തിരുവനന്തപുരം: മലയാള സാഹിത്യലോകത്തിലെ ഏറ്റവും വലിയ പുരസ്കാരത്തിനായി തെരഞ്ഞെടുത്തതിൽ നന്ദിയുണ്ടെങ്കിലും മലയാള ഭാഷയുടെ വളർച്ചയിൽ ആശങ്കയുണ്ടെന്നും എഴുത്തച്ഛൻ പുരസ്കാര ജേതാവ് ഡോ.എസ്.കെ. വസന്തൻ. പുരസ്കാര പ്രഖ്യാപനത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ കുട്ടികൾ പുസ്തകം വായിക്കുന്നില്ല. സ്കൂൾ ലൈബ്രറികൾ മരണാവസ്ഥയിലാണ്. 10 വയസ്സ് മുതലെങ്കിലും കുട്ടികളെ വായനലോകത്തേക്ക് കൊണ്ടുവരേണ്ടതാണ്. പ്രായമായശേഷം പുസ്തക വായന പഠിക്കാൻ കഴിയില്ല. തൃശൂരിൽ കാഴ്ചബംഗ്ലാവ് കാണിക്കാൻ കുട്ടികളെ കൊണ്ടുപോകുന്ന അധ്യാപകർ ഒരിക്കൽപോലും അവരുമായി സാഹിത്യ അക്കാദമിയിൽ വരാറില്ലെന്നും അദ്ദേഹം പറഞ്ഞു. പഠനകാലത്തുതന്നെ കേരള സംസ്കാരത്തിൽ താൽപര്യമുണ്ടായിരുന്നു. വിമോചന സമര പശ്ചാത്തലത്തിൽ ഒരു നോവലാണ് ഇനി എഴുതാൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം ഇടപ്പള്ളിയില്‍ കരുണാകര മേനോന്റെയും തത്തംപള്ളി സരസ്വതി അമ്മയുടെയും മകനായി 1935ലാണ് വസന്തന് ജനിച്ചത്. കേരള സർവകലാശാലയിൽനിന്ന് മലയാളത്തിലും ഇംഗ്ലീഷിലും ബിരുദാനന്തര ബിരുദവും മലയാളസാഹിത്യത്തിൽ ഡോക്ടറേറ്റും നേടി.
കേരളചരിത്ര നിഘണ്ടു വിപുലീകരിച്ച് തയാറാക്കിയ ‘കേരള സാംസ്കാര ചരിത്ര നിഘണ്ടു’ വസന്തന്റെ ഏറ്റവും വലിയ സംഭാവനകളിലൊന്നാണ്. ബീഥോവന്റെ ജീവിതകഥയെ ആസ്പദമാക്കി റൊമെയിൻ റോളണ്ട് രചിച്ച ‘ജീൻ ക്രിസ്റ്റോഫ്’ എന്ന പുസ്തകത്തിന്റെ വിവർത്തനം, അപ്പൻതമ്പുരാൻ-ഒരുപഠനം, പടിഞ്ഞാറൻ കാവ്യമീമാംസ മലയാളികൾക്ക്, നാലപ്പാട്ട്, സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ ചരിത്രം, അരക്കില്ലം (നോവൽ), എന്റെ ഗ്രാമം എന്റെ ജനത (നോവൽ) എന്നിങ്ങനെ 40 ലധികം കൃതികള്‍ രചിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.