കുണ്ടറ: വിളംബരത്തിന്റെ നാട്ടിൽ കലയുടെ കൗമാരപൂരത്തിന് കൊടിയിറങ്ങി. ജില്ലയുടെ ഓവറോൾ കലാകിരീടം സ്വന്തമാക്കി കരുനാഗപ്പള്ളി ഉപജില്ല ഇത്തവണയും ‘കലനാഗപ്പള്ളി’പട്ടമണിഞ്ഞു. കലോത്സവകാഴ്ചകളുടെ ആവേശ മത്സരങ്ങൾ അവസാനിച്ച് കുണ്ടറയുടെ മണ്ണിൽ അഞ്ച് നാൾ നീണ്ട ജില്ല സ്കൂൾ കലോത്സവ പോരാട്ട വിളക്കിന്റെ തിരിതാഴ്ന്നപ്പോഴേക്കും ശനിയാഴ്ച പുലർകാലമെത്തിയിരുന്നു.
തുടക്കം മുതൽ പുലർത്തിയ മുന്നേറ്റം കൈവിടാതെകാത്ത കരുനാഗപ്പള്ളി മറ്റ് ഉപജില്ലകളെ ബഹുദൂരം പിന്നിലാക്കി കുതിച്ചതോടെ വെള്ളിയാഴ്ച രാവിലെ തന്നെ കിരീടം ഉറപ്പിച്ചിരുന്നു. മത്സരങ്ങൾ അവസാനിക്കാതെ പാതിരാത്രിയിലേക്ക് നീണ്ടപ്പോഴും ആ മുന്നേറ്റത്തിന് ഇളക്കം തട്ടിയില്ല. വെള്ളിയാഴ്ച രാത്രി 11ന് ചെണ്ടമേളം, വൃന്ദവാദ്യം മത്സരങ്ങൾ പാതിയും ബാക്കിയായിരുന്നു. അവസാന മൂന്ന് ഫലങ്ങൾ വരാനിരിക്കെ 870 പോയന്റുമായി ഒന്നാം സ്ഥാനം കരുനാഗപ്പള്ളി ഉറപ്പിച്ചു.
തൊട്ടുപിന്നാലെ 793 പോയന്റുമായി ചാത്തന്നൂരാണ് രണ്ടാം സ്ഥാനത്ത് നിന്നത്. അതേസമയം, മത്സരങ്ങൾ അവസാനിക്കുന്നത് കാക്കാതെ വെള്ളിയാഴ്ച രാത്രി 10ഓടെ നടത്തിയ സമാപന സമ്മേളനത്തിൽ കരുനാഗപ്പള്ളിക്ക് കലാകിരീടം എന്ന ഔദ്യോഗിക പ്രഖ്യാപനം നടത്തിയില്ല.
കൊടിക്കുന്നിൽ സുരേഷ് എം.പി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. മത്സരങ്ങൾ തീരുന്നതോടെ ഓവറോൾ കിരീടം സമ്മാനിക്കുമെന്ന് സംഘാടകർ വ്യക്തമാക്കി. വിവിധ വിഭാഗങ്ങളിൽ ഉറപ്പായ കിരീടങ്ങൾ വേദിയിൽ സമ്മാനിച്ചു.
എന്നാൽ, സ്കൂളുകളിൽ മികച്ചതാരെന്ന ചോദ്യത്തിന് ഉത്തരം മാറിമറിഞ്ഞുനിന്നതോടെ അവസാന നിമിഷങ്ങൾ ആകാംക്ഷയുടേതായി. പ്രധാനവേദിയായ ഇളമ്പള്ളൂർ എസ്.എൻ.എസ്.എം എച്ച്.എസ്.എസിന് മുന്നിലെ ക്ഷേത്രമൈതാന വേദി, പൂരക്കളിയുടെ പോരാട്ടമവസാനിച്ച് വെള്ളിയാഴ്ച വൈകീട്ട് നാല് മുതൽ വിജയികൾക്കായുള്ള കാത്തിരിപ്പിലായിരുന്നു.
കരുനാഗപ്പള്ളി ജോൺ എഫ്. കെന്നഡി മെമ്മോറിയൽ വി.എച്ച്.എസ്.എസും കുളക്കട വെണ്ടാർ എസ്.വി.എം.എം.എച്ച്.എസ്.എസും തമ്മിലാണ് അവസാന റൗണ്ട് ചാമ്പ്യൻ സ്കൂൾ പോരാട്ടം അരങ്ങേറിയത്. രണ്ട് പോയന്റുകളുടെ വ്യത്യാസത്തിലും മാറിയും തിരിഞ്ഞും ഇരുസ്കൂളുകളും ഇടക്ക് ഒന്നാമതെത്തിയപ്പോൾ ഒരുഘട്ടത്തിൽ രണ്ട് സ്കൂളുകൾക്കും ഒരേ പോയന്റ് എന്ന നിലയുമായി.
അവസാന മൂന്ന് പോരാട്ടങ്ങൾ നടന്നുകൊണ്ടിരിക്കെ, സമാപന സമ്മേളനം മുന്നേറവെ രാത്രി 11ന് 240 പോയന്റുമായി കരുനാഗപ്പള്ളി ജോൺ എഫ്. കെന്നഡി മുന്നിലായി. വെണ്ടാർ എസ്.വി.എം.എം 238 പോയന്റുമായി തൊട്ടുപിന്നിലും.
അവസാന റൗണ്ടിലെ പോരാട്ടചിത്രം തെളിയാതെ, കലാകിരീടം പോലും സമ്മാനിക്കാനാകാതെ അവസാനദിവസം പാതിരാത്രി വരെ കുട്ടികളും സംഘാടകരും കാത്തിരിക്കുന്ന ദുര്യോഗം ജില്ല സ്കൂൾ കലോത്സവത്തിന്റെ മാറ്റുകുറക്കുന്നതായി.
സംസ്ഥാന കലോത്സവം കൊല്ലത്ത് നടക്കുന്ന സാഹചര്യത്തിൽ, ജില്ലയിൽ പങ്കെടുക്കുന്നതിന് അവസരം ലഭിക്കാൻ ഉപജില്ലകളിൽ നിന്ന് അപ്പീലുകളിലൂടെ വലിയ തോതിൽ മത്സരാർഥികൾ വന്നതാണ് അസാധാരണമായി മത്സരങ്ങൾ ഇത്തവണ വൈകാൻ കാരണമെന്നാണ് പ്രോഗ്രാം കമ്മിറ്റിയുടെ വിശദീകരണം. ഇന്നലെ പോലും നിരവധി പേരാണ് അവസാന നിമിഷം അപ്പീലുകളുമായി വിവിധ മത്സരങ്ങളിൽ പങ്കെടുക്കാൻ എത്തിയത്. ജില്ലയിൽ 111 ഇനങ്ങളിൽ വരെ അപ്പീൽ ലഭിച്ചിട്ടുണ്ട്.
സംസ്കൃതോത്സവത്തിൽ യു.പി വിഭാഗത്തിൽ 91 പോയന്റുമായി ചാത്തന്നൂർ ഉപജില്ല ജേതാക്കളായി. എച്ച്.എസിലും 95 പോയന്റുമായി ചാത്തന്നൂർ ഒന്നാമതായി. അറബിക് കലോത്സവത്തിൽ യു.പിയിൽ 65 പോയന്റ് നേടി ചവറ ഒന്നാമതായി. എച്ച്.എസിൽ 95 വീതം പോയന്റ് നേടി കരുനാഗപ്പള്ളിയും ശാസ്താംകോട്ടയും ജേതാക്കളായി.
കുണ്ടറ: കലോത്സവങ്ങളില്‍ കലവറയില്ലാതെ പരാതി കേൾക്കുന്ന ഇടമാണ് ഭക്ഷണശാല. 26 വര്‍ഷങ്ങള്‍ക്ക് ശേഷം കുണ്ടറ കലോത്സവത്തിന് വേദിയായപ്പോള്‍ പതിവുപരാതികളിൽ നിന്ന് വ്യത്യസ്തമായി ഏറ്റവും അധികം പ്രശംസ പിടിച്ചുപറ്റിയത് ഊട്ടുപുര മാത്രം. സദ്യക്കൊപ്പം പാട്ടുസദ്യയും ഒരുക്കിയ കലോത്സവ ഊട്ടുപുര ജില്ലയില്‍ ആദ്യമാണ്. എസ്.എല്‍. സജികുമാര്‍ ചെയര്‍മാനും കെ.എസ്.ടി.എ ജില്ല ട്രഷറര്‍ വി.കെ. ആദര്‍ശ്കുമാര്‍ കണ്‍വീനറുമായ ഊട്ടുപുരയില്‍ ഗാനസദ്യക്ക് നേതൃത്വം നല്‍കിയത് ഗായികയും മുഖത്തല ബ്ലോക്ക് പഞ്ചായത്ത് വികസന സമിതി അധ്യക്ഷയുമായ ജി. സുശീലയാണ്.
ഈ വീട്ടിൽ ഡബ്ളാണ് ഫസ്റ്റ്
ഓച്ചിറ: ഞെക്കനാൽ വയനകത്ത് കൈതവനയത്ത് വീട്ടിൽ ജില്ല കലോത്സവത്തിലൂടെ എത്തിയത് ഡബ്ൾ സന്തോഷം. ഇരട്ട സഹോദരങ്ങളായ ഗൗരി രാജും ഗൗതം രാജും ഏറെ പ്രിയപ്പെട്ട സംഗീത ഉപകരണങ്ങളിലൂടെ ഫസ്റ്റ് എ ഗ്രേഡുകൾ സ്വന്തമാക്കി.
വയനകം എച്ച്.എസ് ഒമ്പതാം ക്ലാസ് വിദ്യാർഥികളാണ് ഇരുവരും. ഗൗരി എച്ച്.എസ് വയലിൻ പൗരസ്ത്യം വിഭാഗത്തിൽ ഒന്നാമതെത്തിയപ്പോൾ ഗൗതം എച്ച്.എസ് മൃദംഗത്തിലാണ് മികവ് തെളിയിച്ച് ഒന്നാമനായത്. ഇത് തുടർച്ചയായ രണ്ടാം വർഷമാണ് ഗൗതംരാജ് സംസ്ഥാനത്തേക്ക് പോകുന്നത്.
കഴിഞ്ഞവർഷം സംസ്ഥാനത്ത് എ ഗ്രേഡ് സ്വന്തമാക്കിയിരുന്നു. അഞ്ച് വർഷമായി ഇരുവരും സംഗീതഉപകരണങ്ങൾ പഠിക്കുന്നുണ്ട്. നാദസ്വരം കലാകാരിയായ അമ്മ അനിതകുമാരിയാണ് ഇവരുടെ പ്രധാന വഴികാട്ടി. പിതാവ് രാജഗോപാലൻ നായരും കലാവഴിയിൽ ഇരുവർക്കും പിന്തുണയുമായി ഒപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.