ശോഭക്കും ലതികക്കും വിജയാശംസകൾ നേർന്നുകൊണ്ട് കെ.ആർ മീര

കോട്ടയം: തങ്ങളുടെ തന്നെ പാർട്ടിയിലെ പുരുഷാധിപത്യത്തിനെതിരെ പോരാടുന്ന രണ്ട് സ്ത്രീകൾക്ക് വിജയാശംസകൾ നേർന്നുകൊണ്ട് എഴുത്തുകാരി കെ.ആർ മീര. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളായ കോൺഗ്രസും ബി.ജെ.പിയും സീറ്റ് നിഷേധിച്ചതിൽ പരസ്യമായി പ്രതിഷേധിച്ച വനിതാനേതാക്കൾക്ക് പിന്തുണ അറിയിച്ചുകൊണ്ടാണ് എഴുത്തുകാരി ഫേസ്ബുക്കിൽ കുറിപ്പിട്ടത്.

ബി.ജെ.പിക്കു കേരളത്തില്‍ വേരോട്ടമുണ്ടാക്കിയതില്‍ ആ പാര്‍ട്ടിയിലെ ഏതു പുരുഷ നേതാവിനെയുംകാള്‍, ‍ ശോഭ സുരേന്ദ്രനു പങ്കുണ്ടെന്ന് കെ.ആർ മീര പറഞ്ഞു. രണ്ടു പതിറ്റാണ്ടായി രക്തം വെള്ളമാക്കി ശോഭ‍ കേരളത്തിന്‍റെ അങ്ങേയറ്റം മുതല്‍ ഇങ്ങേയറ്റം വരെ ഓടി നടന്നു പ്രസംഗിക്കുന്നു. ടിവി ചര്‍ച്ചകളില്‍ പാര്‍ട്ടിയെ ന്യായീകരിച്ചു തൊണ്ട പൊട്ടിക്കുന്നു. അവരുടെ ഊര്‍ജ്ജം അസൂയപ്പെടുത്തുന്നതാണ്. ആ ഊര്‍ജ്ജമത്രയും പുരോഗമനാശയങ്ങള്‍ക്കു വേണ്ടിയായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോയിട്ടുണ്ടെെന്നും മീര പറഞ്ഞു.

ആര്‍.എസ്.എസ് പോലെ ഒരു ആണ്‍മേല്‍ക്കോയ്മ പ്രസ്ഥാനം നിയന്ത്രിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു കൊണ്ട്, മാസങ്ങളായി അവര്‍ തുടരുന്ന പ്രതിഷേധം അമ്പരപ്പിക്കുന്നതാണെന്നും മീര അഭിപ്രായപ്പെട്ടു.

തുല്യനീതിയെ കുറിച്ച് ഇത്രയേറെ ചര്‍ച്ച നടക്കുന്ന വേളയില്‍, സ്വാതന്ത്ര്യസമരത്തിനു നേതൃത്വം കൊടുത്ത ഒരു ദേശീയ പാര്‍ട്ടിയുടെ മഹിളാ സംഘടനയുടെ അധ്യക്ഷ പാര്‍ട്ടി ആസ്ഥാനത്തു വെച്ചു തല മുണ്ഡനം ചെയ്തു പ്രതിഷേധിക്കുന്നതു കാണേണ്ടി വരുന്നതു സ്ത്രീവിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ മേനി പറയുന്ന നമ്മുടെയൊക്കെ ദുര്യോഗമാണെന്നും ലതിക തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചതിനെക്കുറിച്ച് കെ.ആർ മീര പ്രതികരിച്ചു.

മീരയുടെ ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണരൂപം:

ജനസംഖ്യയില്‍ പകുതിയോളം വരുന്ന സ്ത്രീകള്‍ ഒന്നിച്ചൊരു സംഘടിത ശക്തിയായി തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട അവകാശങ്ങള്‍ ചോദിച്ചു വാങ്ങിയ ചരിത്രമില്ല.

അക്കാലം ഒരിക്കലും വരികയില്ലെന്ന ഉറപ്പിന്‍മേലാണ് അധികാരം കയ്യാളുന്ന പുരുഷന്‍മാരുടെ നിലനില്‍പ്പ്.

പക്ഷേ, ആ കാലം വന്നു തുടങ്ങി എന്ന് ഇന്നു തോന്നുന്നു. കാരണക്കാര്‍ രണ്ടു സ്ത്രീകളാണ്.

അതും, നിലവിലുള്ള വ്യവസ്ഥിതിയെ വെല്ലുവിളിച്ചുകൂടാ എന്നും വ്യവസ്ഥിതിയെ ശക്തിപ്പെടുത്തുന്നതിലാണു സ്ത്രീയുടെ സുരക്ഷിതത്വം എന്നും വിശ്വസിക്കുന്ന വലതുപക്ഷത്തെയും തീവ്രവലതുപക്ഷത്തെയും സ്ത്രീകള്‍.

–ലതിക സുഭാഷും ശോഭ സുരേന്ദ്രനും.

ലതികയെ എനിക്കു രണ്ടു പതിറ്റാണ്ടായി അറിയാം. പരിചയപ്പെടുമ്പോള്‍‍ ലതിക പത്രപ്രവര്‍ത്തകയായിരുന്നു. പിന്നീടു സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിനു വേണ്ടി ജോലി ഉപേക്ഷിച്ചു. ഒരിക്കല്‍ എല്‍.ഐ.സി. ഓഫിസില്‍ പോളിസി പുതുക്കാന്‍ ചെന്നപ്പോള്‍ ഏജന്‍സി തുക അടയ്ക്കാന്‍ ക്യൂ നില്‍ക്കുന്നതു കണ്ടു. രാഷ്ട്രീയത്തില്‍ ഇറങ്ങിയിട്ടും, ഉപജീവനത്തിന് ഇന്‍ഷുറന്‍സ് ഏജന്റായി ജോലി ചെയ്യുകയായിരുന്ന ലതികയോടു ബഹുമാനം തോന്നി. പിന്നീടു ഞങ്ങള്‍ കണ്ടതൊക്കെ ഏതെങ്കിലും സമരപരിപാടികള്‍ക്കിടയിലാണ്. സമചിത്തതയും സൗഹാര്‍ദ്ദവും ആയിരുന്നു, ലതികയുടെ മുഖമുദ്ര.

ലതിക ഇന്നത്തെപ്പോലെ പ്രതികരിക്കുമെന്നു ഞാന്‍ വിചാരിച്ചതല്ല. തുല്യനീതിയെക്കുറിച്ച് ഇത്രയേറെ ചര്‍ച്ച നടക്കുന്ന വേളയില്‍, സ്വാതന്ത്ര്യസമരത്തിനു നേതൃത്വം കൊടുത്ത ഒരു ദേശീയ പാര്‍ട്ടിയുടെ മഹിളാ സംഘടനയുടെ അധ്യക്ഷ, പാര്‍ട്ടി ആസ്ഥാനത്തു വച്ചു തല മുണ്ഡനം ചെയ്തു പ്രതിഷേധിക്കുന്നതു കാണേണ്ടി വരുന്നതു സ്ത്രീവിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ മേനി പറയുന്ന നമ്മുടെയൊക്കെ ദുര്യോഗം.

ശോഭ സുരേന്ദ്രനെ എനിക്കു പരിചയമൊന്നുമില്ല. പത്തുപതിമൂന്നു വര്‍ഷം മുമ്പ് ഒരു ടിവി ചര്‍ച്ചയില്‍ വച്ചു കണ്ടിട്ടുണ്ട് എന്നു മാത്രം.

എങ്കിലും, തീവ്രവലതുപക്ഷത്തു നിലകൊണ്ട്, ആര്‍.എസ്.എസ്. പോലെ ഒരു ആണ്‍മേല്‍ക്കോയ്മാ പ്രസ്ഥാനം നിയന്ത്രിക്കുന്ന രാഷ്ട്രീയപാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചുകൊണ്ട്, മാസങ്ങളായി അവര്‍ തുടരുന്ന പ്രതിഷേധം അമ്പരപ്പിക്കുന്നതാണ്.

ബി.െജ.പിക്കു കേരളത്തില്‍ വേരോട്ടമുണ്ടാക്കിയതില്‍ ആ പാര്‍ട്ടിയിലെ ഏതു പുരുഷ നേതാവിനെയുംകാള്‍, ‍ ശോഭ സുരേന്ദ്രനു പങ്കുണ്ട്.

രണ്ടു പതിറ്റാണ്ടായി രക്തം വെള്ളമാക്കി അവര്‍ കേരളത്തിന്റെ അങ്ങേയറ്റം മുതല്‍ ഇങ്ങേയറ്റം വരെ ഓടി നടന്നു പ്രസംഗിക്കുന്നു. ടിവി ചര്‍ച്ചകളില്‍ പാര്‍ട്ടിയെ ന്യായീകരിച്ചു തൊണ്ട പൊട്ടിക്കുന്നു. അവരുടെ ഊര്‍ജ്ജം അസൂയപ്പെടുത്തുന്നതാണ്. ആ ഊര്‍ജ്ജമത്രയും പുരോഗമനാശയങ്ങള്‍ക്കു വേണ്ടിയായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോയിട്ടുണ്ട്.

എന്നിട്ടും, എത്ര നിസ്സാരമായാണ് അവരെ നിശ്ശബ്ദയാക്കിയത് ! എത്ര ഹൃദയശൂന്യമായാണ് അവര്‍ക്കു സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചത് !

പക്ഷേ, ഇക്കാലത്തെ ഏറ്റവും വലിയ വെല്ലുവിളി വൈകാരികമായും ബൗദ്ധികമായും ശാക്തീകരിക്കപ്പെട്ട സ്ത്രീകളും പഴയ ആണത്തസങ്കല്‍പ്പത്തിന്റെ തടവുകാരായ പുരുഷന്‍മാരും തമ്മില്‍ വര്‍ധിക്കുന്ന അന്തരമാണ്.

അതിന്റെ നല്ല ഉദാഹരണമായിരുന്നു, ശോഭാസുരേന്ദ്രന്റെ ഇന്നത്തെ പത്രസമ്മേളനം. വളരെ കൃത്യവും മൂര്‍ച്ചയുള്ളതുമായ വാക്കുകള്‍:

'' കേരളത്തിലെ ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ആദ്യാവസരവും സുവര്‍ണാവസരവുമാണ് ഇത്. രണ്ടു സീറ്റിലാണു സംസ്ഥാന അധ്യക്ഷന്‍ മല്‍സരിക്കുന്നത്. രണ്ടു സീറ്റിലും അദ്ദേഹത്തിനു വിജയാശംസകള്‍ നേരുന്നു. ''

ലതിക തലമുണ്ഡനം ചെയ്തതിനെ കുറിച്ചും വളരെ പക്വതയോടെയാണു ശോഭ സുരേന്ദ്രന്‍ പ്രതികരിച്ചത്. അവര്‍ ഉപയോഗിച്ച വാക്കുകള്‍ ശ്രദ്ധേയമാണ് :

''രാഷ്ട്രീയ രംഗത്തുള്ള പുരുഷന്‍മാര്‍ക്കു പുനര്‍വിചിന്തനത്തിനു തയ്യാറാകുന്ന സാഹചര്യമാണ് ഈ കാഴ്ചയില്‍നിന്ന് അവര്‍ക്കു കിട്ടുക എന്നു കരുതുന്നു. ''

ജനസംഖ്യയില്‍ പകുതിയോളം വരുന്ന സ്ത്രീകള്‍ കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഒന്നിച്ചൊരു സംഘടിത ശക്തിയായി തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട അവകാശങ്ങള്‍ക്കായി വിലപേശുന്ന കാലം വരെയേയുള്ളൂ ആണത്തത്തിന്റെ പേരിലുള്ള അധീശത്വം.

അങ്ങനെയൊരു കാലം വരാതിരിക്കില്ല. കുറച്ചു വൈകിയാലും.

അതുവരെ, ഇടതും വലതും തീവ്രവലത്തും നിലകൊള്ളുന്ന ഒരുപാടു സ്ത്രീകള്‍ക്ക് ഒറ്റയ്ക്കു യുദ്ധം ചെയ്യേണ്ടി വരും.

ഒറ്റയ്ക്കു യുദ്ധം ചെയ്യാന്‍ തീരുമാനിക്കുന്നതു തന്നെ ഒരു രാഷ്ട്രീയ വിജയമാണ്.

ലതികയ്ക്കും ശോഭ സുരേന്ദ്രനും വിജയാശംസകള്‍.


 


Tags:    
News Summary - KR Meera congratulates BJP leader Sobha and congress leader Lathika subhash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.