നദീറിന്‍റെ ചിത്രപ്രദർശനം കൊച്ചി ദർബാർ ഹാളിൽ

സ്വപ്‌ന സാക്ഷാത്കാരമായി നദീറിന്‍റെ ചിത്രപ്രദർശനം

പട്ടാമ്പി: ആഗ്രഹം തീവ്രമാണെങ്കിൽ അത് നേടിയെടുക്കാൻ ലോകം കൂടെ വരുമെന്ന പൗലോ കൊയ്‌ലോയുടെ ആൽക്കെമിസ്റ്റ് തീയറിയുടെ സാക്ഷാത്കാരമാണ് തിരുവേഗപ്പുറക്കാരൻ നദീറിന്റെ ചിത്രപ്രദർശനം. തിരുവേഗപ്പുറ ലക്ഷം വീട് കോളനിയിലെ വീട്ടുചുമരിൽ കരിക്കട്ട കൊണ്ട് ചിത്രം വരച്ചു തുടങ്ങിയ ചിത്രകലാസപര്യ എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയിലൊരുക്കിയ 'ട്രാന്‍സിയന്റ് മൂഡ്‌സ്' ചിത്രപ്രദര്‍ശനത്തിലെത്തി നിൽക്കുമ്പോൾ സാമൂഹിക-ശാരീരിക വെല്ലുവിളി മറികടന്നുള്ള ഒരു കലാകാരന്റെ ഇച്ഛാശക്തിയുടെ വിളംബരമായി മാറിയിരിക്കുകയാണ്.

ചിത്രകലയിലെ തന്‍റെ സ്വപ്നങ്ങള്‍ക്കൊപ്പം ജീവിതത്തിനും നിറം പകരുകയാണ് ഈ 21കാരന്‍. കുട്ടിക്കാലം മുതലേ ചിത്രകലയില്‍ താൽപര്യം കാണിച്ച നദീര്‍ ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത് സ്‌കൂളിലെ വിവിധ പരിപാടികളില്‍ അതിഥികളായെത്തുന്നവരുടെ ചിത്രങ്ങള്‍ വരച്ചു നല്‍കിയാണ് ശ്രദ്ധേയനായത്. നരിപ്പറമ്പ് ജി.യു.പി. സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം തേടിയ നദീറിന്റെ സ്വപ്നങ്ങൾക്ക് നടുവട്ടം ഗവ. ജനത ഹയര്‍ സെക്കന്ററി സ്‌കൂളിലെ പഠനകാലമാണ് നിറച്ചാർത്തേകിയത്. സ്‌ക്രൈബിന്റെ സഹായത്തോടെ പരീക്ഷയെഴുതിയാണ് പ്ലസ് ടു വിജയിച്ചത്.

പട്ടാമ്പി ശിൽപചിത്ര ഫൈൻ ആർട്സ് സ്‌കൂളില്‍ നിന്നും ചിത്രകലയില്‍ പ്രാഥമിക ശിക്ഷണം നേടിയ ശേഷം ബിരുദ പഠനത്തിനായി തിരുവനന്തപുരം ഗവ. ഫൈനാര്‍ട്‌സ് കോളജില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ ബിരുദാനന്തര പഠനം എന്ന ലക്ഷ്യത്തിലേക്കാണ് ഈ കലാകാരൻ നോട്ടമിടുന്നത്. നിരവധി സുമനസ്സുകളുടെ അകമഴിഞ്ഞ പിന്തുണയോടെയാണ് നദീറിന്റെ പഠനം. കേരളത്തിലെ അറിയപ്പെട്ട കലാകാരന്‍മാരുടെയും സാംസ്കാരിക പ്രവര്‍ത്തകരുടെയും കൂട്ടായ്മയായ ''ഞാറ്റുവേല''യുടെ സഹായത്തോടെയാണ് കൊച്ചിയില്‍ പ്രദര്‍ശനം ഒരുക്കിയത്.


നടന്‍ മമ്മുട്ടി അടക്കം സിനിമ, നാടക, കലാ സാഹിത്യ രംഗത്തെ പ്രഗത്ഭരും വിദേശികളുമടക്കം നൂറു കണക്കിനാളുകൾ നദീറിന്‍റെ ചിത്രങ്ങള്‍ കാണാനെത്തി. പ്രദർശനത്തോടൊപ്പം ചില ചിത്രങ്ങള്‍ വന്‍തുകക്ക് വിറ്റുപോയിട്ടുണ്ട്. പിതാവിന്റെ മരണശേഷം കഷ്ടപ്പാടുകള്‍ക്കിടയിലും മകന്‍റെ സ്വപ്നങ്ങള്‍ക്ക് ചിറകേകിയ ഉമ്മ സാജിത പ്രദര്‍ശനം കണാനെത്തിയപ്പോള്‍ കണ്ണുനിറഞ്ഞെന്ന് നദീര്‍ പറയുന്നു.

എല്ലാവിധ പ്രോത്സാഹനവും പിന്തുണയും നല്‍കിയ പ്ലസ്ടു അധ്യാപകനും കവിയുമായ പി. രാമനും ചിത്രകലാ പഠനത്തിനായി സഹായിച്ച തിരുവേഗപ്പുറയിലെ ഡോ. ശ്രീകുമാറും പ്രദര്‍ശനം കാണാനെത്തിയതിലും നദീർ സന്തുഷ്ടനാണ്. വി.കെ ശ്രീരാമന്‍, ഡോ. സുനില്‍ പി. ഇളയിടം, പി.പി. രാമചന്ദ്രന്‍, പി.എന്‍. ഗോപീകൃഷ്ണന്‍, അന്‍വര്‍ അലി, ഡോ. പി.എം ആരതി തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ജൂലൈ 19ന് അച്ചു ഉള്ളാട്ടിലാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. വെള്ളിയാഴ്ച സമാപിക്കേണ്ടിയിരുന്ന പ്രദർശനം സന്ദര്‍കരുടെ സൗകര്യാര്‍ഥം ഒരു ദിവസം കൂടി നീട്ടി.

Tags:    
News Summary - Thiruvegappura Nadeer art exhibition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.