ശാസ്താംകോട്ട: ശാസ്താംകോട്ടയിൽ സ്കൂൾ കുട്ടികൾക്കുവേണ്ടി തുടങ്ങിയ പാർക്ക് ഓർമയായി. പാർക്ക് ഉദ്ഘാടനത്തോടനുബന്ധിച്ച് സ്ഥാപിച്ച ശിലാഫലകം ഒരു മൂലയിൽ കാണാം.
കോളജ് റോഡിന്റെ തുടക്കത്തിൽ, തടാകതീരത്ത് 1985 ഒക്ടോബറിലാണ് പാർക്ക് ഉദ്ഘാടനം ചെയ്തത്. എം.എൽ.എമാരായിരുന്ന തെന്നല ബാലകൃഷ്ണപിള്ള, കോട്ടക്കുഴി സുകുമാരൻ എന്നിവരാണ് പാർക്ക് ഉദ്ഘാടനം ചെയ്തത്. അന്ന് കലക്ടർ ആയിരുന്ന സി.വി. ആനന്ദബോസിന്റെ 'ഫയലിൽനിന്ന് വയലിലേക്ക്' പദ്ധതി പ്രകാരമാണ് പാർക്ക് തുടങ്ങിയത്. ആവശ്യമായ റവന്യൂ ഭൂമി വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിരുന്നു.
പൊലീസിന്റെയും വനംവകുപ്പിന്റെയും സഹകരണത്തോടെ ആരംഭിച്ച പാർക്കിൽ തണൽ മരങ്ങളും ചെടികളും വെച്ച് പിടിപ്പിച്ചും, മനോഹരമായി ഇരിപ്പിടങ്ങൾ തയാറാക്കിയും കുട്ടികൾക്കുള്ള അത്യാവശ്യം വിനോദ ഉപകരണങ്ങൾ സ്ഥാപിച്ചും തയാറാക്കിയ പാർക്കിൽ കുട്ടികളെ കൂടാതെ, ധാരാളം പേരായിരുന്നു എത്തിയിരുന്നത്.
ഏറെ നാൾ പാർക്കിന്റെ പ്രവർത്തനം കാര്യക്ഷമമായി നടന്നു. കാവൽക്കാരെ ഉൾപ്പെടെ നിർത്തിയാണ് പ്രവർത്തനം നടന്നതെങ്കിലും പിന്നീട് ഇതെല്ലാം നിശ്ചലമായി. ഏറെനാൾ പാർക്ക് പൂട്ടിയിട്ടതോടെ സാധനങ്ങൾ നശിക്കുകയും സാമൂഹികവിരുദ്ധർ കടത്തിക്കൊണ്ടു പോവുകയും ചെയ്തു. പാർക്കിന്റെ സ്ഥലത്ത് ബി.ആർ.സിക്ക് കെട്ടിട്ടം പണിതു. എ.ഇ.ഒ ഓഫിസ് പണിയുവാനുള്ള തയാറെടുപ്പിലാണ് അധികൃതർ. അന്ന് നട്ട തണൽ മരങ്ങൾ കൂറ്റൻ വൃക്ഷങ്ങളായി. മറ്റു ഭാഗങ്ങൾ കാടുകയറി കിടക്കുകയാണ്, ഒരു കാലത്ത് പ്രതാപത്തോടെ പ്രവർത്തിച്ച ശാസ്താംകോട്ടയിലെ പാർക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.