മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്‌സിൽ (എം.ഐ.എ) തുർക്കിഷ് കലാകാരനായ ഫെലെക്‌സാൻ ഒനാർ ആരംഭിച്ച ഏറ്റവും പുതിയ പ്രദർശനമാണ് ‘ഷാറ്റേർഡ്’ എന്ന പേരിലെ ഗ്ലാസ് ആർട്ട്. ജീവിതവും സ്വപ്നങ്ങളുമെല്ലാം ചില്ലുപോലെ തകർന്ന ഒരു ദുരന്തത്തിന്റെ കഥ പ്രതീകാത്മകമായി അടയാളപ്പെടുത്തുന്ന പ്രദർശനം. തെക്കുകിഴക്കൻ തുർക്കിയിലും വടക്കൻ സിറിയയിലുമായി 55,000ലധികം പേരുടെ മരണത്തിനിടയാക്കിയ ഭൂകമ്പങ്ങളെ കേന്ദ്രീകരിച്ച്, പ്രതികൂല സാഹചര്യങ്ങളിൽനിന്നുയർന്നുവന്ന മനുഷ്യരെ പ്രതിനിധാനംചെയ്യുന്ന ‘ഷാറ്റേർഡ്’ പ്രതിരോധവും അതിജീവനവുമാണ് സംവദിക്കുന്നത്.
മനുഷ്യരുടെ സ്ഥാനചലനവും, രാഷ്ട്രീയ അസ്ഥിരത, യുദ്ധം, പ്രകൃതിദുരന്തങ്ങൾ എന്നിവ ആളുകളിലുണ്ടാക്കുന്ന സ്വാധീനമാണ് പ്രദർശനം പരിശോധിക്കുന്നത്. മ്യൂസിയം ഓഫ് ഇസ്‍ലാമിക് ആർട്ടിലെ ഡമസ്‌കസ് റൂമിലാണ് പ്രദർശനം ആരംഭിച്ചിരിക്കുന്നത്. അവിടെ സന്ദർശകരെ സ്വാഗതം ചെയ്യുക സൂക്ഷമമായി രൂപകൽപന ചെയ്ത ഗ്ലാസ് പക്ഷികളുടെ വിസ്മയിപ്പിക്കുന്ന ശേഖരമാണ്. ഒനാർ തന്റെ പ്രതീകാത്മക ഭാഷയായി തെരഞ്ഞെടുത്ത പക്ഷികളും അവരുടെ കലാ മാധ്യമമായ ഗ്ലാസും ദുർബലതയുടെയും അതേസമയം ശക്തിയുടെയും പ്രതിനിധാനങ്ങളായി മാറുന്നു.
ഗ്ലാസുകളിൽ പക്ഷികളെ സൃഷ്ടിച്ചെടുക്കുന്നതിലെ സാങ്കേതികതയാണ് ഒനാറിന്റെ കഴിവിനെ വ്യത്യസ്തമാക്കുന്നത്. സെറാമിക്‌സ് നന്നാക്കാൻ ഉപയോഗിക്കുന്ന കിന്റ്‌സുഗി എന്ന പേരിലുള്ള പരമ്പരാഗത ജാപ്പനീസ് രീതിയാണ് ഇതിനായി ഉപയോഗിക്കുന്നത്. കലാസൃഷ്ടികളിലെ വിള്ളലുകൾ ഒനാർ ദുരന്തം മൂലമുണ്ടായ നാശനഷ്ടങ്ങളുമായാണ് ബന്ധപ്പെടുത്തുന്നത്. അതോടൊപ്പം തന്നെ തകർച്ചയെ അതിജീവിക്കുമ്പോൾ സൗന്ദര്യത്തിന് ഊന്നൽ നൽകുന്നുവെന്നും, രാഷ്ട്രീയം, സമൂഹം, ചരിത്രം എന്നിവയുടെ സമകാലിക വ്യാഖ്യാനമായി ഒനാർ കണ്ണാടി പക്ഷികളെ ഉപയോഗിക്കുന്നു. ഇസ്‍ലാമിക് ആർട്ട് മ്യൂസിയം സന്ദർശിക്കുന്നവർക്ക് ഡമസ്‌കസ് മുറിയിലെ ഗാലറി 12ൽ ‘ഷാറ്റർഡ്’ ആസ്വദിക്കാനും അനുഭവിക്കാനും കഴിയും. 2024 മേയ് ഏഴു വരെ പ്രദർശനം തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.