'കാളി' വിവാദത്തിൽ മഹുവയെ തള്ളി തൃണമൂൽ

ന്യൂഡൽഹി: ലീന മണിമേഖലയുടെ 'കാളി' ഡോക്യുമെന്‍ററിയുടെ വിവാദ പോസ്റ്ററിനെ കുറിച്ച് മഹുവ മൊയ്ത്ര എം.പി നടത്തിയ പരാമർശത്തെ തള്ളി തൃണമൂൽ കോൺഗ്രസ് രംഗത്ത്. തന്നെ സംബന്ധിച്ച് മദ്യവും മാംസവും കഴിക്കുന്ന ദൈവമാണ് കാളിയെന്നായിരുന്നു മഹുവ മൊയ്ത്രയുടെ പ്രസ്താവന. എന്നാൽ, ഇത് എം.പിയുടെ വ്യക്തിപരമായ പ്രസ്താവനയാണെന്നും പാർട്ടിയുടെ നിലപാടല്ലെന്നും വിശദീകരിച്ച് തൃണമൂൽ കോൺഗ്രസ് രംഗത്തെത്തുകയായിരുന്നു.

'കാളീ ദേവിയെ കുറിച്ച് മഹുവ മൊയ്ത്ര എം.പി നടത്തിയ പ്രസ്താവനയും അതിനോടുള്ള അവരുടെ കാഴ്ചപ്പാടും വ്യക്തിപരമാണ്. അത് ഒരുതരത്തിലും പാർട്ടിയുടേതല്ല. ഇത്തരം പ്രസ്താവനകളെ തൃണമൂൽ കോൺഗ്രസ് ശക്തമായി അപലപിക്കുന്നു' -പാർട്ടി ട്വീറ്റിൽ വ്യക്തമാക്കി.


കാളിയെന്നാല്‍ തന്റെ സങ്കല്‍പത്തില്‍ മാംസഭുക്കായ, മദ്യം സേവിക്കുന്ന ദേവതയാണെന്നും തന്‍റെ ദേവിയെക്കുറിച്ച് ഭക്തര്‍ക്ക് തങ്ങള്‍ക്കിഷ്ടമുള്ള രീതിയില്‍ സങ്കല്‍പിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നുമാണ് മഹുവ മൊയ്ത്ര പറഞ്ഞത്. ചില പ്രദേശങ്ങളില്‍ ദേവന്‍മാര്‍ക്ക് വിസ്‌കി നേര്‍ച്ചയായി നല്‍കുമ്പോള്‍ മറ്റിടങ്ങളില്‍ അതിനെ ഈശ്വരനിന്ദയായി കാണാറുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 'സിക്കിമിലെത്തിയാല്‍ കാളീദേവിയ്ക്ക് ഭക്തര്‍ വിസ്‌കി കാഴ്ചവെക്കുന്നത് കാണാം. അതേസമയം, ഉത്തര്‍ പ്രദേശില്‍ ഇക്കാര്യം ദേവീനിന്ദയായാണ് കണക്കാക്കുന്നത്', മഹുവ പറഞ്ഞു. ഇന്ത്യാ ടുഡെയുടെ പരിപാടിയില്‍ അതിഥിയായെത്തി സംസാരിക്കുകയായിരുന്നു മഹുവ.

സംവിധായക ലീന മണിമേഖല 'കാളി' ഡോക്യുമെന്‍ററിയുടെ പോസ്റ്റർ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടതോടെ വിവാദം പൊട്ടിപുറപ്പെട്ടിരുന്നു. പോസ്റ്റർ ഹിന്ദു ദേവതയെ അപമാനിക്കുന്നതും മതവികാരം വ്രണപ്പെടുത്തുന്നതുമാണെന്ന് വിമർശനങ്ങൾ ഉയർന്നു.

കാളി ദേവിയുടെ രൂപത്തിൽ സിഗരറ്റ് വലിക്കുന്ന സ്ത്രീ എൽ.ജി.ബി.ടി.ക്യൂ കമ്യൂണിറ്റിയുടെ പതാകയുമായി നിൽക്കുന്നതാണ് പോസ്റ്ററിൽ ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായി. സിനിമയുടെ അണിയറപ്രവർത്തകർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം ആളുകൾ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. 

Tags:    
News Summary - Trinamool Congress condemns party MP Mahua Moitra's 'Kaali' remarks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.