നിന്നെ കൊട്ടാരത്തിലേക്ക് കൊണ്ടുപോകാന്‍ വാഹനം വന്നിരിക്കുന്നു, വേഗം വായോ എന്ന് കൂട്ടുകാര്‍ വിളിച്ചു പറയുമ്പോള്‍ സൈദ് ഷാഫി പണിത്തിരക്കിലായിരുന്നു, ആദ്യം വിശ്വസിക്കാനായില്ല. യു.എ.ഇയിലെ എമിറേറ്റുകളിലൊന്നായ ഫുജൈറയുടെ ശൈഖ് ആണ് വിളിപ്പിച്ചിരിക്കുന്നത്. ഇട്ടിരുന്ന വസ്ത്രംപോലും മാറ്റാന്‍ സമയം നല്‍കാതെ അവര്‍ കൂട്ടിക്കൊണ്ടുപോയി. നിറഞ്ഞ സ്നേഹത്തോടെ തന്നെ ചേര്‍ത്തു പിടിച്ച് കൊട്ടാര മജ്ലിസിലുള്ളവര്ക്കു ശൈഖ് പരിചയപ്പെടുത്തി. ഇത് സെയ്ദ് ഷാഫി, എന്റെ ചിത്രം വരച്ചയാള്‍. വിവിധ നിറങ്ങളില്‍ പേന കൊണ്ട് ഡോട്ട് ചിത്രകലയില്‍ ഫുജൈറ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഷര്‍ഖിയുടെ ചിത്രമാണ് സെയ്ദ് ഷാഫി വരച്ചത്. ഈ ചിത്രം പ്രദര്‍ശനത്തിനു വച്ചപ്പോള്‍ കാണാനെത്തിയ സ്വദേശി പങ്കുവയ്ക്കുകയായിരുന്നു. തുടര്‍ന്ന് ശൈഖിന്റെ ഫോട്ടോഗ്രാഫര്‍ ജാവേദ് ആണ് സെയ്ദ് ഷാഫിയെ കൊട്ടാരത്തിലെത്തിച്ചത്. നിറയെ സമ്മാനങ്ങളും നല്‍കിയാണ് അദ്ദേഹം മടക്കിയത്.
നേട്ടങ്ങളുടെ നീണ്ട നിര തന്നെ ജീവിതത്തിലെങ്കിലും താന്‍ കടന്നുവഴികള് അത്ര സുഖകരമായിരുന്നില്ലെന്ന് സെയ്ദ് ഓര്‍ക്കുന്നു. മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ വരച്ചു തുടങ്ങിയെങ്കിലും മല്സരങ്ങളിലേക്കൊന്നും എത്തിപ്പെടാന്‍ കഴിഞ്ഞില്ല. ഒരിക്കല്‍ ടീച്ചറോട് പടം വരയ്ക്കാന്‍ പേര് ചേര്‍ക്കണമെന്നു പറഞ്ഞപ്പോള്‍, കിഴങ്ങന്മാര്ക്ക് പറഞ്ഞ പണിയല്ല ഇതെന്നായിരുന്നു മറുപടി, പഠിക്കാന്‍ അൽപം പിറകിലായിരുന്നത്രെ. പിന്നീട് അറബി പഠിപ്പിക്കുന്ന അബ്ദുല്ല മാഷാണ് മല്‍സരങ്ങളിലേക്ക് കൈപ്പിടിച്ചത്. എട്ടാം ക്ലാസില്‍ മറ്റൊരു സ്കൂളിലേക്കു മാറിയതോടെ, അവിടുത്തെ ഡ്രോയിങ് ടീച്ചര്‍ വരയുടെ ശാസ്ത്രീയ ബാലപാഠങ്ങള്‍ പകര്‍ന്നു നല്കി. സ്കൂള്‍, കോളജ് തലങ്ങളിലും ചെറിയ വരകളിലൂടെ കടന്നുപോയി.
കല്യാണങ്ങള്‍ക്കും മറ്റും സ്റ്റുഡിയോ ഫോട്ടോഗ്രാഫര്‍മാരെ സഹായിക്കാന്‍ ലൈറ്റ് ബോയി ആയി ജോലി ചെയ്തുവരവേയാണ്, പരസ്യ ഡയറക്ടറായ റിജു ജോഷിനെ പരിചയപ്പെടുന്നത്. നീ ലൈറ്റടിച്ച് ഇവിടെ കൂടേണ്ടവനല്ല, എന്റെ കൂടെ പോരെന്നായി അദ്ദേഹം. അത് സെയ്ദ് ഷാഫിയുടെ തലവര കൂടി മാറ്റി മറിച്ചു. തിങ്കള്‍ മുതല്‍ വെള്ളിവരെ, കറുത്ത ജൂതന് എന്നീ സിനിമകളുടെ ആര്‍ട്ട് ഡയറക്ടര്‍, ഉപ്പും മുളകും സീരിയലിന്റെ ആര്‍ട്ട് വിഭാഗത്തില്‍ എന്നിങ്ങനെ ജോലികളായി.
എങ്കിലും ഇതൊന്നുംകൊണ്ട് ജീവിതമാവില്ല, എന്ന തിരിച്ചറിവിലാണ് സെയ്ദ് ഷാഫി 2017ല്‍ പ്രവാസം തിരഞ്ഞെടുക്കുന്നത്. ഫുജൈറയിലെ ബില്‍ഡിങ് മെറ്റീരിയല്‍ കമ്പനിയിലാണ് ജോലി. ജോലിത്തിരക്കിനിടെ കമ്പനി ഉടമകളുടെയും മാനേജര്മാരുടെയുമൊക്കെ ചിത്രങ്ങള്‍ വരച്ചു കൊടുത്തതോടെ അവര്‍ പൂര്‍ണ പിന്തുണയും നല്കി. കമ്പനി മാനേജര്‍ പി.എ. ഹുസൈനും തന്റെ കലാവാസനയെ പരിപോഷിപ്പിക്കാന്‍ ഏറെ സഹായങ്ങള്‍ ചെയ്യുന്നു. ഇതിനിടെയാണ് യു.എ.ഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് 25200 സ്ക്രൂകള്‍ ഉപയോഗിച്ച് രാഷ്ട്ര പിതാവ് ശൈഖ് സായിദിന്റെ ചിത്രം ഒരുക്കിയത്. ഈ ചിത്രം ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടുകയും ചെയ്തു. നാലടി നീളവും മൂന്നടി വീതിയുമുള്ള ചിത്രം 29 ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. ചിത്രം യു.ആര്.എഫ് (യൂനിവേഴ്സല്‍ റെക്കോര്‍ഡ്സ് ഫോറം) ഏഷ്യന്‍ റെക്കോര്‍ഡും കരസ്ഥമാക്കി. നാട്ടികക്കാരുടെ പരിപാടിയില്‍ വച്ച് താന്‍ വരച്ച എം.എ. യൂസുഫലിയുടെ ചിത്രവും കൈമാറിയിരുന്നു. യൂസുഫലിയും സമ്മാനങ്ങള്‍ നല്കി അഭിനന്ദനം അറിയിച്ചു. പ്ലൈവുഡില്‍ കറുത്ത കളര്‍ പേന കൊണ്ട് ഡോട്ട് ചിത്രകലയിലൂടെ മക്കയുടെ വലിയ ചിത്രം വരച്ച് ലോക റെക്കോര്‍ഡ് സ്വന്തമാക്കാനുള്ള പ്രയത്നത്തിലാണ് ഇപ്പോള്‍. വര മാത്രമല്ല, കോയിന്, കറന്‍സി കളക്ഷനിലും കമ്പമുണ്ട് ഇദ്ദേഹത്തിന്. 2007ല്‍ തുടങ്ങിയ കളക്ഷനില്‍ നൂറിലധികം രാജ്യങ്ങളുടെ നാണയങ്ങളാണ് കൈവശപ്പെടുത്തിയത്.
പ്ലൈവുഡില്‍ ഷാര്‍ജ ശൈഖ് ഡോ. സുല്‍ത്താന്‍ മുഹമ്മദ് ഖാസിമിയുടെ ചിത്രവും വരച്ചു പൂര്‍ത്തിയാക്കിയിട്ടുണ്ട്. അടുത്ത ഷാര്‍ജ ബുക്ക് ഫെയറില്‍ നേരിട്ട് കൈമാറണം. മറ്റൊരു വലിയ ആഗ്രഹം കൂടിയുണ്ട് സെയ്ദ് ഷാഫിക്ക്, താന്‍ വരച്ച ശൈഖ് ഹംദാന്റെ ചിത്രമാണത്. അദ്ദേഹത്തെ നേരില്‍ക്കണ്ട് കൊടുക്കണം. ആ സ്വപ്നവും സഫലമാവുമെന്നു തന്നെയാണ് പ്രതീക്ഷ. ‘തൃശൂര്‍ മുസ്ലിംകള് ചരിത്രവും സമൂഹവും’ എന്ന ഡോ. മോയിന്‍ മലയമ്മ എഴുതിയ പുസ്തകത്തില്‍ സെയ്ദ് ഷാഫിയും ഇടം പിടിച്ചിട്ടുണ്ട്. വിവിധ എഴുത്തുകാരുടെ കഥകള്‍ക്കും കവിതകള്‍ക്കും വേണ്ടി ഇപ്പോള്‍ ചിത്രങ്ങള്‍ വരച്ചു നല്‍കുന്നുണ്ട്. ഉമ്മ ബീവിക്കുഞ്ഞി നന്നായി വരയ്ക്കുമായിരുന്നു എന്ന് അടുത്തിടെയാണ് അറിയുന്നത്. പഴയ പെട്ടി യാദൃശ്ചികമായി തുറന്നപ്പോള്‍ ഉമ്മ വരച്ച കുറേ ചിത്രങ്ങള്‍.
അത് നിധി പോലെ സൂക്ഷിച്ചുവച്ചിരിക്കുകയാണ് കുടുംബം. ഉമ്മയുടെ കലാവാസന തനിക്കും പകര്‍ന്നു കിട്ടിയതാണെന്നു കരുതാനാണ് സെയ്ദ് ഷാഫിക്കും ഇഷ്ടം. തൃശൂര്‍ കയ്പമംഗലം കൂരിക്കുഴി കൊടുവില്‍ വീട്ടില്‍ അബ്ദുല്‍ ഗഫൂറാണ് പിതാവ്. ഭാര്യ നജ്മത്ത്. മകന് സെയ്ദ് ഹംദാന്‍. സമീന, സുഹാന എന്നിവർ സഹോദരിമാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.