രത്യേകത. ശനിയാഴ്ച വൈകീട്ട് ആറിനും രാത്രി ഒമ്പതിനും ഇടയിൽ നടക്കുന്ന അവാർഡ് വിതരണ ചടങ്ങോടെ കലാമേളക്ക് സമാപനമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.