കൽപറ്റ: മാനും മയിലും മുയലും വർണക്കിളികളും നിറഞ്ഞ ജീവൻ തുടിക്കുന്ന ചിത്രങ്ങളുമായി കാഴ്ചയുടെ വിസ്മയമൊരുക്കുകയാണ് വയനാട്ടിലെ സ്കൂൾ മതിലുകൾ. ചുമരുകളിൽ നിറഞ്ഞു നിൽക്കുന്ന വരകളുടെ പിന്നിലെ കരങ്ങൾ ഒരു യുവതിയുടേതാണ്ണെന്നറിയുമ്പോൾ ആ വിസ്മയം ഇരട്ടിയാവും.
മീനങ്ങാടി കൃഷ്ണഗിരി മംഗലത്ത് വീട്ടിൽ ബിന്ദുവിന്റെ കരവിരുതിലാണ് വയനാട്ടിലെ വിവിധ സ്കൂളുകളുടെ ചുമരുകൾ ജീവൻ തുടിക്കുന്ന ചിത്രങ്ങളാൽ വർണവിസ്മയം തീർക്കുന്നത്. പൊതുവെ സ്ത്രീകൾ കടന്നുവരാത്ത മേഖലയിലാണ് ഈ മുപ്പത്തിയൊമ്പതുകാരി.
ശ്രീധരന്റെയും പരേതയായ തങ്കത്തിന്റെയും മകളായ ബിന്ദുവിന് സർഗാത്മകമായി കിട്ടിയ കഴിവുകളാണ് ജീവൻതുടിക്കുന്ന ചിത്രങ്ങളായി മാറുന്നത്. ആരുടെ കീഴിലും ചിത്രരചന അഭ്യസിക്കാതെ തന്നെ സ്വയംപര്യാപ്തതയിൽ സ്വായത്തമാക്കിയതാണ് ഇവരുടെ കഴിവുകൾ. വരക്കുമെങ്കിലും രണ്ടു വർഷമായിട്ടേയൂള്ളൂ ഈ മേഖലയിൽ സജീവമായിട്ട്.
മ്യൂറൽ പെയിന്റിങ്ങാണ് ഇഷ്ടം. നിരവധി വീടിന്റെ സ്കൂളുകളുടെ മതിലുകളിൽ ബിന്ദുവിന്റെ വരകൾ സ്ഥാനം പിടിച്ചിട്ടുണ്ട്. വാകേരി, ബീനാച്ചി, കോളിയാടി, കോട്ടനാട്, ഭൂതാനം, കാര്യമ്പാടി എന്നി സ്കൂളുകളുടെ ചുമരിൽ ബിന്ദുവിന്റെ കരസ്പർശം പല രൂപത്തിലും ഭാവത്തിലുമാണ് പതിഞ്ഞത്.
ഇപ്പോൾ കുറുമ്പാല സ്കൂളിൽ കാർട്ടൂൺ ചിത്രമൊരുക്കുന്ന തിരക്കിലാണ് ബിന്ദു. മീനങ്ങാടി പ്രീ പ്രൈമറി സ്കൂളുകളിൽ വിദ്യാർഥികൾക്കായി ഒരുക്കുന്ന പാർക്കിന്റെ പ്രധാന ആകർഷണീയതയായി ചുമരുകളിലെ കാർട്ടൂൺ ചിത്രങ്ങൾ മാറി.
ബിന്ദുവിന് ചിത്രം വര ജീവിതമാർഗം മാത്രമല്ല; വിനോദം കൂടിയാണ്. വരുമാനത്തിലുപരി ഇഷ്ടപ്പെട്ട തൊഴിൽ ചെയ്യുക എന്ന സംതൃപ്തിയും ഇതിലൂടെ ബിന്ദു കണ്ടെത്തുന്നു. ചുമരിൽ ചിത്രം വരക്കാൻ സ്ത്രീകൾ മടിച്ചു നിൽക്കുന്ന കാലത്താണ് ബിന്ദുവിന്റെ ധൈര്യപൂർവമുള്ള കടന്നുവരവ്.
രണ്ടു മാസത്തിനിടെ നിരവധി സ്കൂളുകളുടെ ചുമരുകളിലും വീടുകളുടെ മതിലിലും ബിന്ദു ചിത്രം വരച്ചു. ഉയരമുള്ള കെട്ടിടങ്ങളിൽ കയറി നിന്ന് ചിത്രങ്ങളും കാർട്ടൂൺ ചിത്രങ്ങളും വരക്കുകയെന്നത് സ്ത്രീകളെ സംബന്ധിച്ച് പ്രയാസമാണെന്നിരിക്കെയാണ് ബിന്ദു തന്റെ ജീവിതമാർഗമായി ചിത്രം വരയെ തിരഞ്ഞെടുത്തത്.
ഒപ്പം നിത്യവരുമാനക്കാരനായ ഭർത്താവ് ഗിരീഷിനൊരു ആശ്വാസവും. മക്കളായ അക്ഷയ്, ആകാശ് എന്നിവർക്ക് മാതൃകയാവുക എന്ന ലക്ഷ്യവും ബിന്ദുവിന്റെ ചിത്രകല മുന്നേറ്റത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.