അടിയന്തരാവസ്ഥയെക്കുറിച്ച് ഇറ്റാലിയൻ തത്ത്വശാസ്ത്രജ്ഞൻ ജോർജിയോ അഗമ്പൻ മുന്നോട്ടുവെക്കുന്ന 'സ്റ്റേറ്റ് ഓഫ് എക്സപ്ഷൻ' (അസാധാരണാവസ്ഥ) എന്നൊരു പരികൽപനയുണ്ട്. സാധാരണനിലയിൽ ചെയ്യാത്ത കാര്യങ്ങൾ ചെയ്യാൻ ഭരണകൂടത്തിന് ലെജിറ്റിമസി (ന്യായീകരണം) കൈവരുന്ന ഘട്ടമാണ് അടിയന്തരാവസ്ഥ വഴിയുണ്ടാകുന്നത് എന്നതാണത്. അടിയന്തരാവസ്ഥയിൽ ഭരണകൂടം സൂപ്പർ പവറാകും. സവിശേഷമായ അധികാരം പ്രയോഗിക്കാനുള്ള ആഗ്രഹം ഭരണകൂടത്തിെൻറ ജനിതക ഗുണമാണെന്നാണ് സ്റ്റേറ്റ് ഓഫ് എക്സപ്ഷൻ അർഥമാക്കുന്നത്. വലതുപക്ഷ രാഷ്ട്രീയ പാർട്ടികൾക്ക് മേൽക്കൈയുള്ള ഭരണകൂടങ്ങൾ പ്രത്യേകിച്ചും ഇത്തരം അവസരങ്ങൾക്കായി കൊതിക്കും. അതുകൊണ്ടുതന്നെ ഇവ വളരെ എളുപ്പം ഫാഷിസ്റ്റ് സ്വഭാവവും പ്രകടിപ്പിക്കും. അസാധാരണമായ പലതും
ഇൗ ഭരണകൂടങ്ങൾ സാധാരണവത്കരിക്കും. കോവിഡ് പകർച്ചവ്യാധി ഇതിന് ലഭിച്ച ഒരു ആയുധമാണെന്ന വിമർശനവും അഗമ്പൻ മുന്നോട്ടുവെച്ചു. പൗരസ്വാതന്ത്ര്യത്തെ ലഘൂകരിക്കാൻ ഭരണകൂടത്തിന് അവസരം നൽകുക മാത്രമാണ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വഴിവെച്ചതെന്ന അഗമ്പെൻറ വാദം ഏറെ വിവാദവുമായി.
കോവിഡ് മഹാമാരി ഒരു അസാധാരണനിലയിലേക്കാണ് മനുഷ്യജീവിതത്തെ കൊണ്ടുപോയത്. മറ്റ് പലയിടങ്ങളിലുമെന്നപോലെ ഇന്ത്യയിലും ലോക്ഡൗൺ പ്രഖ്യാപിക്കപ്പെട്ടു. വീടിെൻറ വാതിൽ അതിർത്തിയായി. സഞ്ചാരമടക്കം മൗലികമായ പൗരാവകാശങ്ങൾ റദ്ദ് ചെയ്യപ്പെട്ടു. വിനോദങ്ങളെല്ലാം അസാധ്യമായി. ആരാധനാലയങ്ങൾപോലും അടച്ചിടപ്പെട്ടു. എന്നാൽ ഇതെല്ലാം നീതീകരിക്കപ്പെടുന്ന ഒരു ധാർമികപ്രതലം ഇവിടെ രൂപപ്പെടുന്നുണ്ട്. ഇവയെല്ലാം തങ്ങളുടെ സുരക്ഷക്ക് വേണ്ടിയാണെന്ന 'പൗരബോധ'മാണത്. അവകാശങ്ങൾ എടുത്തുകളയുകയല്ല, കൂടുതൽ കരുതൽ വകവെച്ചുതരുകയാണ്. ആത്യന്തികമായി ഭരണകൂടം തങ്ങളുടെ ജീവൻതന്നെ രക്ഷിക്കുകയാണ് എന്നതാണ് ആ ബോധം.
മനുഷ്യൻ എന്ന സ്വത്വത്തിലേക്ക് എല്ലാവരും വന്നുചേർന്നു. നല്ലവനും ചീത്തവനും നിഷ്കളങ്കനും കുറ്റവാളിയും തമ്മിലുള്ള വ്യത്യാസങ്ങൾ ചെറിയ തോതിലെങ്കിലും അപ്രസക്തമായി. ജയിലുകളിലുള്ളവരെ മോചിപ്പിക്കണമെന്ന് യു.എൻ ലോകരാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടത് ഈ ബോധ്യത്തിൽനിന്നാണ്. ഇതിൽ ആദ്യം മോചിപ്പിക്കേണ്ടത് രാഷ്ട്രീയ തടവുകാരെയാണെന്നും യു.എൻ നിർദേശിച്ചിരുന്നു. നിശ്ചിത വർഷത്തിൽ താഴെ ശിക്ഷിക്കപ്പെടുന്നവരെ പരോളിൽ വിടണമെന്ന് രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീംകോടതിയും ഉത്തരവിട്ടു. അടിയന്തരാവസ്ഥയിൽ പൗരർക്ക് നൽകേണ്ട പ്രത്യേക കരുതലിെൻറ ഭാഗമായാണ് ഇവയെല്ലാം സംഭവിക്കുന്നത്. പക്ഷേ ഈ കരുതൽ ഇന്ത്യയിൽ പ്രതിഫലിച്ചതെങ്ങനെയെന്ന അന്വേഷണം ശ്രദ്ധേയമാണ്. ഭരണകൂടം അതിെൻറ ഉത്തരവാദിത്തങ്ങൾ പൂർത്തീകരിക്കുകയാണോ അതോ അഗമ്പെൻറ വിമർശനം ശരിവെക്കപ്പെടുന്ന രീതിയിൽ പൗരാവകാശ ധ്വംസനത്തിനാണോ ഭരണകൂടം തുനിഞ്ഞത്?
ഈ അടിയന്തരാവസ്ഥക്കാലം കടുത്ത പൗരാവകാശ ധ്വംസനങ്ങൾക്കാണ് ഭരണകൂടം തുനിഞ്ഞത്. ലോക്ഡൗൺ അതിനെ സഹായിച്ചുവെന്നും കാണാം. ആരോഗ്യം ഇന്ത്യയിൽ സംസ്ഥാനങ്ങളുടെ അധികാരപരിധിയിൽ ഉൾപ്പെട്ടതാണ്. രാജ്യത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാറിന് ഏതെങ്കിലും നിയമത്തിെൻറ പിൻബലമില്ല. മറ്റെല്ലാ ദുരന്തങ്ങൾക്കും ബാധകമായ ദേശീയ ദുരന്തനിവാരണ നിയമമാണ് കോവിഡ് മഹാമാരിയെ നേരിടാനും കേന്ദ്രത്തിനുണ്ടായിരുന്ന കച്ചിത്തുരുമ്പ്. ലോക്ഡൗൺ പ്രഖ്യാപിച്ചതും ഇതേ നിയമമുപയോഗിച്ചാണ്. സംസ്ഥാനങ്ങളോട് ഒരു കൂടിയാലോചനയും ഇല്ലാതെയായിരുന്നു പ്രഖ്യാപനം. ഇന്ത്യയുടെ ഫെഡറൽ സ്വഭാവം കൈയേറ്റം ചെയ്യപ്പെടുന്നുവെന്ന വിമർശനം നിലനിൽക്കുന്നതിനിടെയാണ് കേന്ദ്രം ഈ രീതിയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചത്. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനവും, എൻ.ഐ.എ, യു.എ.പി.എ നിയമങ്ങളുടെ ഭേദഗതിയും കശ്മീരിെൻറ പ്രത്യേക പദവി എടുത്തുകളഞ്ഞതുമടക്കമുള്ള കേന്ദ്ര നീക്കങ്ങൾ ഇതോടൊപ്പം ചേർത്തുവായിക്കണം. രണ്ടാം മോദി സർക്കാർ അധികാരത്തിലേറിയ ശേഷം ഇന്ത്യയുടെ ഫെഡറൽ സ്വഭാവം വലിയതോതിൽ വെല്ലുവിളി നേരിടുന്നുണ്ടെന്ന് ഫ്രഞ്ച് രാഷ്ട്രമീമാംസകൻ ക്രിസ്റ്റഫെ ജഫ്രലോട് അടക്കമുള്ളവർ നിരീക്ഷിച്ചിട്ടുമുണ്ട്.
ലോക്ഡൗൺ പ്രഖ്യാപനത്തിന് മുന്നോടിയായി കൈക്കൊള്ളേണ്ട ചുരുങ്ങിയ മുൻകരുതലുകൾപോലും ഭരണകൂടം സ്വീകരിച്ചില്ല. രാജ്യത്താകമാനമുള്ള കുടിയേറ്റത്തൊഴിലാളികൾ തൊഴിലും കൂലിയുമില്ലാതെ ഞെരുങ്ങി. പലരും അർധപട്ടിണിയിലായി. തെരുവിൽ കഴിയുന്ന ഭവനരഹിതരുടെ പട്ടിണി മാറ്റാൻ ഇടപെടൽ തേടി സാമൂഹികപ്രവർത്തകർ സുപ്രീംകോടതിയിലുമെത്തി.
ആരോഗ്യരംഗമടക്കം സംസ്ഥാനങ്ങളുടെ അധികാരപരിധിയിൽപെട്ട പലതും ലോക്ഡൗേണാടെ കേന്ദ്രത്തിന് കീഴിലായി. പഞ്ചായത്ത് പ്രസിഡൻറിെൻറ അധികാരം പോലും മുഖ്യമന്ത്രിമാർക്കില്ലെന്ന പരാമർശം കേവലം പരിഹാസ്യവാചകമല്ലാതായി. ലോക്ഡൗൺ വ്യവസ്ഥകളുടെ പരിഷ്കരണംപോലും സ്വയം തീരുമാനിക്കാൻ സംസ്ഥാനങ്ങൾക്ക് കഴിയാതായി. പ്രത്യേക മന്ത്രിതല സംഘങ്ങളെ അയക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിെൻറ തീരുമാനം പശ്ചിമ ബംഗാളിലെ മമത സർക്കാർ ശക്തമായ നീരസം പ്രകടിപ്പിച്ചാണ് നേരിട്ടത്. സംസ്ഥാനങ്ങളുടെ അധികാരം ഇത്രമേൽ ന്യൂനീകരിക്കപ്പെട്ട കാലം സ്വതന്ത്ര ഇന്ത്യയിൽ അപൂർവമായി മാത്രമേ സംഭവിച്ചിട്ടുള്ളൂവെന്ന് നിരീക്ഷിക്കപ്പെട്ടു. ചുരുക്കിപ്പറഞ്ഞാൽ മഹാമാരിയോടെ അനിയന്ത്രിതമായ അധികാരം കേന്ദ്ര സർക്കാറിന് വന്നുചേർന്നു.
ലോക്ഡൗൺ കാലത്തെ ഈ അമിതാധികാരം രാഷ്ട്രീയ പകപോക്കലിന് ഭരണകൂടം ഉപയോഗിച്ചുതുടങ്ങുന്നതാണ് പിന്നീട് കാണാനായത്. അടിയന്തരാവസ്ഥകൾ ഭരണകൂടത്തിന് അമിതാധികാര പ്രയോഗത്തിനുള്ള അവസരം ഒരുക്കുമെന്ന അഗമ്പെൻറ വിമർശനം ഊട്ടിയുറപ്പിക്കപ്പെടുന്ന കാഴ്ചകൾ നിരവധിയുണ്ടായി. കർശന വ്യവസ്ഥകളുള്ള നിയമങ്ങളുപയോഗിച്ച് ഭരണകൂടം പൗരത്വ പ്രക്ഷോഭകരുടെ വേട്ടക്കിറങ്ങിയത് ഇതിെൻറ ഭാഗമാണ്. രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കണമെന്ന യു.എൻ നിർദേശമോ ജയിലറകളിലെ എണ്ണം കുറക്കാനുള്ള സുപ്രീംകോടതി നിർദേശമോ പൗരത്വ പ്രക്ഷോഭകരുടെ നാവരിയാനുള്ള അമിത്ഷായുടെ തിടുക്കത്തിന് തടസ്സമായില്ല. വംശീയ ഉള്ളടക്കമുള്ള പൗരത്വ നിയമ ഭേദഗതിക്കെതിരെ പൊരുതിയ പൗരാവകാശ പ്രവർത്തകർക്കെതിരെ നേരത്തെ തുടങ്ങിയ നീക്കം ഭരണകൂടം ശക്തിപ്പെടുത്തി. പലർക്കെതിരെയും ചുമത്തപ്പെട്ടത് യു.എ.പി.എയും എൻ.എസ്.എയും രാജ്യദ്രോഹക്കുറ്റവും അടക്കമുള്ള ഗുരുതര വകുപ്പുകൾ. പൗരത്വ നിയമ ഭേദഗതിയിലേതുപോലെതന്നെ, അതിനെതിരെ രൂപപ്പെട്ട സമരങ്ങളെ നേരിടാനുള്ള ഭരണകൂട നടപടിയിലും തീവ്ര ഹിന്ദുത്വ ദേശീയതയുടെ വംശീയ ഉള്ളടക്കം പ്രകടമായിരുന്നു.
രാജ്യവ്യാപക പ്രക്ഷോഭത്തിന് തുടക്കം കുറിച്ച ന്യൂനപക്ഷ സ്ഥാപനമായ ജാമിഅ മില്ലിയ്യ സർവകലാശാലയാണ് ആദ്യം ഉന്നംവെക്കപ്പെട്ടത്. സർവകലാശാല ഗവേഷക വിദ്യാർഥികളായ സഫൂറ സർഗാറും മീരാൻ ഹൈദറും ജാമിഅ അലുംനി പ്രസിഡൻറ് ശിഫാഉർറഹ്മാനും തുറുങ്കിലടയ്ക്കപ്പെട്ടു. ലോക്ഡൗൺ തുടങ്ങുന്നതിന് മുൻപേ തുടങ്ങിയ ഈ വേട്ടയിൽ ഏറ്റവും ദൃശ്യത ലഭിച്ചത് ഷർജീൽ ഇമാമിനെതിരായ നിയമനടപടിക്കാണ്. സാധാരണ ജനാധിപത്യ പ്രതിഷേധങ്ങളുടെ ഭാഗമായി ഉയർത്തപ്പെടുന്ന റോഡുപരോധ സമരത്തിനുള്ള ആഹ്വാനം ക്ഷണിച്ചുവരുത്തിയത് അഞ്ച് വ്യത്യസ്ത സംസ്ഥാനങ്ങളിൽനിന്നുള്ള നിയമനടപടികളാണ്. യു.എ.പി.എയും രാജ്യദ്രോഹക്കുറ്റവും ഷർജീലിനുമേൽ കെട്ടിവെക്കപ്പെട്ടു. ഷർജീൽ ബിരുദധാരിയായത് ബോംബെ ഐ.ഐ.ടിയിൽനിന്നാണ്. കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ്ങിൽ. ജെ.എൻ.യുവിൽ ചരിത്രവിഭാഗത്തിൽ ഗവേഷക വിദ്യാർഥിയാണ്. അന്തർദേശീയ മാധ്യമങ്ങളിൽ ഇതിനകം ചിന്തോദ്ദീപകമായ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡൽഹി കലാപത്തിലെ പൊലീസിെൻറ പങ്കാളിത്തം നിയമപരമായി ചോദ്യം ചെയ്ത ഡൽഹി ന്യൂനപക്ഷ കമീഷൻ ചെയർമാൻ ഡോ. സഫറുൽ ഇസ്ലാം ഖാന് മേൽ സ്വതന്ത്ര അഭിപ്രായപ്രകടനത്തിെൻറ പേരിൽ രാജ്യദ്രോഹക്കുറ്റമാണ് പൊലീസ് ചുമത്തിയത്. അർധ ജുഡീഷ്യൽ സ്ഥാപനത്തിെൻറ തലവനായ ഡോ. ഖാന് നിയമനടപടി നേരിടേണ്ടിവന്നത് സ്ഥാപനവത്കൃത വംശീയതയുടെയും ഇസ്ലാമോഫോബിയയുടെയും അടയാളമായും നിരീക്ഷിച്ചവരുണ്ട്. യു.പിയിൽ യോഗി സർക്കാർ ഈ വംശീയവേട്ട നേരത്തേ തുടങ്ങിവെച്ചിരുന്നു. ദേശസുരക്ഷ നിയമം ചുമത്തി ഡോ. കഫീൽ ഖാനെ തുറുങ്കിലടച്ചത് ഉദാഹരണം. കോടതി ജാമ്യം അനുവദിച്ചെങ്കിലും പുറത്ത് വിടരുതെന്ന യോഗി പൊലീസിെൻറ വാശിയാണ് എൻ.എസ്.എ ചുമത്തുന്നതിലേക്ക് നയിച്ചത്.
വിവിധ മതവിഭാഗക്കാരുടെ പങ്കാളിത്തത്തോടെ രാജ്യത്ത് ഉയർന്നുവന്ന ശാഹീൻബാഗ് സമരവേദികളിലെ പോരാളികളായ ഖാലിദ് സൈഫി, ഇശ്റത്ത് ജഹാൻ, ഗുൽഫിഷ എന്നിവരും യു.എ.പി.എ അടക്കം ഗുരുതര കുറ്റങ്ങൾ ചാർത്തപ്പെട്ട് അറസ്റ്റിലായി. ന്യൂനപക്ഷ സ്ഥാപനമായ അലീഗഢ് മുസ്ലിം സർവകലാശാലയിലും പൊലീസ് വിദ്യാർഥികളെ വേട്ടയാടി. അലീഗഢിലെ മുൻനിര വിദ്യാർഥി നേതാവ് ആമിർ മിൻഡോയിയും രാഷ്ട്രീയ തടവുകാരനായി. ഉത്തർപ്രദേശിലെ പ്രമുഖ മുസ്ലിം കൂട്ടായ്മയായ രാഷ്ട്രീയ ഉലമ കൗൺസിൽ നേതാവും പ്രമുഖ മുസ്ലിം പണ്ഡിതനുമായ താഹിർ മദനിയടക്കമുള്ളവരെയും പൊലീസ് തടവിലാക്കി. ഇന്ത്യയിലെ ബൃഹത്തായ മുസ്ലിം വിദ്യാർഥി കൂട്ടായ്മയായ എസ്.െഎ.ഒവിെൻറ കിഴക്കൻ യു.പി ഘടകം പ്രസിഡൻറ് ഉമർഖാലിദിെൻറ അറസ്റ്റ് അലഹബാദ് റോഷൻ ബാഗിലെ പൗരത്വ പ്രക്ഷോഭത്തിെൻറ പേരിലായിരുന്നു. അതേസമയം പൗരത്വ നിയമത്തിെൻറ വംശീയ ഉള്ളടക്കം തിരിച്ചറിഞ്ഞ് പ്രതിഷേധിച്ച അസമിലെ വിവരാവകാശ പ്രവർത്തകൻ അഖിൽ ഗൊഗോയിയും യു.എ.പി.എ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടു.
ജാമിഅ ഗവേഷക വിദ്യാർഥി സഫൂറ സർഗാർ മൂന്ന് മാസം ഗർഭിണിയായിരിക്കെയാണ് ഡൽഹി കലാപം അന്വേഷിക്കുന്ന സ്പെഷൽ സെൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്. പൗരത്വ സമരത്തെ കലാപവുമായി ബന്ധിപ്പിക്കാനുള്ള ആസൂത്രണമാണ് ഡൽഹി പൊലീസ് നടത്തിയത്. നേരത്തേ ജെ.എൻ.യു വിദ്യാർഥി ഉമർഖാലിദിെൻറ പേര് പരാമർശിച്ച രജിസ്റ്റർചെയ്ത എഫ്.െഎ.ആറിലായിരുന്നു ഈ നടപടി. ഗർഭിണിയാണെന്നറിഞ്ഞിട്ടും സഫൂറയെ കോടതിയിൽ ഹാജരാക്കി പൊലീസ് റിമാൻഡ് ചെയ്തു. ഗർഭാശയത്തിൽ ജീവൻ തുടിക്കവെ ഏറ്റവുമധികം ശാരീരിക അസ്വാസ്ഥ്യങ്ങൾ ഉണ്ടായേക്കാവുന്നതും കൂടുതൽ ജാഗ്രതയും ശ്രദ്ധയും വേണ്ടതുമായ സമയമായിട്ടും പൊലീസ് റിമാൻഡ് നടപടികളുമായി മുന്നോട്ടുപോയി. കോവിഡ് ഭീഷണി നിലനിൽക്കെ ഗർഭിണിയായ സഫൂറക്ക് കോടതി ജാമ്യം അനുവദിച്ചതോടെ വെട്ടിലായ പൊലീസ് യു.എ.പി.എ എന്ന കരിനിയമം കൂടി ചുമത്തി സഫൂറയെ വീണ്ടും തിഹാർ ജയിലിലേക്കയക്കുകയായിരുന്നു. ഏപ്രിൽ പത്തിനാണ് സഫൂറയെ പൊലീസ് തടവിലാക്കിയത്. സഫൂറയും അവരുടെ ഗർഭാശയത്തിൽ തുടിക്കുന്ന ജീവനും ഇതിനകം ഒരു മാസത്തിലേറെ ജയിൽവാസമനുഭവിച്ചിരിക്കുന്നു. ആർ.ജെ.ഡി യുവജന വിഭാഗം ഡൽഹി പ്രസിഡൻറ്കൂടിയായ മീരാൻ ഹൈദർ വർഷങ്ങളായി ജാമിഅയിലെ വിദ്യാർഥി സമരങ്ങളുടെ മുഖമാണ്. മീരാനെയും യു.എ.പി.എ ചുമത്തിയാണ് പൊലീസ് തടവറയിലാക്കിയത്. ജാമിഅയിൽ രൂപപ്പെട്ട പൗരത്വ വിരുദ്ധ സമരവേദിയായ ജാമിഅ കോഒാഡിനേഷൻ കമ്മിറ്റിയിലെ മുന്നണി പോരാളികളായിരുന്നു ഇരുവരും. ഇവരോടൊപ്പം ജാമിഅ മില്ലിയ്യ സർവകലാശാല അലുംനി പ്രസിഡൻറ് ശഫാഉർറഹ്മാനെയും പൊലീസ് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തു. ഇവരെല്ലാം വളരെ വോക്കലായ ഭരണകൂട വിമർശകരായിരുന്നു. വംശീയ സ്വഭാവം ഉള്ളതോടൊപ്പം മറ്റൊരു സൂക്ഷ്മതലംകൂടി ഈ വേട്ടക്കുണ്ട്. മുസ്ലിം ജനവിഭാഗത്തിലെ രാഷ്ട്രീയ നേതൃത്വവും വിദ്യാർഥി നേതൃത്വവും ആക്ടിവിസ്റ്റ് നേതൃത്വവും ബൗദ്ധിക നേതൃത്വവും ഒരുപോലെ വേട്ടയാടപ്പെടുകയാണ്. ആർക്കും ഈ വേട്ടയിൽ ഇമ്യൂണിറ്റി (വിടുതൽ) ലഭിക്കില്ലെന്ന ഭരണകൂട ഭീഷണി ഇതിൽ വ്യക്തമായിരുന്നു.
ശഫാഉർറഹ്മാെൻറ റിമാൻഡ് റിപ്പോർട്ട് രാജ്യത്തെ പൊലീസിങ്ങിനെക്കുറിച്ച നല്ല ഒരു കേസ് സ്റ്റഡികൂടിയാണ്. രാജ്യത്തെ പരമോന്നത നീതിപീഠംവരെ സാധൂകരിച്ചിട്ടും ദേശവ്യാപകമായി അരങ്ങേറിയ സമാധാനപരമായ പൗരത്വ സമരങ്ങളെ കുറ്റകൃത്യമായി കാണുന്നതാണ് പൊലീസിെൻറ റിമാൻഡ് റിപ്പോർട്ട്. മറ്റുള്ളവരുമായി ഫോണിൽ ബന്ധപ്പെട്ട പ്രതി പൗരത്വ പ്രതിഷേധം സംഘടിപ്പിക്കാൻ ആസൂത്രണം ചെയ്തെന്ന് ഒരു വലിയ കുറ്റമായി ശഫാഉർറഹ്മാനെതിരെ പൊലീസ് നിരത്തിയിരിക്കുന്നു. പ്രതിഷേധത്തിൽ പങ്കെടുത്തെന്ന് ശഫാഉർറഹ്മാൻ ചോദ്യംചെയ്യലിൽ സമ്മതിച്ചെന്നും പൗരത്വ സമരം സംഘടിപ്പിക്കുകവഴി മുസ്ലിംകൾ ഏറിയപങ്കും ഇരകളാക്കപ്പെട്ട കലാപം ആസൂത്രണം ചെയ്യുകയായിരുന്നുവെന്നും റിമാൻഡ് റിപ്പോർട്ട് സ്ഥാപിക്കാൻ ശ്രമിച്ചു. മുസ്ലിം ലിബറൽ മേൽക്കൈയിൽ ആസൂത്രണം ചെയ്യപ്പെട്ടതാണ് കലാപം എന്നാണ് എഫ്.െഎ.ആറുകളിലൂടെയും റിമാൻഡ് റിപ്പോർട്ടുകളിലൂടെയും ഡൽഹി പൊലീസ് മെനയുന്ന കഥ. കലാപത്തിെൻറ ഉത്തരവാദിത്തം സമ്പൂർണമായി പൗരത്വ പ്രക്ഷോഭകരിൽ കെട്ടിെവക്കുന്ന രീതി. കലാപത്തിൽ നേരിട്ട് പങ്കുണ്ടെന്ന് ദേശീയവും അന്തർദേശീയവുമായ മാധ്യമങ്ങൾ ഒന്നടങ്കം റിപ്പോർട്ട് ചെയ്ത കപിൽ മിശ്രയടക്കമുള്ള ബി.ജെ.പി േനതാക്കളെ രക്ഷിച്ചെടുക്കുകകൂടിയാണ് ഭരണകൂടം ഇതുവഴി ചെയ്യുന്നതെന്ന് വ്യക്തം. കലാപത്തിലൂടെ ചാന്ദ്ഭാഗിലും ഭജൻപുരയിലും ഖുറേജിയിലും ഒക്കെയുള്ള പ്രക്ഷോഭകരെ കൂട്ടക്കുരുതി നടത്തിയതിന് പുറമെയാണ് കലാപത്തെക്കുറിച്ച അന്വേഷണത്തിെൻറ മറവിൽ പൊലീസ് വീണ്ടും പൗരത്വ പ്രക്ഷോഭകരെ വേട്ടയാടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.