ശ്രീലങ്കന്‍ കവിത എന്നാല്‍ മലയാളിക്ക് മുഖ്യമായും ശ്രീലങ്കയിലെ തമിഴ് കവിതയാണ്, അതിെൻറ കുറെ മാതൃകകള്‍ പല കവികളുടെയും പരിഭാഷകളിലൂടെ മലയാളത്തില്‍ ലഭ്യമാണ് എന്നതുകൊണ്ടാകാം. എന്നാല്‍ തുല്യ ശക്തമായ രണ്ടു ഭാഷാധാരകള്കൂടി ശ്രീലങ്കന്‍ കവിതക്കുണ്ട്: സിംഹളവും ഇംഗ്ലീഷും, ഗോത്രകവിതക്ക് പുറമേ ആണിത്; പക്ഷേ ശ്രീലങ്കന്‍ ഗോത്രകവിത നമുക്ക് പരിഭാഷകളില്‍ ഏറെ ലഭ്യമായിട്ടില്ല.
പന്ത്രണ്ടാം നൂറ്റാണ്ട് മുതല്‍ സിംഹളകവിതക്ക് അനുസ്യൂതമായ ഒരു പാരമ്പര്യമുണ്ട്. സിഗിരിയയിലെ പാറകളില്‍ ആലേഖനം ചെയ്ത എഴുനൂറു കവിതകള്‍കൂടി കൂട്ടിയാല്‍ അത് ആറാം നൂറ്റാണ്ടുവരെ പിറകോട്ടു പോകും. ലങ്കയുടെ ഉത്തരമധ്യനഗരങ്ങളിലാണ് സിംഹള കവിത ആദ്യം ശക്തമായത്, സിംഹള ബുദ്ധമതരാജ്യങ്ങള് അവിടെയായിരുന്നു. കാന്‍ഡിയന്‍ സാമ്രാജ്യത്തിെൻറ ആവിര്‍ഭാവത്തോടെ കവിതയുടെ കേന്ദ്രം തെക്കുപടിഞ്ഞാറന്‍ ഭാഗങ്ങളിലേക്ക് മാറി. പോർച്ചുഗീസുകാരും ഡച്ചുകാരുമായുള്ള വാണിജ്യംകൊണ്ട് സാമ്പത്തികമായി പുഷ്ടിപ്പെട്ട ഈ നാടുകളില്‍ കവികള്‍ക്ക് പ്രോത്സാഹനം ലഭിച്ചതാകാം കാരണം. അങ്ങനെ 18-19 നൂറ്റാണ്ടുകളില്‍ സിംഹള കവിത മതേതരമായ നവീനഘട്ടത്തില്‍ പ്രവേശിച്ചു. മുമ്പ് നിഷിദ്ധമായിരുന്ന ലൈംഗികതയും മറ്റും കവിതക്ക് വിഷയമാകുന്നത് ഈ കാലത്താണ്. കവികള്‍ ബുദ്ധെൻറ ജീവിതത്തെക്കുറിച്ച് മാത്രമേ എഴുതാവൂ എന്ന പഴയ നിയമം അസാധുവായി.
ക്ലാസിക്കല്‍ നിയമം ലംഘിക്കപ്പെട്ടതോടെ വ്യക്തിജീവിതം കവിതകളില്‍ കടന്നുവരാന്‍ തുടങ്ങി. സിംഹള കവിതയിലെ ഏറ്റവും ശക്തമായ സ്ത്രീസ്വരമായി ഇന്നും പരിഗണിക്കപ്പെടുന്ന ഗജമാന് നോണയുടെ കവിതകള്‍ എഴുതപ്പെടുന്നതും ഈ കാലത്താണ്. ആന കൊലപ്പെടുത്തിയ അച്ഛനെക്കുറിച്ചുള്ള അവരുടെ വിലാപകാവ്യം ഒരു പുതിയ തുടക്കമായിരുന്നു. ഭാഷ പഴയ വരേണ്യകവിതയുടേതായിരുന്നെങ്കിലും പ്രമേയം പുതുതായിരുന്നു. നോണ ചിലപ്പോള്‍ കാവ്യരൂപത്തിലുള്ള കത്തുകളും എഴുതി. പൊതുവേ കവിത ആത്മാവിഷ്കാരത്തിനുള്ള ഉപാധിയായി മാറി. ഒപ്പംതന്നെ സമകാലിക യാഥാർഥ്യം കാവ്യവസ്തുവാകാം എന്ന നില വന്നു. ഇരുപതാം നൂറ്റാണ്ടിെൻറ തുടക്കത്തിലുണ്ടായ ദേശീയകവിത ഒരുദാഹരണം. കവിതയുടെ പദാവലിയും ശൈലികളും ഇക്കാലത്ത് വികസിച്ചു. ഇന്ത്യയെപ്പോലെതന്നെ ശ്രീലങ്കയിലും സ്വാതന്ത്ര്യത്തെ കാല്‍ച്ചിലങ്ക കുലുക്കിയെത്തുന്ന ഒരു യുവതിയായും മറ്റും സങ്കൽപിക്കുന്ന കവിതകളുണ്ടായി. നോവലിസ്റ്റ് കൂടിയായ പ്രിയദാസ സിരിസേന ഇക്കാലത്തെ ഒരു പ്രധാനകവിയായിരുന്നു. ബുദ്ധസന്ന്യാസിയായ എസ്. മഹീന്ദ്രയും -തിബത്തില്‍നിന്ന് വന്നയാളായിരുന്നെങ്കിലും- ദേശസ്നേഹം കാവ്യവിഷയമാക്കി. പ്രണയകവിതകളും ഇക്കാലത്ത് ധാരാളമായുണ്ടായി. അപ്പോഴേക്കും കവിതയുടെ കേന്ദ്രം കൊളംബായി മാറിയിരുന്നു. കവിതയെന്ന നിലയില്‍ വളരെ മഹത്ത്വമുള്ളതായിരുന്നില്ലെങ്കിലും കവിതയെ ജനതയോടടുപ്പിക്കുന്നതില് കൊളംബു കവികള്‍ വലിയ പങ്കുവഹിച്ചു. കവിത ഇക്കാലത്ത് യഥാതഥവും പുരോഗമനപരവുമായി എന്ന് പ്രമുഖ നിരൂപകനായ സുശീല്‍ സിരിവർദനെ നിരീക്ഷിക്കുന്നുണ്ട്. പക്ഷേ അന്ത്യപ്രാസം ദീക്ഷിക്കുന്ന ചതുഷ്പദികള്‍ തന്നെയാണ് അവര്‍ എഴുതിയത്. നമ്മുടെ ആദ്യകാല പുരോഗമന കവികളെപ്പോലെ ഉള്ളടക്കത്തില്‍ പുതുതും രൂപത്തില്‍ പഴയതും ആയിരുന്നു അവരുടെ കവിത.
എന്നാല്‍ 1950കളോടെ സിംഹള കവിത ആധുനികഘട്ടത്തില്‍ പ്രവേശിച്ചു. പെരദേനിയാ സർവകലാശാലയില്‍നിന്നാണ് പുതിയ പ്രവണത ആരംഭിച്ചത് എന്നതുകൊണ്ട് 'പെരദേനിയാ' പ്രസ്ഥാനം എന്നാണ് ആദ്യകാലത്തെ നവകവിത അറിയപ്പെട്ടത്. ഇവര്‍ സൃഷ്ടിച്ച സ്വതന്ത്രരൂപങ്ങള് മറ്റെല്ലായിടത്തും എന്നപോലെ ലങ്കയിലും യാഥാസ്ഥിതികരെ പ്രകോപിപ്പിച്ചു. പക്ഷേ, കവിത കൂടുതല്‍ കലാപരമായി, പുതുരൂപകങ്ങളും ബിംബങ്ങളും കടന്നുവന്നു, അതിെൻറ ഒരു അഗ്രഗാമി സിരി ഗുണസിൻഗെ ആയിരുന്നു. ഈ പുതുമകളെ അന്നത്തെ പ്രമുഖ കവിയായിരുന്ന മാർട്ടിന് വിക്രമ സിൻഗെ കഠിനമായി വിമര്‍ശിച്ചു. എന്നാല്‍ പുതിയ കവികള്‍ പരീക്ഷണങ്ങളുമായി മുന്നോട്ടുപോയി. സിംഹള കവിതക്ക് ആദ്യം മുതലേ ഒരൊറ്റ ശൈലിയുടെ - 'ഹഡഭാഷ'- പാരമ്പര്യമാണുള്ളത് എന്ന അമെരശേകെരയുടെ വാദം വിലപ്പോയില്ല. കവിതയിലെ 'ഹൃദയവാദി' ആയിരുന്നു അദ്ദേഹം, ധൈഷണികതക്ക് തീര്‍ത്തും എതിര്. എന്നാല്‍ ഈ ഏകശിലാ പാരമ്പര്യവാദത്തെ ഗുണസിൻഗെ എതിര്‍ത്തു. അവര്‍ വര്‍ത്തമാനത്തെ അഭിമുഖീകരിക്കാന്‍ ഭയപ്പെടുന്നവരാണ് എന്നായിരുന്നു അദ്ദേഹത്തിെൻറ നിലപാട്. ഇന്ന് സിംഹളയിലെ ഏറ്റവും സജീവമായ സാഹിത്യരൂപം കവിതതന്നെ.
യുദ്ധാനന്തര സിംഹള കവിത സാംസ്കാരികമായ സ്വയം വിമര്ശനത്തിെൻറ പാതയിലാണ്. സിംഹള ബുദ്ധിസ്റ്റ് ദേശീയതയുടെ പല അംശങ്ങളെയും അത് വിമര്‍ശനവിധേയമാക്കുന്നു. ദേശീയവാദികളായിരുന്നവര്പോലും ആഭ്യന്തരയുദ്ധം എന്ന് വിളിക്കപ്പെട്ട തമിഴ് വംശഹത്യക്കു ശേഷം പുനര്‍വിചിന്തനം ആരംഭിച്ചിരിക്കുന്നു. സാധാരണക്കാരായ തമിഴരുടെ സഹനം പല യുവ സിംഹള കവികളിലും കുറ്റബോധം സൃഷ്ടിച്ചിട്ടുണ്ട്. സമീപകാല സിംഹള കവിതയുടെ ഏതാനും മാതൃകകളാണ് താഴെ.
(ഹാര്‍വാഡ് സർവകലാശാലയിലെ പീബോഡി മ്യൂസിയത്തില്‍നിന്ന് ഒരു കത്ത്)
പ്രിയ സുഹൃത്തേ, പല നാടുകളില്‍
പല കാഴ്ചബംഗ്ലാവുകളില്‍ ഞാന്‍
മഹാത്ഭുതങ്ങള്‍ കണ്ടിട്ടുണ്ട്:
ആഫ്രിക്കയുടെ വിദൂരഭൂതത്തില്നിന്ന്
ഏഷ്യയുടെ വിദൂരദേശത്തുനിന്ന്
അമേരിക്കയുടെ ഭൂതകാലത്തില്‍നിന്ന്
അലാസ്കയുടെ മഞ്ഞടരുകളില്നിന്ന്
സിന്ധൂതടത്തിലെ കളിമണ്ണില്‍നിന്ന്
കണ്ടെത്തിയ വസ്തുക്കള്‍.
അവയില്‍ ഓരോ സ്ഥലത്തും കാലത്തും
അമ്പ് എന്ന് വിളിക്കാവുന്ന ഒരു വസ്തു ഞാന്‍ കണ്ടു
അതുകൊണ്ട് അത്തരം സ്ഥലത്തെ
'എല്ലിെൻറ വീടെ'ന്നോ 'മുള്ളിെൻറ വീടെ'ന്നോ
വിളിക്കുന്നതില്‍ തെറ്റില്ല: സിംഹളത്തില്‍
പറഞ്ഞാല്‍, ''കട്ടു ഗേ''.
പക്ഷേ സുഹൃത്തേ, ഈ അത്ഭുതവീട്ടില്
മറ്റ് വിസ്മയങ്ങളുണ്ട്:
അമ്പുപോലൊന്ന് കണ്ടിടത്തെല്ലാം അവര്‍
വീണപോലൊന്നും കണ്ടു
അതുകൊണ്ട് ഈ വീട്
എല്ലിെൻറയോ മുള്ളിെൻറയോ മാത്രം വീടല്ല.
ആ വിദൂര കാലങ്ങളിലെ
ആ വിദൂരദേശങ്ങളിലെ ആദിവാസികള്‍
അമ്പുണ്ടാക്കിയവര് വീണയുമുണ്ടാക്കി.
കേള്‍ക്കൂ സുഹൃത്തേ, പീബോഡി മ്യൂസിയത്തിലെ
മറ്റൊരു വിചിത്രകാര്യം കൂടി:
ലോകമാകെ ആ അത്ഭുതമനുഷ്യര്‍
പെണ്ണുടലിെൻറ മാതൃകയിലാണ്
വീണയുണ്ടാക്കിയത്.
ഓർമയുണ്ടോ കുട്ടിക്കാലത്ത് ഈര്‍ക്കിലും
വാഴനാരുംകൊണ്ട്
നമ്മള് അമ്പും വില്ലുമുണ്ടാക്കി കളിച്ചത്?
അപ്പോള്‍ നമ്മള് വീണയുമുണ്ടാക്കി,
പെണ്‍കുട്ടികളുടെ പിന്ഭാഗംപോലുള്ളത്.
കുട്ടികളായിരുന്നിട്ടും നാം
പെണ്ണുങ്ങളുടെ ചന്തത്തെക്കുറിച്ചു സംസാരിച്ചു
ഇപ്പോള്‍ ഈ കാഴ്ചബംഗ്ലാവ് നമ്മുടെ
ബാല്യം വീണ്ടും കാട്ടിത്തരുംപോലെ.
ലോകത്തിെൻറ ഏതു ഭാഗത്തും
ഏതു വിദൂരകാലത്തും
മനുഷ്യര്‍ അമ്പെയ്ത ശേഷം
സംഗീതവും പൊഴിച്ചിരുന്നു.
അമ്പെയ്തപ്പോള്‍ അവര്‍
ഹൃദയം പിളര്‍ക്കുംവിധം അമ്പെയ്തു
വീണ വായിച്ചപ്പോള്‍ ഹൃദയം തകര്‍ക്കുംവിധവും.
സുഹൃത്തേ, അമ്പേറ്റ ഹൃദയങ്ങളുടെ
മുറിവുണക്കുന്ന നമ്മുടെ വീണയെവിടെ?
ഒരു പെണ്ണുടലിെൻറ ആകാരത്തില്നിന്ന്
മധുരനാദമുതിര്ത്തിരുന്ന ആ വീണയുടെ
കമ്പികളെവിടെ?
ലങ്കയില്‍ നാം എപ്പോഴെങ്കിലും
ആ വീണക്കമ്പികള്‍ വീണ്ടെടുക്കുമോ?
പനയുടെ കൂറ്റന്‍ നിഴല്‍
റബര്‍മരങ്ങള്‍ക്കിടയിലൂടെ തിളങ്ങുന്നു
മുളങ്കാട്ടിന്നരികെ വെള്ളച്ചാട്ടം
അച്ഛെൻറ ശവക്കല്ലിനെ ശ്വാസംമുട്ടിക്കുന്ന
ഇരുള്‍രൂപം എെൻറ അടുത്തേക്കു
നീങ്ങി നീങ്ങി വന്ന് എന്നെ പേടിപ്പിക്കുന്നു.
ശവമാടത്തിന്നടുത്തെ കിണറരികില്‍
ഉണങ്ങാനിട്ട കുപ്പായം വൈകുന്നേരം
എടുക്കാന്‍ ഞാന്‍ മറന്നു.
അത് കിണറിന്നരികെ
ഇപ്പോഴും തൂങ്ങിക്കിടപ്പുണ്ടോ?
ബ്രമ്പി, ഓടിപ്പോയി അതെടുത്തു കൊണ്ടു വാ.
ആ കൊട്ടച്ചെടിക്കാട്ടിന്നരികിലെ കിണറ്റില്‍
ഇന്ന് രാവിലെ ഞാന്‍ കുളിച്ചതേയുള്ളൂ
പക്ഷേ പകല്‍ അത് എങ്ങനെയിരുന്നുവെന്ന്
ഇപ്പോള്‍ എനിക്ക് ഓര്‍ത്തെടുക്കാനാവുന്നില്ല
കരിമ്പനയുടെ പട്ടകളുമായി ആ
കറുകറുമ്പന് കൂരിരുട്ട് മുളകള്‍ക്കൊപ്പം
എന്നെ വിഴുങ്ങാന്‍ വരുന്നു.
കിണറരികിലെ കല്ലു കാണാതാക്കിയ
അതേ കറുപ്പ് ഇപ്പോള്‍ വരാന്തയിലേക്ക്
ഇഴഞ്ഞു കയറുന്നു, കല്ലെറിയുന്ന കുട്ടിച്ചാത്തന്
ഇതാ വന്നു, എെൻറ കൈയിന്നരികില്!
എനിക്ക് അനങ്ങാന്‍ വയ്യ, തിരിയാന്‍ പേടി
ഇരുട്ട് മാത്രം; മറ്റൊന്നുമില്ല. എനിക്ക് പേടിയാവുന്നു.
പെങ്ങളേ, കുഞ്ഞുപെങ്ങളേ, പോവൂ, ഒരു തീപ്പെട്ടി
കൊണ്ടുവന്നു ഉമ്മറത്തെ വിളക്ക് കൊളുത്തൂ.
വെടിയുണ്ടകള്‍പോലെ
ഒന്നൊന്നായി വാക്കുകള്‍ തിരഞ്ഞെടുത്ത്
വായുടെ കോണിൽ ഒരു പരിഹാസച്ചിരിയോടെ
ഉന്നംവെച്ച്, നിെൻറ ഹൃദയം രണ്ടായി പിളരും മട്ടില്‍
ഞാന്‍ എെൻറ വാദമുതിര്ക്കുന്നു.
വെടിയേറ്റയുടന് നീ മിണ്ടാനാവാതെ
പെട്ടെന്ന് മുഖം തിരിച്ചു
കണ്ണീര് ഒളിപ്പിക്കുന്നു
കിടക്കയില്‍ വീണ് തേങ്ങുന്നു,
നിെൻറ ഹൃദ്രക്തം
മിഴിനീരായി മാറുന്നു.
എെൻറ ഹൃദയം
ഇര വീണ വേട്ടക്കാരനെപ്പോലെ
തുള്ളിച്ചാടുന്നു.
എെൻറ കൂര്‍ത്ത യുക്തികൊണ്ട്
ശകലം ശകലമായ നിെൻറ ഹൃദയം
ഒരു വാക്കും മിണ്ടുന്നില്ല.
കിടക്കയില്‍ കിടന്നു
തലയിണകൊണ്ട് മുഖം മറച്ച്
നീ ശബ്ദമുണ്ടാക്കാതെ തേങ്ങുന്നു.
പക്ഷേ നിന്നെ തോല്‍പ്പിച്ച്
നിന്നെ എെൻറ യുക്തിയുടെ
ശക്തിയുപയോഗിച്ച് തുണ്ടുതുണ്ടാക്കിയിട്ടും
നീ കണ്ണുകള്‍ തുറന്നപ്പോള്‍
ആ കാഴ്ച എന്താണ്
എെൻറ ഹൃദയത്തില്‍ പ്രതിധ്വനിക്കുന്നത്?
എെൻറ യുക്തിയുടെ ആയുധംകൊണ്ട്
നിന്നെ കൊലചെയ്തിട്ടും
എന്താണ് ഒരു ശ്മശാനത്തിെൻറ ഏകാന്തത
എെൻറ ഹൃദയത്തെ പൊതിയുന്നത്?
കറുത്ത ആകാശത്ത് കറുത്ത കാറ്റില്‍
കറുത്ത ഒരു മേഘം പാറി നടക്കുന്നു,
കറുത്ത ഒരു മരത്തില്‍ ഒരു കറുത്ത പൂവ്
കറുത്ത മണം പരത്തുന്നു
നാലു മാസം മുമ്പ് ലുംബിനി ആശുപത്രിയില്‍
നീ തമാശ പറഞ്ഞു ചിരിച്ച ശബ്ദം ഇപ്പോഴും മുഴങ്ങുന്നു
രക്തം വറ്റി ഉടല് മെലിഞ്ഞു മരുന്നുകളുടെ ദുര്‍ഗന്ധം നിറഞ്ഞ
കിടക്കയില്‍ നീ വിളറി ചിതറിക്കിടക്കുന്നു, കണ്ണുകളടച്ച്.
ലവണജലം തുള്ളിയായി നിെൻറ ശരീരത്തില്‍ കയറുന്നു
നിെൻറ കൈകാലുകള്‍ ചുള്ളിക്കമ്പുകള്പോലെ.
നിന്നെ പരിചരിക്കുന്ന നഴ്സ് ഒരു ഞൊടി എത്തിനോക്കുന്നു
ഞങ്ങള്‍ നിസ്സഹായരായി ശിലാപ്രതിമകള്പോലെ നില്ക്കുന്നു.
ബാല്യകാലസ്മൃതികള്‍ വേലിയേറ്റംപോലെ കുതിച്ചുയരുന്നു
ആലിന്‍തണലിലെ കളികള്‍: അന്നത്തെ നമ്മുടെ കളിയില്‍
ഞാനാണ് മരിച്ചുകിടന്നത്; നീ മുഖം പൊത്തി കരഞ്ഞു നിന്നു.
ഇതാ അവസാനമായി സൂര്യന് അസ്തമിക്കാന്‍ പോകുന്നു
ഒരു രശ്മിയുടെ നിഴല്‍ നിന്നില്‍ വീഴുന്നു, നീ കണ്ണു തുറക്കുന്നു
പക്ഷേ നിനക്ക് ചുറ്റുമുള്ള ആരെയും തിരിച്ചറിയാനാവുന്നില്ല,
ഇരുട്ടിെൻറ വന്‍തിരകള്‍ എല്ലാവരെയും വിഴുങ്ങുന്നു
കറുത്ത ആകാശത്ത് കറുത്ത കാറ്റില്‍
കറുത്ത ഒരു മേഘം പാറിനടക്കുന്നു,
കറുത്ത ഒരു മരത്തില്‍ ഒരു കറുത്ത പൂവ്
കറുത്ത മണം പരത്തുന്നു.
01
പിച്ചകപ്പൂപോലെ വെളുത്ത വേഷം,
പാല്പോലെ വെളുത്ത ചെരിപ്പുകള്‍
മിണ്ടാതെ കുനിച്ച ശിരസ്സ്, ഒരു പാളിനോട്ടംപോലുമില്ല
ധ്യാനിയായ സന്ന്യാസികുമാരിയെപ്പോലെ,
അവള് വിദ്യയഭ്യസിക്കാന് പോകുന്നു,
മുലകള്‍ക്കിടയില്‍ ഒരു പ്രണയലേഖനം
ഒളിച്ചുകടത്തിക്കൊണ്ട്.
02
ശീതക്കാറ്റ് ഒളിച്ചെത്തുന്നു,
ജനല്‍പ്പാളികള്‍ക്കിടയിലൂടെ കള്ളനെപ്പോലെ
വിജനമായ ഭൂമിക്ക് മുകളില്‍ തിളങ്ങുന്ന മങ്ങിയ
ചന്ദ്രന്
ഒരു കഷണം വെള്ളി താഴേക്കിടുന്നു.
പാതിരായുടെ ഏകാകിത തകര്‍ത്ത്
തിരമാലകള്‍ പൊങ്ങുന്നു, ഒറ്റയ്ക്ക് നിലവിളിച്ച്.
കടലിലേക്ക് നീ തുഴഞ്ഞ തോണി ഇപ്പോള്‍
പുറംകടലില്‍ ഒരു പൊട്ടു മാത്രം
കാറ്റ് പതുക്കെ സ്വകാര്യം പറയുന്നു, അവന് വന്നു,
അവന് എെൻറ കുടിലിെൻറ ജനലിനു
പുറത്ത് കാത്തുനില്‍ക്കുകയാണ്.
ദേഷ്യപ്പെടല്ലേ, എെൻറ കെട്ടിയവനേ, എന്നെക്കുറിച്ച്
മോശമായൊന്നും കരുതരുതേ എെൻറ കെട്ടിയവനേ,
എനിക്ക് മറ്റൊരു സീതയാകാന്‍ പറ്റില്ല.
03
വെസ്സാന്തരരാജാവ് സ്വന്തം
കുട്ടികളെയും ഭാര്യയെയും
അകമ്പടിക്കാരെയും ഭൃത്യരെയും ദാനംചെയ്തപ്പോള്‍
ബ്രാഹ്മണര്‍ ആ ഭിക്ഷ സ്വീകരിക്കാന്‍ കാത്ത്
പുറത്ത് അണിനിരന്നു.
പക്ഷേ കുഞ്ഞിനെയും ചുമലിലേന്തി ഒരമ്മ
തെരുവുമൂലയില്‍ കണ്ണു കഴച്ചു കാത്തു നിന്നു,
തെൻറ കൊച്ചുമകനെ
വെസ്സാന്തര രാജാവിന് ദാനംചെയ്യാന്.
ആ കുഞ്ഞിനെ കൈയില്‍ താങ്ങാന്‍ അവള്‍ക്കു
ശക്തിയില്ലായിരുന്നു,
അതിനു കൊടുക്കാന്‍ മുലയില്‍ പാലും.
(*'വെസ്സാന്തരജാതക'ത്തിലാണ് 'ദാനപരമിത' (ഉദാരനായ ദാനശീലന്) എന്ന ബുദ്ധെൻറ നിര്വാണപൂര്വ ജീവിതം പാരമ്യത്തിലെത്തുന്നത്.)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.