തിരുവനന്തപുരം: അനന്തപുരിയുടെ നവവത്സരാഘോഷം സംഗീതസാന്ദ്രമാക്കാൻ ലോകോത്തരമായ പാശ്ചാത്യ ക്ലാസിക്കൽ ഗാനങ്ങളും വിഖ്യാതരുടെ സംഗീതരചനകളുമായി അന്താരാഷ്‌ട്രപ്രശസ്തയായ വിഖ്യാത സോളോ വയലിനിസ്റ്റ് സെനിയ ഡുബ്രോവ്‌സ്കായയും യുവ പിയാനിസ്റ്റ് ജസ്റ്റസ് കോൺസ്റ്റാന്റിൻ ഫ്രാന്റ്‌സും എത്തുന്നു. ഇവർക്കൊപ്പം പ്രമുഖ തെന്നിന്ത്യൻ ഗായകൻ വീട്രാഗ് ഗോപിയും പുതുവത്സരാഘോഷത്തിൽ പങ്കെടുക്കും.
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ആസ്വാദകരെ ആകർഷിക്കാൻ മാത്രമല്ല, പുതുവർഷാഘോഷം കൊഴുപ്പിക്കാൻകൂടി കഴിയുന്ന ഹൃദ്യമായ ഒരു സായാഹ്നം ഒരുക്കുമാറാണ് ഡുബ്രോവ്സ്കയ ഈ പരിപാടി രൂപകൽപ്പന ചെയ്തിരിക്കുന്നത്.
പിയാനോയും സോളോ വയലിനും സ്മന്വയിപ്പിച്ച് സിബെലിയസിന്റെ ‘ഫിനാലെ കൺസേർട്ടോ’യും റാച്ച്മാനിനോവിന്റെ ‘വോക്കലൈസും’ അവതരിപ്പിക്കുന്നതാണ് പരിപാടിയുടെ ഹൈലൈറ്റ്. ബീഥോവന്റെ ടെമ്പസ്റ്റ് സൊണാറ്റ ‘ഫസ്റ്റ് മൂവ്‌മെന്റ്, നാല് ഫ്രാൻസ് ലിസ്റ്റിന്റെ ഏറ്റവും സാങ്കേതികവെല്ലുവിളി നിറഞ്ഞ നാലു കോമ്പോസിഷനുകളായ ‘പ്രെല്യൂഡിയോ’, ‘മാസെപ്പാ’, ‘ഫ്യൂസ് ഫൊള്ളെറ്റ്സ്’, ‘ലാ കാമ്പാനെല്ല’ എന്നിവ ജസ്റ്റസ് കോൺസ്റ്റാന്റിൻ ഫ്രാന്റ്‌സ് പിയാനോയിലും അവതരിപ്പിക്കും.
ജോഹാൻ സെബാസ്റ്റ്യൻ ബാക്കിന്റെ ‘ഡബിൾ കൺസേർട്ടോ’ ആണ് മറ്റൊരു ആകർഷണം. ഇത് ഡുബ്രോവ്‌സ്കായ പിയാനിസ്റ്റ് അനീഷ് പണിക്കർ, വയലിനിസ്റ്റ് അരുൺ റൊസാരിയോ എന്നിവർക്കൊപ്പം ചേർന്ന് രണ്ട് വയലിനിലും പിയാനോയിലുമായി അവതരിപ്പിക്കും. താരങ്ങളായ ഡുബ്രോവ്‌സ്കായയും വീട്രാഗും ഒന്നിച്ച് ഒരുക്കുന്ന മറ്റു മനോഹരവിസ്മയങ്ങളും അവരുടെ സംഗീതമേളകളുടെ മുഖമുദ്രയാണ്. പുതിയ തലമുറയിലെ ഹാംബർഗ് അധിഷ്ഠിത സോളോ വയലിനിസ്റ്റാണ് സെനിയ ഡുബ്രോവ്സ്കായ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.