രണ്ടാമത് ദേശീയ വനിതാ നാടകോത്സവത്തിന് കൊടിയേറി

തിരുവനന്തപുരം: സ്ത്രീ നാടക വേദിയായ നിരീക്ഷ സംഘടിപ്പിക്കുന്ന രണ്ടാമത് ദേശീയ വനിതാ നാടകോത്സവത്തിന് തിരുവനന്തപുരത്ത് തിരശീല ഉയർന്നു. വൈകീട്ട് ഭാരത് ഭവനിൽ ശ്രീലങ്കൻ നാടക പ്രവർത്തക റുവന്തി ഡെ ചിക്കേര നാടകോത്സവം ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടന ചടങ്ങിൽ ഹരി കിഷോർ, വി.സി ബിന്ദു, നിരീക്ഷയുടെ പ്രവർത്തകരായ സുധി ദേവയാനി, രാജ രാജേശ്വരി, എസ്.കെ മിനി തുടങ്ങിയവർ പങ്കെടുത്തു. രാവിലെ മന്ത്രി ജെ. ചിഞ്ചു റാണി പാളയം കണ്ണിമേറ മാർക്കറ്റിൽ നാടക വണ്ടി ഫ്ലാഗ് ഓഫ് ചെയ്തിരുന്നു. ഫെസ്റ്റിവൽ ബുക്ക് ചണ്ഡിഗഡിലെ നാടക പ്രവർത്തക ദബിന രക്ഷിത് ചടങ്ങിൽ പ്രകാശനം ചെയ്തു.

തുടർന്ന് പാളയം മാർക്കറ്റ് പരിസരത്ത് വച്ച് വലിയതുറയിലെ മത്സ്യവിപണന രം​ഗത്തെ സ്ത്രീകളുടെ കൂട്ടായ്മയുടെ ‘ഇത് എങ്കളെ കടല്’ എന്ന തെരുവ് നാടകം അവതരിപ്പിച്ചു. മൂന്നു ദിവസത്തെ നാടകോത്സവത്തിൽ മലയാളം, ഹിന്ദി, ഇംഗ്ലീഷ്, അസമീസ് ഉൾപ്പെടെയുള്ള ഭാഷകളിലെ 11 നാടകങ്ങളാണുള്ളത്.

ആദ്യ ദിവസമായ ഇന്ന് ദെബിന രക്ഷിത് സംവിധാനം ചെയ്ത ദ കേജ് എന്ന ഹിന്ദി നാടകവുംഡോ. സവിതാ റാണി സംവിധാനം ചെയ്ത നോഷൻസ് എന്ന ഏകപാത്ര നാടകവും അരങ്ങിലെത്തി. രണ്ടാം ദിവസമായ നാളെ ബർണാളി മേഥി സംവിധാനം ചെയ്ത ബേൺ ഔട്ട് എന്ന അസ്സമീസ് നാടകം പ്രേക്ഷകർക്ക് മുന്നിലെത്തും.

ജ്യോതി ദോ​ഗ്ര സംവിധാനം ചെയ്ത മാംസ്, അന്തരിച്ച ത്രിപുരാരി ശർമ്മ സംവിധാനം ചെയ്ത രൂപ് അരൂപ്, അഷിത സംവിധാനം ചെയ്ത ദ എഡ്ജ്, രേഷ്മ രാജന്റെ സോളോ പെർഫോമൻസ് വയലറ്റ് വിൻഡോസ്, നിരീക്ഷയുടെ ബിയോണ്ട് ദ ഷാഡോസ്, കുടുംബശ്രീ നാടകവിഭാ​ഗമായ രം​ഗശ്രീ കമ്മ്യൂണിറ്റി തിയറ്ററിന്റെ മായ്‍ക്കപ്പെടുന്നവർ തൃശ്ശൂർ , ആശ വർക്കർമാരുടെ പെൺപെരുമ എന്നീ നാടകങ്ങളും മൂന്നു ദിവസങ്ങളിലായി അരങ്ങിലെത്തും.

Tags:    
News Summary - Sri Lankan drama activist Ruvanthi De Chikera inaugurated the drama festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.