ശ്രീ ലങ്കയിൽ അമ്പത് കൊല്ലമായി താമസിക്കുന്ന ഗുലാം മുഹമ്മദ് കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് സെക്യൂരിറ്റി ചെക്ക് കഴിഞ്ഞ് പുറത്തേക്കിറങ്ങി ചുറ്റുപാടും നോക്കുമ്പോഴാണ് തെരുവിൽ സംഘം ചേരാനോ മുദ്രാവാക്യം വിളിക്കാനോ പാടില്ലായെന്ന നിയമം ഭൂരിപക്ഷത്തോടെ പാർലമെന്റിൽ പാസാക്കിയ വാർത്ത ടെലിവിഷനിലൂടെ പറയുന്നത് കേട്ടത്.
ഒരു കാലത്ത് ഗുലാം മുഹമ്മദിന്റെ യൗവനം തെരുവിൽ മുദ്രാവാക്യം വിളിക്കാനും പോസ്റ്റർ ഒട്ടിക്കാനും യോഗം കൂടാനും വേണ്ടിയുള്ളതായിരുന്നു. കേസും കോടതിയും ഒളിവും അണ്ടർഗ്രൗണ്ടും ജയിലും വക്കീലും അടിയും ഇടിയുമൊക്കെ അധികരിച്ചപ്പോൾ വീട്ടുകാർ മുന്നിട്ടിറങ്ങി കുടുംബസമേതം ശ്രീലങ്കയിൽ കുടിയേറിയതായിരുന്നു ഗുലാം മുഹമ്മദ്. എയർപോർട്ട് ടാക്സിയിൽ ഗുലാം മുഹമ്മദ് കയറി.
കോഴിക്കോട്ടങ്ങാടിയിലെ സന്തോഷ് ക്ലിനിക്കിൽ എഴുപതുകളിൽ പഠിച്ചവരുടെ കൂട്ടായ്മയിൽ പങ്ക് ചേരാനാണ് സിംഹളദേശത്തുനിന്ന് ഗുലാം മുഹമ്മദ് വന്നത്. പരിപാടിക്ക് ശേഷം നാട്ടിലെ പൂട്ടിയിട്ട വീട്ടിൽ ഒരാഴ്ച താമസിച്ച് നാടിനെയും നാട്ടുകാരെയും കണ്ട് നാല് വർത്തമാനം പറയണമെന്നതാണ് തീരുമാനം.ഓഡിറ്റോറിയത്തിലെ ആഘോഷ പരിപാടി കഴിഞ്ഞശേഷം എല്ലാവരോടും യാത്ര ചോദിച്ചിറങ്ങി കോഴിക്കോട്ടെ തീവണ്ടിയാപ്പീസിൽനിന്ന് പാസഞ്ചർ വണ്ടിയിൽ കയറി കിട്ടിയ സീറ്റിലിരുന്നു.
കണ്ണൂരിൽ ബസ് ഇറങ്ങി ഗൂഗ്ൾ മാപ്പിന്റെ സഹായത്തോടെ വീട്ടുമുറ്റത്ത് ഓട്ടോ എത്തിച്ചേർന്നപ്പോൾ ചുറ്റുപാടും ഇരുട്ടായിരുന്നു. ഗുലാം മുഹമ്മദിന്റെ തറവാട് പരിപാലനം നടത്തുന്നത് അയൽക്കാരനായ വാര്യരാണ്. വളപ്പിൽനിന്നുള്ള തേങ്ങയും ചക്കയും അടക്കയും കശുമാങ്ങയും വിറ്റ് കിട്ടുന്ന പണം വാര്യർക്കുള്ളതാണ്.
നാട്ടിലെ സ്വത്ത് വാര്യർക്ക് എഴുതി കൊടുക്കാൻ ഉപ്പയും ഉമ്മയും ഒരു ദിവസം വരുമെന്ന കാര്യം ഗുലാം മുഹമ്മദിന് അറിയാം. ശിഷ്ടകാലം ശ്രീലങ്കയിൽ തന്നെ ജീവിച്ച് മരിക്കാനാണ് ഉമ്മയുടെയും ഉപ്പയുടെയും ആഗ്രഹം.
യാത്രാക്ഷീണം കാരണം കട്ടിലിൽ ഗുലാം മുഹമ്മദ് കിടന്നു. തുറന്നിട്ട ജാലകവാതിലിലൂടെ നേർത്ത കാറ്റിൽ ഉലയുന്ന ഇലപ്പച്ചകളുടെ സംഗീതവും തവളകളുടെ കരച്ചിലും കടവാതിലിന്റെ പിടച്ചിലോട്ടവും നോക്കിയും അറിഞ്ഞും എപ്പോഴോ ഉറങ്ങി.
രാവിലെ ദൂരെയുള്ള പള്ളിയിൽനിന്നും സുബഹി വാങ്ക് കേട്ടപ്പോൾ കട്ടിലിൽനിന്നും ഇറങ്ങി കുളിമുറിയിൽ കയറി പല്ലും മുഖവും കഴുകി വസ്ത്രങ്ങൾ മാറ്റി വാതിൽ ചാരി ഗുലാം മുഹമ്മദ് പുറത്തേക്കിറങ്ങി. വീടിന്റെ മുന്നിലെ കുത്തനെയുള്ള കയറ്റം കയറി ഹൈവേ നിരത്തിലെത്തി.
പെട്ടെന്ന്, ഗുലാം മുഹമ്മദിന്റെ മുന്നിലേക്ക് ഓടിവന്ന പൊലീസ് ജീപ്പ് സഡൻ ബ്രേക്കിട്ട് നിന്നു. ഞെട്ടലോടെ ഗുലാം മുഹമ്മദ് പിറകിലേക്ക് മാറി. ഗുലാമിന്റെ നീക്കങ്ങൾ ജാഗ്രതയോടെ മുൻസീറ്റിൽ ഇരിക്കുന്ന ഇൻസ്പെക്ടർ നോക്കുന്നുണ്ട്. പേടിയോടെ ഗുലാം മുഹമ്മദ് ജീപ്പ് നോക്കി. വെളിച്ചം കെടുത്തിയ ജീപ്പിന്റെ അകത്ത് പൊലീസുകാർ ഇരിക്കുന്നത് നിഴൽ വെളിച്ചത്തിൽ ഗുലാം മുഹമ്മദ് കണ്ടു.
കുറച്ചുസമയം കഴിഞ്ഞപ്പോൾ ജീപ്പിന്റെ മുൻവാതിൽ തുറന്ന് ചെറുപ്പക്കാരനായ പൊലീസ് ഇൻസ്പെക്ടർ ഇറങ്ങി വന്ന് ഗുലാം മുഹമ്മദിന് അഭിമുഖമായി നിന്നു. ഇൻസ്പെക്ടറുടെ ശരീരത്തിലെ പേശീബലം കൈ പ്രയോഗങ്ങളിലൂടെ ഗുലാം മുഹമ്മദിന്റെ മുന്നിൽ പ്രദർശിപ്പിച്ചു. ചുമലിൽ തട്ടി ഇൻസ്പെക്ടർ മീശ തടവി.
‘‘എന്താടാ പേര്?’’ മകന്റെ പ്രായമുള്ള പൊലീസ് ഇൻസ്പെക്ടർ ഗുലാം മുഹമ്മദിനോട് ചോദിച്ചു.
‘‘ഗുലാം മുഹമ്മദ്’’ അയാൾ പറഞ്ഞു.
‘‘എവിടെയാ വീട്?’’
ഇടത് വശത്തെ ചുകന്ന ആകാശത്തിന് കീഴെ വിരൽ ചൂണ്ടി ‘‘കീരിയാട്ട് വയലിലാ...’’ ഗുലാം മുഹമ്മദ് മറുപടി പറഞ്ഞു.
‘‘എവിടെയാ പോകുന്നത്?’’ ഇൻസ്പെക്ടറുടെ ചോദ്യം വന്നു.
‘‘പള്ളീൽ...’’ ഗുലാം മുഹമ്മദ് മറുപടി പറഞ്ഞു.
‘‘ഏത് പള്ളിയിൽ?’’ ഇൻസ്പെക്ടറുടെ ചോദ്യം.
മറുപടി പറയാതെ ഗുലാം മുഹമ്മദിന്റെ തല താഴ്ത്തിനിൽപ് ഇൻസ്പെക്ടറിൽ ദേഷ്യമുണ്ടാക്കി. ഗുലാം മുഹമ്മദിന്റെ കഴുത്തും കുപ്പായവും ചുരുട്ടിപ്പിടിച്ച് ജീപ്പിൽ ചേർത്തുപിടിച്ച് മുകളിലേക്ക് ഉയർത്തി പറയെടാ എന്ന് ഇൻസ്പെക്ടർ അലറി. ഗുലാം മുഹമ്മദിന്റെ തൊണ്ടയിൽ കുടുങ്ങിക്കിടക്കുന്ന വാക്കുകൾക്ക് ശ്വാസം മുട്ടി. കഴുത്ത് പിടിത്തം വിട്ടപ്പോൾ അയാൾ നിലത്തുവീണു.
‘‘പള്ളീൽ നിസ്കരിക്കാൻ...’’ തമിഴ് ചുവയുള്ള ഗുലാം മുഹമ്മദിന്റെ സംസാരത്തിൽ എന്തോ പന്തികേട് ഇൻസ്പെക്ടർക്ക് തോന്നിയതുപോലെ.
‘‘ഏത് പള്ളിയില്..?’’ ഇൻസ്പെക്ടർ ചോദിച്ചു.
ഗുലാം മുഹമ്മദ് ഒന്ന് പരുങ്ങി. അത് കണ്ടപ്പോൾ ഒരു പ്രതിയെയാണ് കിട്ടിയിരിക്കുന്നതെന്ന് ഇൻെസ്പക്ടർ ഉറപ്പിച്ചു. മനസ്സിനകത്ത് പല കണക്കുകൂട്ടലും നടത്തി. കുറ്റവാളിയെപ്പോലെ തലതാഴ്ത്തി നിൽക്കുന്ന ഗുലാം മുഹമ്മദിന്റെ മുഖത്ത് അയാൾ ആഞ്ഞടിച്ചു. ജീപ്പിൽനിന്ന് നാല് പൊലീസുകാർ ഇറങ്ങിവന്ന് നിലത്ത് കിടക്കുന്ന ഗുലാം മുഹമ്മദിന്റെ നേരെ തോക്കുചൂണ്ടി. ഇൻസ്പെക്ടറെ ദയനീയമായി ഗുലാം മുഹമ്മദ് നോക്കി. മൂരിനിവർന്ന് ഇൻസ്പെക്ടർ ചോദിച്ചു.
‘‘നീ നിസ്കരിക്കാൻ പോകുന്നപള്ളിക്ക് പേരുണ്ടാകുമല്ലോ... അത് പറയ്.’’ ഇൻസ്പെക്ടർ ചോദ്യം വിശദീകരിച്ച് കൊടുത്തിട്ടും ഉത്തരം കിട്ടാതെ പരുങ്ങുന്നത് കണ്ട് മുന്നിൽനിൽക്കുന്നയാൾ അപകടകാരിയാണെന്ന് ഇൻസ്പെക്ടർ ഉറപ്പിച്ചു.
നാട്ടിലുണ്ടായ കാലത്ത് പള്ളികളെക്കുറിച്ച് പല പഠനങ്ങളും നടത്തിയ ഗുലാം മുഹമ്മദിന് ഒരു പള്ളിയുടെ പേരുപോലും ഓർത്തെടുക്കാൻ കഴിഞ്ഞില്ല. ഗുലാം മുഹമ്മദിന്റെ മനസ്സിൽ ശ്രീലങ്കയിലെ പള്ളികളുടെ പേരാണ് തെളിഞ്ഞുവരുന്നത്. ഉരിയാടാതെ ഒറ്റ നിൽപ് തുടരുന്ന ഗുലാം മുഹമ്മദിനെ കണ്ടപ്പോൾ ഇൻസ്പെക്ടറുടെ ദേഷ്യം അധികരിച്ചു. ഇൻസ്പെക്ടറുടെ മുഖം ചുകന്നു. കൈപ്പത്തി ചുരുട്ടിപ്പിടിച്ച് ഗുലാം മുഹമ്മദിനെ കുനിച്ച് നിർത്തി ഇൻസ്പെക്ടർ അടിച്ചു.
നാവിന്റെ തുമ്പത്ത് പള്ളികളുടെ വിളിപ്പേര് കയറിവരുന്നുണ്ടെങ്കിലും വാക്കുകളായി പുറത്തേക്ക് വരുന്നില്ല.
‘‘ഇയാള് കാര്യം പറയുന്നില്ലല്ലോ... എന്നാ പിന്നെ ക്യാമ്പിൽ കൊണ്ടുപോയി പറയിപ്പിക്കാം...’’ പൊലീസുകാരോട് ഇൻസ്പെക്ടർ ഒച്ച ഉയർത്തി ചോദിച്ചു. ഗുലാം മുഹമ്മദിന്റെ കഴുത്ത് ചുരുട്ടിപ്പിടിച്ച് നിലത്തൂടെ വലിച്ചിഴച്ച് ജീപ്പിന്റെ അരികിലേക്ക് നടക്കുന്നതിനിടയിൽ ‘പറയെടാ, ഏത് പള്ളിയിലാ നിസ്കരിക്കാൻ പോകുന്നത്’ എന്ന് ഇൻസ്പെക്ടർ വീണ്ടും ചോദിച്ചു.
പള്ളിയുടെ പേര് ഗുലാം മുഹമ്മദിന്റെ മനസ്സിലേക്ക് അപ്പോൾ കയറിവന്നു. ഗുലാം മുഹമ്മദിന് സന്തോഷമായി.
‘ഞാൻ പറയാം...’ എന്ന് കൈ ഉയർത്തി ഗുലാം മുഹമ്മദ് പറഞ്ഞു. പൊലീസുകാരും ഇൻസ്പെക്ടറും ഗുലാം മുഹമ്മദിന്റെ ഉത്തരത്തിനായി കാത്തു.
‘‘ബാബറി മസ്ജിദ്’’
ഗുലാം മുഹമ്മദ് പറയുന്നത് കേട്ട് ഇൻസ്പെക്ടറും പൊലീസുകാര്യം ഒരു നിമിഷം നിശ്ശബ്ദരായി. ഗുലാം മുഹമ്മദിനെ എല്ലാവരും തുറിച്ചുനോക്കി. മനുഷ്യനാണോ പ്രേതമാണോയെന്ന സംശയം ഇൻസ്പെക്ടർക്കും പൊലീസുകാർക്കും ഉണ്ടായി. ഗുലാം മുഹമ്മദിനെ പിടിച്ചപ്പോൾ കൈപ്പത്തിയിൽ തണുപ്പ് ഉണ്ടായോയെന്ന സംശയം ഇൻസ്പെക്ടർക്ക് തോന്നി.
‘‘ബാബറി മസ്ജിദ്... അത് പൊളിച്ചല്ലോ...’’
ഗുലാം മുഹമ്മദിനോട് ഇൻസ്പെക്ടർ പറഞ്ഞു.
പൊലീസുകാരെയും ഇൻസ്പെക്ടറെയും നോക്കി ഉയരത്തിലേക്ക് ഉയർന്ന് ഗുലാം മുഹമ്മദ് അപ്പോൾ ചോദിച്ചു.
‘‘ആര്..?’’
കുറ്റവാളിയെപ്പോലെ നിയമം തലതാഴ്ത്തി നിൽക്കുന്നത് കണ്ടപ്പോൾ ഗുലാം മുഹമ്മദിന് സന്തോഷമായി. ഗുലാം മുഹമ്മദിന്റെ കണ്ണുകൾ തീച്ചാമുണ്ടിയെപ്പോലെ ജ്വലിച്ചു. പിളർത്തിയ വായിലൂടെ തീയുണ്ടകൾ പറന്നു. ഗുലാം മുഹമ്മദ് കൂക്കിവിളിച്ചു. ശരീരത്തിനെ പൊതിഞ്ഞ വസ്ത്രങ്ങൾ കീറിപ്പറിച്ചെറിഞ്ഞ് നഗ്നനായി. അപ്പോൾ വീതികൂടിയ കാലടി ഗുലാം മുഹമ്മദിന്റെ തലയിൽ അമർന്നു. അങ്ങനെ ഗുലാം മുഹമ്മദ് പാതാളത്തിലേക്ക് താഴ്ന്നിറങ്ങിക്കൊണ്ടേയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.