കോഴിക്കോട്: എസ്.കെ വസന്തൻ എന്ന പേര് മലയാളലോകത്ത് അടയാളപ്പെടുത്തിയത് കേരളചരിത്ര നിഘണ്ടുകാരൻ എന്ന നിലയിലാണ്. ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള മലയാള നിഘണ്ടു തയാറാക്കിയിരുന്നു. സമാനമായ രീതിയിൽ കേരളത്തിലെ ചരിത്ര സംഭവങ്ങളെ അക്ഷരമാല ക്രമത്തിൽ ഒതുക്കി അവതരിപ്പിക്കുയാണ് അദ്ദേഹം ചെയ്തത്. കേരള സംബന്ധിയായ എന്തിനെക്കുറിച്ചും സാമാന്യ വിവരം ലഭിക്കാൻ ഈ കേരള ചരിത്ര നിഘണ്ടു വിലപ്പെട്ട ഗ്രന്ഥമായി.
ഗവേഷണപഠനകാലത്ത് എഴുതിയ കേരളചരിത്രനിഘണ്ടുവിനെ വിപുലീകരിച്ച് തയാറാക്കിയ കേരള സംസ്കാരചരിത്രനിഘണ്ടു കേരളത്തിനു നല്‍കിയ ഏറ്റവും വലിയ സംഭാവനകളിലൊന്നായി. സംസ്കാരപഠനരംഗത്ത് കേരള സംസ്കാരചരിത്രനിഘണ്ടുവിലൂടെ അദ്ദേഹം വലിയ ഇടപെടലാണ് എസ്.കെ വസന്തൻ നടത്തിയത്. ചരിത്രവും സംസ്കാരവും രണ്ടു പഠനപദ്ധതികളെന്ന നിലയില്‍ യോജിക്കുകയും വിയോജിക്കുകയും ചെയ്യുന്ന മണ്ഡലങ്ങളെ അക്കാദമികമായി അടയാളപ്പെടുത്താന്‍ ഈ കൃതിയിലൂടെ അദ്ദേഹത്തിനു സാധിച്ചു.
മലയാളം കണ്ട ഏറ്റവും കനപ്പെട്ട റഫറന്‍സ് ഗ്രന്ഥങ്ങളില്‍ ഒന്നുകൂടിയാണ് കേരള സംസ്കാരചരിത്രനിഘണ്ടു. നമ്മ നടന്ന വഴികള്‍, നിരൂപകന്റെ വായന, അരക്കില്ലം, ഉദ്യോഗപർവം എന്നിങ്ങനെ കഥ, നോവല്‍, നിരൂപണം തുടങ്ങിയ വൈവിദ്ധ്യമാര്‍ന്ന സാഹിത്യശാഖകളിലായി നാല്പതിലധികം കൃതികള്‍ വസന്തൻ രചിച്ചു.
കവിതയില്‍ പുതിയകാല പ്രവണതകളെ ചൂണ്ടിക്കാട്ടാനും വിമര്‍ശിക്കേണ്ടിടത്ത് തീക്ഷ്ണമായി വിമര്‍ശിക്കാനും ഒട്ടും മടികാണിച്ചിട്ടില്ല അദ്ദേഹം. മലയാളകവിതയുടെ ചരിത്രപരമായ സൗന്ദര്യത്തെയും അതിന്റെ സാംസ്കാരികമായ തായ് വേരുകളെയും ആദരിക്കുകയും, അതിനെ തന്റെ കാവ്യാനുശീലനത്തിന്റെ അടിസ്ഥാനമായി കാണുകയും ചെയ്തു അദ്ദേഹം. തന്റെ നിരൂപണങ്ങളില്‍ ഈ ദര്‍ശനം സദാ ഉയര്‍ത്തിപ്പിടിക്കാനും അദ്ദേഹം ശ്രദ്ധിച്ചു. മലയാളത്തിന്റെ സമ്പന്നവും സമൃദ്ധവുമായ കാവ്യപാരമ്പര്യത്തോടു തട്ടിച്ചു മാത്രമേ ഏറ്റവും പുതിയ രചനയെപ്പോലും അദ്ദേഹം വിലയിരുത്തുകയുള്ളൂ. അദ്ദേഹത്തിന്റെ നിരൂപകപ്രതിഭയുടെ സ്ഥായിയായ തിളക്കം ആദര്‍ശാധിഷ്ഠിതമായ ഈ വാശി തന്നെയാണ്.
മലയാളത്തിന്റെ സാഹിത്യനിരൂപണശാഖ, അതിന്റെ ബാലാരിഷ്ടതകള്‍ പിന്നിട്ട് എം.പി ശങ്കുണ്ണിനായരേയും മുണ്ടശ്ശേരിയേയും മാരാരെയും പോലെയുള്ള പ്രതിഭാശാലികളിലൂടെ കരുത്തുറ്റതും സ്വതന്ത്രവുമായ ഒരു സർഗാത്മക സാഹിത്യശാഖയായി മാറി. നിരൂപകന്‍, സാഹിത്യപഠിതാവോ കേവലവിമര്‍ശകനോ അല്ല. അതിവിശാലമായ ഒരു ചിന്താപദ്ധതിയുടെ ഭാഗമായി സാഹിത്യത്തെ പ്രതിഷ്ഠിക്കുകയും, അതിനെ വിവിധ കോണുകളില്‍നിന്ന് നോക്കിക്കാണുകയും ബാഹ്യസമ്മര്‍ദ്ദങ്ങളേതുമില്ലാതെ വിലയിരുത്തുകയും ചെയ്യുന്നയാളാണ്. അദ്ദേഹത്തിന്റെ നിരൂപണങ്ങളുടെ സാഹിത്യഗുണം, കവിതയെപ്പോലും അതിശയിപ്പിക്കുന്നു.
‘ഒരു മോശപ്പെട്ട രചന എന്റെ സംസ്കാരത്തിനു നേരെയുള്ള കടന്നുകയറ്റമാണ്’ എന്ന നിരീക്ഷണം, വസന്തന്‍മാഷുടെയും നിരൂപണത്തിനു പിന്നിലെ തത്ത്വമായി കാണണം. കവിത താളാത്മകവും ഛന്ദോബദ്ധവുമാകണം എന്നു നിഷ്കര്‍ഷിക്കുന്ന അദ്ദേഹം സാഹിത്യത്തിന്റെ സാമൂഹ്യധര്‍മ്മത്തെക്കുറിച്ചും ഏറെ ബോധവാനാണ്. സാഹിത്യവിമര്‍ശനത്തിന്റെ ക്ലാസിക് വഴികളിലേക്ക് തിരിഞ്ഞുനോക്കാനും, അതിന്റെ ആദര്‍ശാത്മകതയും സൗന്ദര്യവും തിരിച്ചറിയാനും അദ്ദേഹത്തിന്റെ കൃതികള്‍ക്ക് കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.