മനോഹരമായ ചൈന സന്ദർശിച്ച ഓർമകൾ ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു. ലോകത്തെ തന്നെ പ്രമുഖ വ്യാവസായിക, വാണിജ്യ നഗരമായ ഷാങ്ഹായിലേക്കാണ് കുടുംബസമേതംപോയത്. ദമ്മാമിൽ നിന്നും കൊളംബോ വഴി ശ്രീലങ്കൻ എയർലൈൻസിലാണ് യാത്ര തിരിച്ചത്. എട്ട് മണിക്കൂറിൽ കൂടുതൽ സ്റ്റേ ഓവർ ഉള്ളതിനാൽ ശ്രീലങ്കയിൽ ഹോട്ടലിൽ തങ്ങിയിട്ടാണ് യാത്ര തുടർന്നത്. ഇന്ത്യക്കാർക്ക് ഓൺ അറൈവൽ വിസ സൗജന്യമായി നൽകുന്നതിനാൽ ശ്രീലങ്കയുടെ ചില ഭാഗങ്ങളിൽചുറ്റി കാണാനും അവസരംകിട്ടി. തിരിച്ചു വരുമ്പോഴും അതുപോലെ തന്നെയായിരുന്നു.
ഷാങ്ഹായ് എയർപോർട്ട് അക്ഷരാർഥത്തിൽ വിസ്മയിപ്പിക്കുന്നതാണ്. എയർപോർട്ടിനകത്തു നിന്ന് സബ് വേയിലൂടെ തൊട്ടടുത്തുള്ള പ്രദേശങ്ങളിലേക്ക് പോകുവാനും അതുപോലെ വലിയ റെയിൽവെ സ്റ്റേഷനുകളുമായും ബസ് സ്റ്റേഷനുകളുമായും മെട്രോ ലൈൻ ബന്ധപ്പെടുത്തുന്നതിനാൽ യാത്ര വളരെ അനായാസമായി തോന്നി.
ഷാങ്ഹായിൽ നിന്ന് ചൈനയിലെ മറ്റൊരു പ്രധാനപ്പെട്ട തുറമുഖ വാണിജ്യ നഗരമായ നിമ്പോയിലേക്കുള്ള യാത്ര മറ്റൊരു അനുഭവമാണ്. ബുള്ളറ്റ് ട്രെയിനിലൂടെയുള്ള യാത്ര മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിലാണ്. അതുപോലെ തീവണ്ടിക്കകത്തുള്ള സൗകര്യവും ഭക്ഷണ വിതരണവും ഉന്നത നിലവാരം പുലർത്തുന്നു. സ്ളോ ട്രെയിനെന്ന് അറിയപ്പെടുന്ന തീവണ്ടികളുടെ വേഗതപോലും നമ്മുടെ നാട്ടിലെ വന്ദേഭാരത് തീവണ്ടിക്കുപോലുമില്ല.
ചൈനയിലെ പ്രമുഖ യൂനിവേഴ്സിറ്റികളിലൊന്ന് നിമ്പോയിലാണ്. അവിടെ നൂറുകണക്കിന് മലയാളി വിദ്യാർഥികൾ മെഡിസിൻ പഠനം നടത്തുന്നുണ്ട്. പിന്നീട് പോയത് ലോകത്തെ ഏറ്റവും വലിയ ഹോൾസെയിൽ മാർക്കറ്റായ യിവുയിലേക്കാണ്.
യിവു ഇന്റർനാഷനൽ ട്രേഡ് സിറ്റിയെന്നറിയപ്പെടുന്ന ഇവിടെ എല്ലാ സാധനങ്ങൾക്കും വിലക്കുറവാണ്. നിത്യോപയോഗ ഉൽപന്നങ്ങളുടെ കേന്ദ്രമായ ഇവിടെ ചരക്ക് നിർമാണ കമ്പനികളുടെ ഔട്ട് ലെറ്റുകൾ സന്ദർശിച്ച് ഉല്പാദനത്തിന് ഓർഡറുകളും നൽകാം.
യിവു കേന്ദ്രീകരിച്ച് മലയാളികളുൾപ്പെടെയുള്ള നിരവധി ഇന്ത്യക്കാർ ട്രേഡിങ്ങും ഷിപ്പിങ്ങ് ആൻഡ് ലോജിസ്റ്റിക്സ് ബിസിനസും നടത്തുന്നു. ലോകാത്ഭുതമായ വൻമതിലുള്ള ചൈനയിലെ മറ്റൊരു അത്ഭുതമാണ് കാൻറൺ ഫെയർ. ഗ്വാങ്ഷോയിലാണ് വർഷത്തിൽ ഏപ്രിൽ, ഒക്ടോബർ മാസങ്ങളിലായി നടക്കുന്ന ലോകത്തെ ഏറ്റവും വലിയ വാണിജ്യ മാമാങ്കം. കച്ചവടക്കാരുടെ പറുദീസയാണിവിടം. ഈ ഏപ്രിലിൽ 135ാമത്തെ എക്സിബിഷനാണ് നടക്കാൻപോകുന്നത്.
ഗ്വാങ്ഷോയിലും യിവുവിലും നിരവധി അറബിക്, ഇന്ത്യൻ റസ്റ്റാറന്റുകളും കാണാം. അതുപോലെ ലോകോത്തര ബ്രാൻഡുകളുടൊയൊക്കെ ഓഫീസുകളും ഈ നഗരങ്ങളിൽ പ്രവർത്തിക്കുന്നു. വളരെ മനോഹരവും വൃത്തിയും വെടിപ്പുമുള്ള ഗ്രാമങ്ങളും പട്ടണങ്ങളും രുചിയേറും ഭക്ഷണവിഭവങ്ങളും അതിലേറെ മനുഷ്യത്വമുള്ള മനുഷ്യരും ചൈനയുടെ പ്രത്യേകതകളായി എടുത്തുപറയേണ്ടതാണ്.
പാർക്കുകളും ബോട്ടിങ്ങും തുടങ്ങി സന്ദർശകരുടെ മനം കുളിർപ്പിക്കുന്ന നിരവധി സ്ഥലങ്ങളെകൊണ്ട് അതിമനോഹരമാണ് ചൈന. വീണ്ടും സന്ദർശിക്കാൻ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് അവിടുത്തെ ജനതയുടെ സ്നേഹവും കരുതലും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.