കോട്ടയം: അക്ഷരനഗരിയിൽ ഒരുങ്ങുന്ന അക്ഷര മ്യൂസിയത്തിന് ഒരുക്കം തുടങ്ങി. നാട്ടകത്ത് ഇന്ത്യപ്രസ് സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് 25,000 ചതുരശ്രയടിയിലുള്ള കെട്ടിടമാണ് മ്യൂസിയത്തിനായി ഒരുങ്ങുന്നത്. ഇതിന്റെ നിർമാണത്തിന് തുടക്കമായി. ഉരാളുങ്കൽ ലേബർ സൊസൈറ്റിക്കാണ് നിർമാണ കരാർ. വിവിധ തട്ടുകളായുള്ള സ്ഥലം മണ്ണുമാന്തി ഉപയോഗിച്ച് നിരപ്പാക്കുന്ന ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. മണ്ണ് നീക്കുന്നതിനൊപ്പം അടിത്തറയുടെ പൈലിങ് പ്രവർത്തനങ്ങൾക്കും തുടക്കമായിട്ടുണ്ട്.
ഫെബ്രുവരിയിൽ മ്യൂസിയത്തിനു സഹകരണമന്ത്രി വി.എന്‍. വാസവന് തറക്കല്ലിട്ടതിന് പിന്നാലെ പണി ആരംഭിച്ചെങ്കിലും നിലച്ചിരുന്നു. ഇതാണിപ്പോൾ പുനരാരംഭിച്ചിരിക്കുന്നത്. ഇതിനിടെ പദ്ധതിക്ക് കാലതാമസം വരാതിരിക്കാനും സാങ്കേതിക പരിശോധന ഉറപ്പാക്കാനും സഹകരണ സംഘം രജിസ്ട്രാറുടെ ശിപാര്‍ശ അനുസരിച്ച് സഹകരണ വകുപ്പ് ടെക്നിക്കല്‍ കമ്മിറ്റിയെ നിയോഗിച്ച് ഉത്തരവിറക്കിയിരുന്നെങ്കിലും പിന്നീട് റദ്ദാക്കിയിരുന്നു. ഇത്തരം ആശയക്കുഴപ്പങ്ങൾ അവസാനിപ്പിച്ചാണ് വീണ്ടും നിർമാണം നടക്കുന്നത്.
കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്താണ് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള നാട്ടകത്തെ നാലേക്കർ സ്ഥലത്ത് അക്ഷര-ഭാഷ-സാഹിത്യ-സാംസ്കാരിക മ്യൂസിയം പണിയാന്‍ സഹകരണ വകുപ്പ് പദ്ധതി തയാറാക്കിയത്. ഒരു പുസ്തകം തുറന്നുവെച്ച മാതൃകയിലാകും കെട്ടിടം ഉയരുക. പത്തുകോടി ചെലവഴിച്ച് നാലുഘട്ടമായിട്ടായിരിക്കും നിർമാണം.
ആദ്യഘട്ടത്തിൽ ഗുഹാചിത്രങ്ങൾ, അച്ചടിയുടെ ഉത്ഭവം, വികാസം, പരിണാമം, പഴയ അച്ചടി യന്ത്ര പ്രവർത്തനം, മാതൃക പ്രദർശനം എന്നിവ ഒരുക്കും. ഇതിനായി പ്രാചീന ലിപികൾ അടക്കം ശേഖരിക്കുന്ന ജോലികളും പുരോഗമിക്കുകയാണ്. മൺമറഞ്ഞ സാഹിത്യകാരന്മാരുടെ പ്രസംഗങ്ങൾ അവരുടെ ശബ്ദത്തിൽ കേൾക്കാനുള്ള സൗകര്യവും ഇവിടെയുണ്ടാകും.
വെർച്വൽ റിയാലിറ്റി സംവിധാനത്തോടെ അവരുമായി സംവദിക്കാം. എഴുത്തും സാഹിത്യവുമായി ബന്ധപ്പെട്ട് പുരാവസ്തു-പുരാരേഖകളുടെ വിപുലമായ ശേഖരണം, സംരക്ഷണം, ഡിജിറ്റൽ /ഓഡിയോ ലൈബ്രറി, ഓഡിയോ വിഡിയോ സ്റ്റുഡിയോ, മൾട്ടിപ്ലക്സ് ആംഫി തിയറ്റർ, വിപുലമായ പുസ്തകശേഖരം, സുവനീർ ഷോപ് പുസ്തകങ്ങളുടെ ആദ്യ പതിപ്പുകൾ, ആർകൈവിങ്, എപ്പിഗ്രഫി, മ്യൂസിയോളജി, കൺസർവേഷൻ വിഷയങ്ങളിൽ പഠന ഗവേഷണ സൗകര്യം എന്നിവ വിവിധഘട്ടങ്ങളിലായി ഒരുക്കും. തകഴി, ബഷീർ, കാരൂർ, പൊൻകുന്നം വർക്കി, ലളിതാംബിക അന്തർജനം എന്നിവരുടെ മെഴുകുപ്രതിമകളും സ്ഥാപിക്കും. കവിത, ഗദ്യം, വൈജ്ഞാനിക സാഹിത്യം എന്നിവയുടെ വിപുലമായ ശേഖരം ഒരുക്കാനും പദ്ധതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.