സ്ത്രീ വിമോചന ചിന്താഗതി സമൂഹത്തിലാകെ പടര്‍ത്തുന്നതില്‍ ക്യാപ്റ്റന്‍ ലക്ഷ്മി മാതൃകാ പ്രതീകമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:സ്ത്രീ വിമോചന ചിന്താഗതി സമൂഹത്തിലാകെ പടര്‍ത്തുന്നതില്‍ ക്യാപ്റ്റന്‍ ലക്ഷ്മി മാതൃകാ പ്രതീകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമപ്രവർത്തക ആർ പാർവതി ദേവി രചിച്ച ക്യാപ്റ്റൻ ലക്ഷ്മിയുടെ സമഗ്ര ജീവചരിത്രം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്യാപ്റ്റന്‍ ലക്ഷ്മിയുടെ സ്മരണ മൂന്നു വിധത്തില്‍ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്. അതില്‍ ഒന്നാമത്തേത് സ്ത്രീ വിമോചനത്തിനായി അവര്‍ തന്റെ ജീവിതം തന്നെ ഉഴിഞ്ഞുവെച്ചു എന്ന വസ്തുതയാണ്. രണ്ടാമത്തേത്, ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിരുന്ന വിവിധ ധാരകളില്‍ ഒന്നിനെ അവര്‍ പ്രതിനിധീകരിക്കുന്നു എന്നതാണ്. മൂന്നാമത്തേത്, ജീവിതാന്ത്യം വരെ പൊതുപ്രവര്‍ത്തനത്തില്‍ വ്യാപൃതരായിരുന്ന അവരുടെ ജീവിതം ഇന്നത്തെ പൊതുപ്രവര്‍ത്തകര്‍ക്കാകെ മാതൃകയാണ് എന്ന നിലയ്ക്കാണ്.

രണ്ടാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടീഷ് സൈന്യത്തിനെതിരെ ഒരു പറ്റം സ്ത്രീകളെ നയിച്ച് ചരിത്രം തീര്‍ത്ത ധീര വനിതയായിരുന്നു ക്യാപ്റ്റന്‍ ലക്ഷ്മി. സ്വാതന്ത്ര്യലബ്ധിക്കുശേഷവും അവര്‍ പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായി നിലകൊണ്ടു. പില്‍ക്കാലത്ത് സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്ന ജനാധിപത്യ മഹിളാ അസോസിയേഷന്‍ രൂപീകരിക്കുന്നതിന് നേതൃത്വം നല്‍കുകയും ചെയ്തുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവും മുൻ എം.പിയുമായ സുഭാഷിണി അലി പുസ്തകം ഏറ്റുവാങ്ങി. പി.എസ്.സി ചെയർമാൻ ഡോ.എം.ആർ. ബൈജു അധ്യക്ഷത വഹിച്ചു. മന്ത്രി വി. ശിവൻകുട്ടി ചടങ്ങിൽ പങ്കെടുത്തു. ആർ. പാർവതി ദേവി സ്വാഗതവും പി. ഗോവിന്ദ് ശിവൻ നന്ദിയും പറഞ്ഞു.

Tags:    
News Summary - The Chief Minister said that Captain Lakshmi is a role model in spreading the mindset of women's liberation throughout the society

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.