ചിത്രം: ഫോർട്ട്‌കൊച്ചി സ്വദേശിയായ സീനത്ത് കേരളീയം സൈക്കിൾ റാലിയിൽ.

മുഴുവൻ സ്ത്രീകളും സൈക്ലിങ് പഠിക്കണമെന്ന സന്ദേശവുമായി കേരളീയം സൈക്കിൾ റാലിയിൽ ഫോർട്ട് കൊച്ചി സ്വദേശി സീനത്ത്

തിരുവനന്തപുരം: ഇരുപതു പിന്നിട്ട രണ്ടുമക്കളുടെ അമ്മയായ ഫോർട്ട്കൊച്ചി സ്വദേശി സീനത്ത് സൈക്കിൾ ഓടിക്കാൻ പരിശീലിച്ചിട്ടു തന്നെ രണ്ടുവർഷമേ ആയിട്ടുള്ളു. എങ്കിലും അങ്കണവാടി ടീച്ചർമാരും അയൽക്കൂട്ടം അംഗങ്ങളും വീട്ടമ്മമാരും അടങ്ങുന്ന എഴുന്നൂറ്റൻപതിലേറെ പേർക്കു സൈക്കിൾ ഓടിക്കാൻ പരിശീലനം നൽകിയിട്ടുണ്ട് ഇവർ.

സൈക്കിളിങ്ങിൽ താൽപര്യമുള്ള കേരളത്തിലെ മുഴുവൻ സ്ത്രീകൾക്കും സൗജന്യമായി തന്നെ പരിശീലനം നൽകാൻ സന്നദ്ധയാണ് സീനത്ത്. എല്ലാ സ്ത്രീകളും സൈക്കിൾ ഓടിക്കാൻ പഠിക്കണമെന്നും അതിലൂടെ ആത്മവിശ്വാസം നേടണമെന്നുമാണ് സീനത്ത് പറയുന്നത്.

കേരളത്തിന്റെ നേട്ടങ്ങളെ പ്രദർശിപ്പിച്ചുകൊണ്ടു സംസ്ഥാന സർക്കാർ നവംബറിൽ തിരുവനന്തപുരത്തു സംഘടിപ്പിക്കുന്ന കേരളീയം പരിപാടിയുടെ ഭാഗമായുള്ള സൈക്കിൾ റാലിയിൽ പങ്കെടുക്കാൻ മാത്രമായി എറണാകുളത്തുനിന്നും തിരുവനന്തപുരത്തേക്ക് എത്തിയത് ഈ സന്ദേശം പ്രചരിപ്പിക്കുന്നതിനാണെന്നും സീനത്ത് പറയുന്നു.

കൊച്ചി കോർപറേഷൻ സാധാരണക്കാരായ സ്ത്രീകളെ സൈക്കിൾ ഓടിക്കാൻ പരിശീലിപ്പിക്കുന്നതിനായി നടപ്പാക്കിയ റൈഡ് വിത്ത് കൊച്ചി പദ്ധതിയുടെ ഭാഗമായാണ് തന്റെ നാൽപത്തിനാലാം വയസിൽ സീനത്ത് സൈക്കിൾ ചവിട്ടാൻ പഠിച്ചത്. പിന്നീട് രണ്ടുമാസം കഴിഞ്ഞുനടന്ന ആ പദ്ധതിയുടെ രണ്ടാംപതിപ്പിൽ അയൽക്കൂട്ടം അംഗങ്ങളടങ്ങുന്ന മുന്നൂറ് സ്ത്രീകളെ സൈക്കിൾ റൈഡിങ് പരിശീലിപ്പിച്ചുകൊണ്ട് സൈക്കിളിങ് തന്റെ ജീവിതത്തിന്റെ ഭാഗമാക്കി സീനത്ത്.

ഈ രണ്ടുവർഷക്കാലം കൊണ്ട് എഴുന്നൂറ്റമ്പതിൽ അധികം സ്ത്രീകളെ പരിശീലിപ്പിച്ചിട്ടുണ്ടെന്നും അതിൽ 75 വയസുവരെയുള്ള സ്ത്രീകൾ ഉണ്ടെന്നും സീനത്ത് പറയുന്നു. കഴിഞ്ഞമാസം കൊച്ചിയിൽ നടന്ന ഫാൻസി വിമൺ ബൈക്ക് റാലിയുടെ കോഡിനേറ്ററായി പ്രവർത്തിച്ചിട്ടുണ്ട് സീനത്ത്. ഇതിനോടകം 22 സൈക്കിൾ റാലികളുടെ സംഘാടകയായും പ്രവർത്തിച്ചിട്ടുണ്ട്.


Tags:    
News Summary - Seenath, a native of Fort Kochi, at the Keralayam Cycle Rally with the message that all women should learn cycling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.