ഒ​ല​ഫു​ർ എ​ലി​യ​സി​ന്റെ ‘ഷാ​ഡോ​സ്​ ട്രാ​വ​ലി​ങ് ഓ​ൺ ദി ​ഡേ’ ക​ലാ​സൃ​ഷ്ടി ഖ​ത്ത​ർ മ്യൂ​സി​യം​സ് ചെ​യ​ർ​പേ​ഴ്സ​ൻ ശൈ​ഖഅ​ൽ മ​യാ​സ ബി​ൻ​ത് ഹ​മ​ദ് ആ​ൽ​ഥാ​നി സ​ന്ദ​ർ​ശി​ക്കു​ന്നു

കലാസൃഷ്ടികളുമായി ഖത്തർ മ്യൂസിയം

ദോഹ: പൊതു കലാസൃഷ്ടികൾക്ക് കൂടുതൽ ജനകീയത നൽകുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂടുതൽ കലാസൃഷ്ടികൾ അനാവരണം ചെയ്ത് ഖത്തർ മ്യൂസിയം. ഏറ്റവുമൊടുവിലായി രാജ്യത്തിന്റെ വടക്കേയറ്റത്ത് സ്ഥിതിചെയ്യുന്ന അൽ സുബാറക്കും ഐൻ മുഹമ്മദിനും പുറത്തുള്ള മരുഭൂമിയിലാണ് ഖത്തർ മ്യൂസിയം ചെയർപേഴ്സൻ ശൈഖ അൽ മയാസ ബിൻത് ഹമദ് ബിൻ ഖലീഫ ആൽഥാനി പുതിയ സൃഷ്ടികൾ പ്രകാശനം ചെയ്തത്. കലാകാരന്മാരായ ഒലഫുർ എലിയസൻ, സിമോൺ ഫതൽ, ഏണസ്റ്റോ നെറ്റോ എന്നിവരാണ് ഇത് രൂപകൽപന ചെയ്തത്.

ഫിഫ ലോകകപ്പ് ഫുട്ബാളിനോടനുബന്ധിച്ച് ഹമദ് രാജ്യാന്തര വിമാനത്താവളം മുതൽ തിരക്കേറിയ സൂഖ് വാഖിഫ് വരെയുള്ള രാജ്യത്തിന്റെ പൊതുയിടങ്ങളിൽ ഖത്തർ മ്യൂസിയം സ്ഥാപിക്കുന്ന നൂറിലധികം പൊതു കലാസൃഷ്ടികളിൽ ഇവയും ഉൾപ്പെടും. ലോകകപ്പിന് മാത്രമായി 15 ലക്ഷത്തിലധികം സന്ദർശകർ ഖത്തറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഷാ​ഡോ​സ്​ ട്രാ​വ​ലി​ങ് ഓ​ൺ ദി ​ഡേ' ക​ലാ​സൃ​ഷ്ടി 

ഖത്തർ ക്രിയേറ്റ്സിന്റെ ഭാഗമായി നടന്ന പൊതു കലാസൃഷ്ടികളുടെ അനാച്ഛാദന ചടങ്ങിൽ ഒലഫുർ എലിയസനും ഏണസ്റ്റോ നെറ്റോയും പങ്കെടുത്തു. ഖത്തറിലെ സാംസ്കാരിക പ്രവർത്തനങ്ങളുടെ വൈവിധ്യം സ്ഥാപിക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന, വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന ദേശീയ സാംസ്കാരിക മൂവ്മെൻറാണ് ഖത്തർ ക്രിയേറ്റ്സ്.

ലോകത്തിലെ ഏറ്റവും ആദരണീയരായ മൂന്ന് സമകാലീന കലാകാരന്മാരുടെ മികച്ച കലാസൃഷ്ടികൾ അവതരിപ്പിക്കുന്നതോടൊപ്പം, ഖത്തറിന്റെ പൈതൃക കേന്ദ്രങ്ങളെ കൂടിയാണ് ആഘോഷിക്കുന്നതെന്നും ഖത്തർ മ്യൂസിയത്തിന് ഇത് അഭിമാന നിമിഷമാണെന്നും ചടങ്ങിൽ ശൈഖ അൽ മയാസ ആൽഥാനി പറഞ്ഞു.

യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടംനേടിയ അൽ സുബാറ, ഖത്തറിന്റെ ദേശീയ വ്യക്തിത്വവും മുത്തുവ്യാപാരത്തിന്റെ കൗതുകകരമായ ചരിത്രവും മനസ്സിലാക്കാൻ സന്ദർശകരെ സഹായിക്കുന്നതിനായി സംരക്ഷിക്കപ്പെട്ടിരിക്കുന്ന കേന്ദ്രമാണ്. ഐൻ മുഹമ്മദ് ഗ്രാമത്തിന്റെ ചരിത്രപരമായ ഘടനകൾ, ആതിഥ്യമര്യാദയുടെയും പരമ്പരാഗത കായിക വിനോദത്തിന്റെയും ഇടമായി പൊതുജനങ്ങൾക്കായി അൽ നുഐമി കുടുംബം സംരക്ഷിച്ചുപോരുകയാണ്.

ഐസ്ലാൻഡിക്-ഡാനിഷ് കലാകാരനായ ഒലഫൂർ എലിയസെൻറ 'ഷാഡോസ് ട്രാവലിങ് ഓൺ ദി ഡേ' (2022) എന്ന സൃഷ്ടിയിൽ ഭൂമിയുടെ പ്രതിഫലനമാണ് ഇതിവൃത്തം. 20 കണ്ണാടികൾ പതിപ്പിച്ച വൃത്താകൃതിയിലുള്ള ഷെൽട്ടറുകൾ, മൂന്നു ഒറ്റവളയങ്ങൾ, രണ്ട് ഇരട്ട വളയങ്ങൾ എന്നിവയാണുൾപ്പെടുന്നത്.

മഖാം ഒന്ന്, മഖാം രണ്ട്, മഖാം മൂന്ന് (2021) എന്നിവയാണ് ലബനീസ് കലാകാരനായ സിമോൺ ഫതലിന്റെ സ്മാരക ശിൽപങ്ങൾ. പ്രകൃതിദത്തവും മനുഷ്യനിർമിതവുമായ ഈ രൂപങ്ങൾ ഖത്തറിന്റെ ഭൂപ്രകൃതിയുടെയും ചരിത്രത്തിന്റെയും ആദിരൂപങ്ങളുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. സ്ലഗ് ടർട്ടിൽ, ടെമ്പിൾ എർത്ത് (2022) എന്നീ മികച്ച സൃഷ്ടികളാണ് ബ്രസീലിയൻ കലാകാരനായ ഏണസ്റ്റോ നെറ്റോയുടേത്.  

Tags:    
News Summary - Qatar Museum with works of art

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.