ബംഗളൂരു: എല്ലാ എഴുത്തുകാരും പ്രവാസി സാഹിത്യകാരന്മാരാണെന്ന് കവി വീരാൻകുട്ടി അഭിപ്രായപ്പെട്ടു. ബാംഗ്ലൂർ റൈറ്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ് ഫോറം സംഘടിപ്പിച്ച കവിതായനം പരിപാടിയിൽ ‘വാക്കും വിതാനവും’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം മണ്ണിലിരിക്കുമ്പോൾ നമുക്ക് ചുറ്റിലുള്ളതൊന്നും നമുക്ക് സാഹിത്യവസ്തുക്കളല്ല. നമ്മളിൽനിന്ന് പൊയ്പ്പോകുന്ന വസ്തുക്കളെക്കുറിച്ച്, അവസ്ഥകളെക്കുറിച്ച്, പാരമ്പര്യത്തെക്കുറിച്ചാണ് നമ്മൾ എഴുതിത്തുടങ്ങുന്നത്.
നമ്മളിൽ നിന്ന് സ്ഥാനം തെറ്റി പോകുന്നവയെക്കുറിച്ച് നമുക്കുള്ള ആധിയും വ്യസനവും എഴുത്തിന്റെ ഭാഗമായി വരുന്നു. അവനവനെ വീണ്ടെടുക്കാനുള്ള ശ്രമമാണ് കവിതയിലൂടെ നടക്കുന്നത്. ഭാഷയിലൂടെ അവനവനെ മോചിപ്പിക്കുക എന്നതാണ് കവിതയുടെ ദൗത്യം. എന്നെ സംബന്ധിച്ച്, ഭാഷയുടെ ചിറകുകൊണ്ട് സ്വയം തണുപ്പിക്കാനുള്ള എന്റെ ശ്രമമാണ് എന്റെ കവിത.
ഇന്നിന്റെ കവിതയെന്നോ നാളെയുടെ കവിതയെന്നോ കവിതയെ വേർതിരിക്കാനാവില്ലെന്നും അത് സാർവലൗകികവും സാർവകാലികവുമാണെന്നും അദ്ദേഹം പറഞ്ഞു. പൂർണതയെയും ബോധപൂർവം സൃഷ്ടിക്കുന്ന ക്രമത്തെയും മറികടക്കുന്നു എന്നതാണ് കവികളെ മറ്റു എഴുത്തുകാരിൽനിന്ന് വ്യത്യസ്തരാക്കുന്നതെന്നും അതുകൊണ്ടാണ് എല്ലാ കാലത്തും കവികൾ ഭരണകൂടത്തിന്റെ എതിർപക്ഷത്ത് നിലകൊള്ളുന്നതെന്നും വീരാൻകുട്ടി ചൂണ്ടിക്കാട്ടി.
കാരുണ്യ ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് കലിസ്റ്റസ് അധ്യക്ഷത വഹിച്ചു. ‘കവിതായനം’ ചടങ്ങിൽ എഴുത്തുകാരൻ കിഷോർ ആമുഖഭാഷണം നടത്തി. ടി.പി. വിനോദ്, ബിന്ദു സജീവ്, രമ പ്രസന്ന പിഷാരടി, വിന്നീ ഗംഗാധരൻ, ഉണ്ണികൃഷ്ണൻ നമ്പീശൻ, കൃഷ്ണൻ നമ്പ്യാർ, സതീഷ് തോട്ടശ്ശേരി, ഇഖ്ബാൽ ചേന്നര, രാഹുൽ, സിന കെ.എസ്, സിന്ധു ഗാഥ, ഹസീന ഷിയാസ്, അൻവർ മുത്തില്ലത്ത്, അഖിൽ ജോസ്, സുരേന്ദ്രൻ വെൺമണി, കൃഷ്ണമ്മ, ആർ.വി. ആചാരി, ഗീത പി. എന്നിവർ കവിതകൾ അവതരിപ്പിച്ചു. ബി.എസ്. ഉണ്ണികൃഷ്ണൻ, സുദേവൻ പുത്തൻചിറ, ഡെന്നീസ് പോൾ, രഞ്ജിത്ത്, ടി.എം. ശ്രീധരൻ എന്നിവർ കവിതകൾ അവലോകനം ചെയ്തു.
സതീഷ് തോട്ടശ്ശേരി, മുഹമ്മദ് കുനിങ്ങാട്, സി.എച്ച്. പത്മനാഭൻ, രമ പ്രസന്ന പിഷാരടി എന്നിവരുടെ പുസ്തകങ്ങൾ വീരാൻകുട്ടി പ്രകാശനം ചെയ്തു. രമ പ്രസന്ന പിഷാരടി, വിഷ്ണുമംഗലം കുമാർ, തങ്കച്ചൻ പന്തളം, ശാന്തകുമാർ എലപ്പുള്ളി എന്നിവർ കോപ്പി ഏറ്റുവാങ്ങി. പതിനൊന്നോളം സാഹിത്യ ആസ്വാദകരെയും എഴുത്തുകാരെയും ഗായകരെയും ചേർത്തുകൊണ്ട് നടത്തിയ കാവ്യമാലികക്ക് ഗീതാ നാരായണൻ നേതൃത്വം നൽകി. ഗോപാലകൃഷ്ണൻ, സി.ഡി. തോമസ്, സെക്രട്ടറി മുഹമ്മദ് കുനിങ്ങാട്, ജോയന്റ് സെക്രട്ടറിമാരായ അനിൽ മിത്രാനന്ദപുരം, അർച്ചന സുനിൽ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് തങ്കച്ചൻ പന്തളം സ്വാഗതവും ട്രഷറർ ശാന്തകുമാർ എലപ്പുള്ളി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.