ന്യൂഡൽഹി: കേന്ദ്രസാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക് മത്സരിച്ച സാഹിത്യകാരൻ സി. രാധാകൃഷ്ണൻ പരാജയപ്പെട്ടു. സംഘപരിവാർ പിന്തുണയോടെ മത്സരിച്ച ഡൽഹി സർവകലാശാല അധ്യാപികയും ഹിന്ദി എഴുത്തുകാരിയുമായ പ്രഫ. കുമുദ് ശർമയാണ് രാധാകൃഷ്ണനെ ഒറ്റ വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയത്.
കേന്ദ്ര സാഹിത്യ അധ്യക്ഷ തെരഞ്ഞെടുപ്പിൽ സംഘപരിവാർ പാനലിന്റെ പിന്തുണയോടെ മത്സരിച്ച ജി. വെങ്കിടേശ പരാജയപ്പെട്ടു. ഔദ്യോഗിക പാനലിൽ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച മാധവ് കൗശിക് ആണ് വിജയിച്ചത്. 92 അംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയതിൽ 60 പേരുടെ പിന്തുണയോടെയാണ് മാധവ് കൗശിക് വിജയിച്ചത്. കർണാടക സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസലർ മെല്ലെപുരം ജി. വെങ്കിടേശ.
അതേസമയം, തെരഞ്ഞെടുപ്പ് രാഷ്ട്രീയവത്കരിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് സി. രാധാകൃഷ്ണൻ പ്രതികരിച്ചു. മാധവ് കൗശികിനെ പ്രസിഡന്റും സി. രാധാകൃഷ്ണനെ വൈസ് പ്രസിഡന്റുമാക്കാൻ നേരത്തെ ധാരണയായിരുന്നു. എന്നാൽ, സംഘ്പരിവാർ അനുകൂലികളുടെ പാനൽ അപ്രതീക്ഷിതമായി മത്സരം പ്രഖ്യാപിച്ചതോടെയാണ് തെരഞ്ഞെടുപ്പിലേക്ക് നീണ്ടത്. 92 പേർക്കാണ് വോട്ടവകാശമുണ്ടായിരുന്നത്. ഇതിൽ പത്തുപേർ കേന്ദ്ര സർക്കാർ നോമിനികളുമാണ്. മലയാളികളായ കെ.പി. രാമനുണ്ണി, വിജയലക്ഷ്മി എന്നിവർക്കും വോട്ടവകാശമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.