തിരുവനന്തപുരം: ദൈവങ്ങളുടെയും പ്രഭുക്കന്മാരുടെയും രാജക്കന്മാരുടെയും മാത്രമല്ല, സാമൂഹികജീവിതത്തിന്റെ താഴേത്തട്ടിലുള്ള അധ്വാനിക്കുന്ന വിഭാഗങ്ങളുടെയും ചിത്രങ്ങൾ രാജാ രവിവർമ വരച്ചിട്ടുണ്ടെന്നും എന്നാൽ, ദമയന്തിയെയും ശകുന്തളയെയും വരച്ച രവിവർമയെയല്ലാതെ തെരുവിലെ ജീവിതചിത്രങ്ങൾ വരച്ച രവിവർമയെക്കുറിച്ച് അധികപേരും പറയാത്തത് ദൗർഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
വൈവിധ്യത്തിന്റെ ചിത്രകാരനായികൂടി വിലയിരുത്തിയാലേ രാജാരവി വർമയെ കൃത്യമായി മനസ്സിലാക്കാനാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. മ്യൂസിയത്തിൽ നവീകരിച്ച രാജ രവിവർമ ആർട്ട് ഗാലറിയുടെ ഉദ്ഘാടനം നിർഹിക്കുകയായിരുന്നു അദ്ദേഹം.
രാജാധികാരമുള്ള കാലത്താണ് രവിവർമ ജീവിച്ചത്. കൊട്ടാരത്തിലിരുന്നുമാത്രം വരക്കാമായിരുന്ന അദ്ദേഹം നാടിന്റെയും ജനങ്ങളുടെയും സ്പന്ദനമറിഞ്ഞ് ചിത്രകലയെ ജനകീയമാക്കാൻ ഇന്ത്യയിലെ തെരുവുകളിലടക്കം അലഞ്ഞു. സുന്ദരികളായ സ്ത്രീകളെ മാത്രമല്ല, അധ്വാനിക്കുന്ന ജീവിതത്തിന്റെ ദൃശ്യങ്ങളും അദ്ദേഹം വരച്ചു. കുട്ടയും വട്ടിയും വിറ്റു ജീവിക്കുന്നവരുടെ വഴിയോര ദൃശ്യങ്ങളും ഇക്കൂട്ടത്തിലുണ്ട്.
ചിത്രകലയെ പരമ്പരാഗത ചുവരുകൾക്കപ്പുറത്തേക്ക് രവിവർമ എത്തിച്ചു. ചിത്രകലയിലെ ഇന്ത്യൻ പാരമ്പര്യത്തെയും പാശ്ചാത്യ സങ്കേതത്തെയും അദ്ദേഹം സമന്വയിപ്പിച്ചു. ചിത്രങ്ങളിലൂടെ സാർവദേശീയത അദ്ദേഹം അടിവരയിട്ടു. ചിത്രകലാരംഗത്തെ നവോത്ഥാനമാണ് അദ്ദേഹത്തിന്റെ സംഭാവനകളോരോന്നും. രാജാ രവിവർമയുടെ കലാ സപര്യക്ക് ഉചിതമായ സ്മാരകമാണ് തലസ്ഥാനത്ത് ഒരുങ്ങിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷതവഹിച്ചു. മന്ത്രി ജെ. ചിഞ്ചുറാണി, മേയർ ആര്യാ രാജേന്ദ്രൻ, വി.കെ. പ്രശാന്ത് എം.എൽ.എ, ചീഫ് സെക്രട്ടറി വി. വേണു, മിനി ആന്റണി, കെ.ആർ. രാമവർമ, ആർ. ചന്ദ്രൻപിള്ള, ഇ. ദിനേശൻ, എസ്. അബു എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.