കോഴിക്കോട്: ‘മനസ്സിന്റെ സഞ്ചാരത്തെ പിന്തുടരുന്ന വര’ എന്ന ഏകാംഗ ചിത്രപ്രദര്‍ശനം പേരുപോലെയല്ല, അനായാസവും ലളിതവുമായ വരകളും അതിന്റെ അലയൊലികളുമാണ് നമ്മിൽ നിറക്കുന്നത്. മേഘ്ന കെ.സിയുടെ കറുപ്പിലും വെളുപ്പിലും തെളിയുന്ന ചിത്രങ്ങള്‍ രൂപരാഹിത്യത്തെക്കുറിച്ചുള്ള കാഴ്ചകളാണ്. രൂപത്തെയും രൂപരാഹിത്യത്തെയും കുറിച്ചുള്ള സംഘര്‍ഷങ്ങള്‍ എക്കാലത്തും ചിത്രകലയിലെ സുപ്രധാന ചര്‍ച്ചാവിഷയമായിരുന്നു.
ആധുനികമായ അമൂര്‍ത്തകല ഇതിന് കുറേക്കൂടി മാനങ്ങൾ നൽകി. അമൂര്‍ത്തത ജനപ്രിയ കാഴ്ച സംസ്കാരത്തില്‍നിന്ന് എപ്പോഴും അകന്നുനിന്നു എങ്കിലും കാഴ്ചയുടെ പുതുസാധ്യതകളെ മുന്നോട്ടുവെച്ചു. നാട്ടുകലയിലും നമ്മുടെ ദൈനംദിന വ്യവഹാരങ്ങളിലുമെല്ലാം ഇതിന്റെ അടരുകളും അലയൊലികളും കാണാം. കലാനിരൂപകനായ സുധീഷ് കോട്ടേമ്പ്രമാണ് മേഘ്ന കെ.സിയുടെ ‘വേര് മൈന്‍ഡ് ഗോസ്, ദി ലൈന്‍ ചെയ്സസ്’ ഏകാംഗ ചിത്രപദര്ശനം ക്യൂറേറ്റ് ചെയ്യുന്നത്.
അക്കാദമി ചെയര്പേഴ്സൻ മുരളി ചീരോത്ത് ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി എന്‍. ബാലമുരളീകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അക്കാദമി നിർവാഹകസമിതി അംഗം സുനില്‍ അശോകപുരം മുഖ്യാതിഥിയായി. ഒ.പി. സുരേഷ്, ടി.ആർ. ഉപേന്ദ്രനാഥ്, കെ. സുധീഷ് എന്നിവർ സംസാരിച്ചു. പ്രദര്‍ശനം നവംബര്‍ 14ന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.