അക്ഷരങ്ങൾകൊണ്ട് എങ്ങനെ പോരാടാമെന്ന് 81 വയസ്സിനിടെ നിക്കി ജിയോവാനി പഠിപ്പിച്ചു
കറുത്ത അമേരിക്കൻ, മകൾ, അമ്മ, ഇംഗ്ലീഷ് പ്രഫസർ... നിക്കി ജിയോവാനി സ്വയം അഭിമാനിച്ചത് ഈ പദവികളിലൂടെ മാത്രമായിരുന്നു. കവി, പുസ്തക രചയിതാവ്, ആക്ടിവിസ്റ്റ് തുടങ്ങിയ തലങ്ങൾ വർണവിവേചനത്തിനെതിരായ പോരാട്ടത്തിൽ, ശബ്ദമുയർത്തിയപ്പോൾ അവളെ തേടിയെത്തിയതായിരുന്നു. രണ്ടുതവണ പൊരുതി തോൽപിച്ച അർബുദം മൂന്നാമതെത്തി ഡിസംബർ ഒമ്പതിന് ജീവനെടുക്കുമ്പോഴേക്കും ഒരു ജനതയുടെ ശബ്ദമായി അവൾ മാറിയിരുന്നു.
അക്ഷരങ്ങൾകൊണ്ട് എങ്ങനെ പോരാടാമെന്ന് 81 വയസ്സിനിടെ നിക്കി ജിയോവാനി പഠിപ്പിച്ചു. എഴുതി പൂർത്തിയാക്കി പ്രസിദ്ധീകരിച്ചത് 25ലധികം പുസ്തകങ്ങൾ. ആഫ്രിക്കൻ-അമേരിക്കൻ അനുഭവങ്ങളും രാഷ്ട്രീയവും സാമൂഹിക പോരാട്ടങ്ങളുമായിരുന്നു നിക്കിയുടെ പുസ്തകങ്ങളിൽ നിറയെ. വർണവിവേചനത്തിനെതിരെ, കറുത്തവർഗക്കാരുടെ നീതിക്കുവേണ്ടി നിരന്തരം ശബ്ദിച്ചുകൊണ്ടിരുന്നു. ‘ബ്ലാക്ക് ജഡ്ജ്മെന്റ്’, ‘ബ്ലാക്ക് ഫീലിങ് ബ്ലാക്ക് ടോക്’ എന്നിവ റെക്കോഡ് വിൽപന നടന്ന പുസ്തകങ്ങളുമായി.
പതിറ്റാണ്ടുകളോളം ‘ലിറ്റററി സെലിബ്രിറ്റി’ എന്ന വിശേഷണം അവളുടെ പേരിനൊപ്പം ഉയർന്നു. അമേരിക്കൻ കവികളിൽ പോരാട്ടത്തിന്റെ വഴിയായിരുന്നു നിക്കിക്ക്. കവിതകളിൽ രാഷ്ട്രീയവും വിമോചന ആഹ്വാനവും. തന്റെ ഒടുവിലത്തെ കവിതാസമാഹാരമായ ‘ദി ലാസ്റ്റ് ബുക്ക്’ അടുത്തവർഷം പുറത്തിറങ്ങാനിരിക്കെയാണ് ജിയോവാനിയുടെ വേർപാട്.
‘ബ്ലാക്ക് ആർട്സ്’ പ്രസ്ഥാനത്തിന്റെ ശബ്ദമായിരുന്നു നിക്കി. ‘Poet of the Black Revolution’ എന്ന വിശേഷണവും നിക്കിയെ തേടിയെത്തി. 1970കളിൽ ബാലസാഹിത്യ രചനകളിലൂടെയായിരുന്നു നിക്കിയുടെ എഴുത്തുലോകത്തിന്റെ തുടക്കം. പിന്നീട് അവളുടെ കവിതകളിൽ സാമൂഹിക, രാഷ്ട്രീയ, മാനുഷിക വിഷയങ്ങൾ ഇടംപിടിച്ചു.
തുടക്കക്കാലത്ത് തന്നെ ആരംഭിച്ച പ്രസിദ്ധീകരണ സ്ഥാപനത്തിൽ ആഫ്രിക്കൻ-അമേരിക്കൻ വനിത എഴുത്തുകാർക്ക് പ്രാമുഖ്യം നൽകി പോന്നു. വിവിധ കോളജുകളിൽനിന്നും സർവകലാശാലകളിൽനിന്നും 27 ഓണററി ബിരുദം ജിയോവാനിയെ തേടിയെത്തി.
പലരുടെയും അടുത്തുനിന്ന് കടംവാങ്ങിയ പണംകൊണ്ടായിരുന്നു ജിയോവാനിയുടെ ആദ്യത്തെ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. 1968ൽ പുറത്തിറങ്ങിയ ‘ബ്ലാക്ക് ഫീലിങ് ബ്ലാക്ക് ടോക്’ എന്ന കവിതാസമാഹാരത്തിലൂടെയാണ് ജിയോവാനിയെ ലോകം
ശ്രദ്ധിച്ചത്.
1943 ജൂൺ ഏഴിന് ടെന്നസിയിലെ നോക്സ്വിലിൽ ജനിച്ച യോലാൻഡ കൊർണേലിയ ജിയോവാനി ജൂനിയർ എന്ന നിക്കി ജിയോവാനിയുടെ യാത്ര ആരംഭിക്കുന്നത് ഒഹായോയിലെ സിൻസിനാറ്റിയിൽനിന്നാണ്. പിന്നീട് ഫിസ്ക് സർവകലാശാലയിൽ ചേർന്ന നിക്കി അവിടെ ‘ബ്ലാക്ക് ലിറ്റററി കമ്യൂണിറ്റി’യിൽ സജീവമായി. ഇവിടെ വെച്ചാണ് പ്രമുഖ എഴുത്തുകാരുമായി ബന്ധപ്പെടുന്നതും പൗരാവകാശ പ്രസ്ഥാനങ്ങളിൽ സജീവമാകുന്നതും.
അധികം വൈകാതെ ‘സോൾ’ എന്ന ടെലിവിഷൻ ഷോയിലൂടെ വലിയൊരു സമൂഹത്തിന്റെ മുഖമായി ജിയോവാനി മാറി. ആ ഷോയിലൂടെ സാഹിത്യവും ജീവിതവും സമൂഹത്തിലെ വേർതിരിവുകളുമെല്ലാം അവൾ ചർച്ചക്കായി ഉയർത്തിക്കൊണ്ടുവന്നു. തുടർന്ന് നിരവധി അന്താരാഷ്ട്ര സംഘടനകളുടെയും പ്രസിദ്ധീകരണങ്ങളുടെയും ‘വിമൺ ഓഫ് ദ ഇയർ’ എന്ന അംഗീകാരവും മറ്റ് നിരവധി പുരസ്കാരങ്ങളും നിക്കിയെ തേടിയെത്തി.
മൂന്ന് പതിറ്റാണ്ടിലേറെ വിർജീനിയ ടെക്കിൽ ഇംഗ്ലീഷ് പ്രഫസറായി ജോലിചെയ്തു. എന്തും വെട്ടിത്തുറന്ന് പറയാൻ മടിയുണ്ടായിരുന്നില്ല ജിയോവാനിക്ക്. പോരാട്ടത്തിന്റെ വഴിയിൽ അതുതന്നെയായിരുന്നു അവരെ മുന്നോട്ടു നടത്തിയിരുന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.