നന്മണ്ട: രാഷ്ട്രീയത്തിന്റെ തിരക്കുകളിൽ നിറഞ്ഞുനിൽക്കുമ്പോഴും പോയകാലത്തിന്റെ നാടക സ്മരണകൾ സജീവമാണ് റഹ്മാൻ പൂമംഗലത്തിന്റെ മനസ്സിൽ. കോഴിക്കോട് കുട്ടമ്പൂരിലെ പൂമംഗലത്ത് അബ്ദുറഹിമാനെന്ന (86) ഡി.സി.സി. നിർവാഹക സമിതി അംഗമാണ് നാടകത്തിന്റെ അകത്തളങ്ങളിലും പിന്നാമ്പുറങ്ങളിലും സജീവമായിനിന്ന കാലത്തിന്റെ തിരശ്ശീല നാടകദിനത്തിൽ ഉയർത്തുന്നത്.
നന്മണ്ട ഹൈസ്കൂളിൽ പഠിക്കുമ്പോഴാണ് അബ്ദുറഹിമാന്റെ മനസ്സിൽ നാടകമോഹം മുളക്കുന്നത്. ‘വമ്പത്തി നീയാണ് പെണ്ണ്’ എന്ന നാടകത്തിൽ പെൺവേഷം കെട്ടിയാണ് അരങ്ങേറ്റം. നാടകം സംവിധാനം ചെയ്തത് അധ്യാപകനായ കുയ്യാട്ട് കണ്ടി അമ്മതും. പിന്നീട് എം.ഐ.യു.പി സ്കൂൾ വാർഷികാഘോഷത്തിന് നാടകം അവതരിപ്പിച്ചു. മുസ് ലിം സമുദായത്തിൽപ്പെട്ടവർ കലാരംഗത്തേക്ക് കടന്നുവരാൻ മടിക്കുന്ന കാലഘട്ടത്തിലായിരുന്നു ഈ കലാകാരന്റെ രംഗപ്രവേശം. മുസ് ലിം യാഥാസ്ഥിതികത്വത്തിനെതിരെ ടി.എൻ. ചേലനാടിന്റെ ‘അവർക്കും മനസ്സിലായി’ നാടകത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനും അവസരം ലഭിച്ചു. പേരാമ്പ്ര ബ്ലോക്ക് അടിസ്ഥാനത്തിൽ നടന്ന നാടക മത്സരത്തിൽ സംവിധായകനുള്ള അവാർഡും റഹ്മാന് ലഭിച്ചു. കാരപ്പറമ്പിലെ കലാസമിതിക്കുവേണ്ടി അവതരിപ്പിച്ച നാടകത്തിന് സംസ്ഥാന അവാർഡ് ലഭിച്ചു. തിരൂർ പാരഗണിനു വേണ്ടി രചിച്ച വേഴാമ്പൽ നാടക രചനക്ക് ഒന്നാം സ്ഥാനം ലഭിച്ചു.
തിരൂർ പൂക്കയിൽ ആർട്സിനുവേണ്ടി രചിച്ച നാടകത്തിന് രണ്ടാംസ്ഥാനവും അവതരണത്തിന് ഒന്നാം സ്ഥാനവും ലഭിച്ചു. തിരൂർ സർവോദയ സംഘത്തിൽ ജോലി ലഭിച്ചതോടെ അഭിനയ രംഗത്തുനിന്നും മാറി രചനയിലേക്ക് തിരിഞ്ഞു. ആകാശവാണിക്കുവേണ്ടിയും നാടകം എഴുതി. ഇരുപത്തി അഞ്ചിലേറെ നാടകരചനയും നടത്തി. നാടകകൃത്ത്, സംവിധായകൻ, പ്രസംഗകൻ, രാഷ്ട്രീയ നേതാവ് ഇങ്ങനെ ഒരുപാട് വിശേഷണങ്ങളുണ്ട്. അക്കാദമിക് അലോസരങ്ങളില്ലാതെ അതിഭാവുകത്വത്തിന്റെ സാങ്കേതികപ്രസരമില്ലാതെ തികച്ചും തനതായ കാഴ്ചപ്പാടിൽ ഗവേഷണ മനോഭാവത്തോടെ നാടകത്തെ കണ്ടെത്തുകയും പുനരാവിഷ്ക്കരിക്കുകയും ചെയ്തിരുന്ന നാടക പ്രവർത്തകനെയാണ് ‘രാഷ്ട്രീയക്കാരനിലൂടെ’ കലാസ്വാദകർക്ക് നഷ്ടമായത്. ബാലുശ്ശേരി നിയോജക മണ്ഡലം സെക്രട്ടറി, ’78 മുതൽ ’92 വരെ കൊടുവള്ളി നിയോജക മണ്ഡലം പ്രസിഡൻറ്, കാക്കൂർ സഹകരണ ബാങ്ക് പ്രസിഡൻറ്, ചേളന്നൂർ ബി.ഡി.സി ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചു. മകൻ ജൗഹർ പൂമംഗലവും പിതാവിന്റെ വഴിയെ രാഷ്ട്രീയ പ്രവർത്തനത്തിലാണ്. നരിക്കുനി ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനാണ് മകൻ ജൗഹർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.