വിടർച്ച, ഉണർച്ച (കവിതകൾ)

രാജീവ് മാമ്പുള്ളിയുടെ രണ്ട് കവിതകൾ

1. വിടർച്ച

ഇരവിൽ വെളിച്ചം ഇടർച്ചയായ്
കിനാപകർച്ചയിലിടയ്ക്കുണരും രാവ്.
മണ്ണിനും വിണ്ണിനുമിടയിൽ തൻ മിടിപ്പു പകരുന്നോരൊറ്റയാൻ.
വാക്കു മുറിച്ച മുറിവിൽ നിന്നൂർന്ന ചോരച്ചാൽ
ഉണങ്ങാൻ വ്യാകരണകൺകെട്ടി പോക്കുവരവെളിതാക്കും ഒടിവിദ്യയിൽ രമിച്ച കാവ്യച്ചിന.
ഉരച്ചുരച്ചുരഞ്ഞോരു വാക്കിനു പകരമില്ലാതെ പതറും പദശബ്ദകോശച്ചുമ.
ഒരക്ഷരച്ചേദത്തിലന്തിച്ചലകടലിടുക്കുകളിൽ
പെട്ടുഴലുന്നതോണി തുഴഞ്ഞു മയങ്ങിയ പാട്ടല.
വാക്കു വാക്കോടു ചേർക്കുമ്പോളിടറുന്ന കൈ
താങ്ങുതേടുന്നു
വിക്കിൽ ഉരഞ്ഞു മാഞ്ഞൊരക്ഷരചെത്തം കാതു തേടുന്നു.
അമ്പത്തൊന്നക്ഷരാളി
ഇഴചേർത്ത മലരു നുകർന്ന ശലഭാനന്ദചിറകടിയൊച്ചയാറാടിയ
വാടിയിൽ വിടരും ഹൃദയം
ഇന്നറിഞ്ഞുലച്ചൂടു പകർന്ന്
ഉരുകി ഉലാവുന്നു ഉള്ളങ്ങളിൽ!

ഉണർച്ച

അകലെയൊരു കിളിയലിഞ്ഞു പാടുന്നു
അറിയാതുള്ളിലൊരു മുകിൽവാനമുയരുന്നു
അരിമുല്ലമണമരിച്ചരിച്ചെത്തുന്നു
അതിരില്ലാതുള്ളിലാനന്ദമലതല്ലുന്നു
ഇലചോർത്തിയ മഴ കുളിരുകോരുന്നു
ഉടൽ പൂട്ടാനൊരു മനം തീതേടുന്നു
ഇളംകാറ്റുടുതുണി വകഞ്ഞൊഴുകുന്നു
തളംകെട്ടിയ കനവിലെരിതീയാളുന്നു
ഉമ്മറത്തിണ്ണയിൽ
ഉമ്മയിട്ടൊരന്തിയുലാവുന്നു
ഉള്ളുടുക്കിലെന്നുമീ മഴവില്ലുതട്ടി ഞാൻ
പെയ്തുണരുന്നു!
Tags:    
News Summary - Two poems by Rajeev Mambully

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-30 07:09 GMT
access_time 2024-07-28 06:16 GMT