സിവിക് ചന്ദ്രൻ, സി.എസ്. ചന്ദ്രിക 

'കുറ്റവാളിയെ സംരക്ഷിക്കാന്‍ ശ്രമിച്ചവരുടെ നുണകള്‍ പരാജയപ്പെടും'; സിവിക്‌ ചന്ദ്രന്‍റെ അറസ്റ്റ്‌ ഇനിയും വൈകുന്നത് എന്തുകൊണ്ടെന്ന് സി.എസ്. ചന്ദ്രിക

ഴുത്തുകാരനും ആക്ടിവിസ്റ്റുമായ സിവിക് ചന്ദ്രനെതിരെ രജിസ്റ്റർ ചെയ്ത ലൈംഗികാതിക്രമ കേസിൽ അറസ്റ്റ് വൈകുന്നത് എന്തുകൊണ്ടാണെന്ന് എഴുത്തുകാരി സി.എസ്. ചന്ദ്രിക. സിവിക്‌ ചന്ദ്രനെതിരെ പരാതി നല്‍കിയ അതിജീവിത ദലിത്‌ കുടുംബത്തില്‍ നിന്നുള്ള സ്‌ത്രീയാണ്‌. ഒട്ടേറെ കഷ്‌ടപ്പാടുകള്‍ക്കുള്ളില്‍ നിന്ന്‌ സ്വന്തം പരിശ്രമം കൊണ്ട്‌ പഠിച്ചുയര്‍ന്ന്‌ വന്നിട്ടുള്ള വ്യക്തിയാണ്‌. അതിജീവിതയെ സമൂഹത്തിനു മുന്നില്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനുള്ള ബോധപൂര്‍വ്വമായ നീക്കം നടക്കുന്നതായും സി.എസ്. ചന്ദ്രിക പറഞ്ഞു.

സിവിക്‌ ചന്ദ്രനെതിരെ പരാതിപ്പെട്ട അതിജീവിതയുടെ വാക്കുകള്‍ വിശ്വസിക്കില്ലെന്നും സി.പി.എം വിരുദ്ധനായതു കൊണ്ട്‌ ഈ കേസ്‌ സി.പി.എം ഗൂഡാലോചനയാണെന്ന്‌ സംശയിക്കുന്നു എന്നും കേസ്‌ തെളിയുന്നതു വരെ സിവിക്‌ ചന്ദ്രനെ തള്ളിപ്പറയില്ല എന്നും അക്കാദമിക്‌ പണ്ഡിതയായ, ഫെമിനിസ്റ്റ്‌ ചരിത്രകാരിയായ ജെ. ദേവികയുടെ പ്രതികരണം കണ്ടു. സ്‌ത്രീവിരുദ്ധതയുടേയും ദലിത്‌ വിരുദ്ധതയുടെയും സമ്പൂര്‍ണ്ണമായ ലിംഗനീതിനിഷേധത്തിന്റേയും ആത്മഹത്യാപരമായ നിലപാടാണിത്‌. ഇതിനു മുമ്പ്‌ മീ റ്റൂ നടത്തിയിട്ടുള്ള മറ്റു അതിജീവിതമാരുടേയും സിവികിനെതിരെ പരാതി നല്‍കിയ അതിജീവിതയുടേയും മീ റ്റൂ പ്രസ്‌താവനകളിലെ രീതിയിലുള്ള വ്യത്യാസമാണത്രേ സിവികിനെ തള്ളിപ്പറയാത്തതിന്റെ കാരണം.

ഫെമിനിസ്റ്റ്‌ വിരുദ്ധമായ, മനുഷ്യത്വ വിരുദ്ധമായ വാദം. ഈ വാദങ്ങള്‍ക്ക് കയ്യടിച്ചവരുമുണ്ടാവും. അവരോടു കൂടിയാണ് എന്റെ പ്രതികരണം.

സിവിക്‌ ചന്ദ്രനെതിരെ പൊലീസില്‍ പരാതി നല്‍കിയ അതിജീവിത ദലിത്‌ കുടുംബത്തില്‍ നിന്നുള്ള സ്‌ത്രീയാണ്‌. ഒട്ടേറെ കഷ്‌ടപ്പാടുകള്‍ക്കുള്ളില്‍ നിന്ന്‌ സ്വന്തം പരിശ്രമം കൊണ്ട്‌ പഠിച്ചുയര്‍ന്ന്‌ വന്നിട്ടുള്ള വ്യക്തിയാണ്‌. ഐഡന്റിറ്റി വെളിപ്പെടുത്താവുന്ന, ഈ കേസ്‌ സ്വന്തം വീട്ടില്‍ പോലും അറിയിക്കാന്‍ പറ്റുന്ന സാമൂഹ്യ, കുടുംബാന്തരീക്ഷത്തിലല്ല ജീവിക്കുന്നത്‌. ഇങ്ങനെയുള്ള പ്രയാസങ്ങള്‍, ആഘാതങ്ങള്‍ അനുഭവിക്കുന്ന അതിജീവിതയെ സമൂഹത്തിനു മുന്നില്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനുള്ള ബോധപൂര്‍വ്വമായ നീക്കവും നീചവും സംഘടിതവുമായ ശ്രമമാണ്‌ ദേവികയുടെ പ്രസ്‌താനവനക്കുള്ളിലുള്ളത്‌. ഈ കേസിലെ അതിജീവിതയ്‌ക്ക്‌ സി.പി.എമ്മുമായി ബന്ധമില്ലെന്ന്‌ പ്രസ്‌താവന ഇറക്കിയാല്‍ ഇവര്‍ അംഗീകരിക്കുമോ? കടുത്ത സി.പി.എം വിരോധം മാത്രമല്ല, പല വ്യക്തിവിരോധങ്ങളും കൂടി ഇവരുടെ പ്രതികരണത്തിലുണ്ടെന്നു കാണാം.

സി.പി.എം വിരുദ്ധരായ, വിശേഷിച്ച്‌ സാംസ്കാരിക നായകരും അക്കാദമിക്‌ ബുദ്ധിജീവികളുമൊക്കെയായ ലൈംഗിക കുറ്റവാളികളെ മുഴുവന്‍ ദേവികയും സംഘവും ഇനി മുതല്‍ സംരക്ഷിക്കാന്‍ കച്ചകെട്ടിയിറങ്ങും എന്നു തോന്നിപ്പിക്കുന്ന പ്രസ്‌തവന കൂടിയാണിത്‌. അതിജീവിതക്കെതിരെ ദേവിക നടത്തിയിട്ടുള്ള ഈ നുണപ്രചരണം തള്ളിക്കഞ്ഞ്‌ കേരളത്തിലെ സ്‌ത്രീവാദികള്‍ അതിജീവിതക്ക്‌ നിരുപാധിക പിന്തുണ നല്‍കുമെന്ന്‌ ഞാന്‍ പ്രതീക്ഷിക്കുന്നു.

ബിന്ദു അമ്മിണി, ഇന്ദു മേനോന്‍, സി.എസ്‌. ചന്ദ്രിക എന്ന സഖ്യമാണ്‌ അവര്‍ നോക്കുമ്പോള്‍ ഈ കേസില്‍ അതിജീവിതയ്‌ക്കു വേണ്ടി ഉച്ചത്തില്‍ സംസാരിക്കുന്നതായി കാണുന്നത്‌. മൃദുലാദേവിയേയും ഐ.സി.സി അംഗങ്ങളേയും വേട്ടയാടുന്നതിനു വേണ്ടിയാണ്‌ ഞങ്ങള്‍ ഈ കേസില്‍ സംസാരിക്കുന്നത്‌ എന്ന അവരുടെ കണ്ടെത്തല്‍ നിന്ദ്യമാണ്‌. ഞാന്‍ ഈ കേസില്‍ ഇടപെടുന്ന സാഹചര്യത്തെക്കുറിച്ച്‌ നേരത്തെ വിശദീകരിച്ചിട്ടുണ്ടായിരുന്നു. സിവിക്‌ ചന്ദ്രന്റെ ലൈംഗികാക്രമണം നേരിട്ട മറ്റൊരു അതിജീവിതയുടെ അനുഭവം കൂടി കേള്‍ക്കാനിടയായ സാഹചര്യമാണത്‌.

ഇന്ദു ഈ കേസില്‍ ഇത്ര ശക്തമായി അതിജീവിതക്കൊപ്പം നില്‍ക്കുന്നത്‌ അതിജീവിത ഇന്ദുവിന്റെ ഒപ്പം അഞ്ചു വര്‍ഷം ഒന്നിച്ചു പഠിച്ച സഹപാഠിയായതുകൊണ്ടും അതിജീവിതയുടെ ഇന്റഗ്രിറ്റിയില്‍ നൂറുശതമാനം നേരിട്ടു വിശ്വാസമുള്ളതുകൊണ്ടുമാണ്‌.

ബിന്ദു അമ്മിണി കേരളത്തിലെ ദലിത്‌ സ്‌ത്രീകളുടെ മാത്രമല്ല, ലിംഗനീതിക്കായി സ്‌ത്രീ സമൂഹത്തിന്റെയാകെ ആത്മാഭിമാനം സംരക്ഷിക്കാനായി വലിയ പോരാട്ടം നടത്തി ചരിത്രം സൃഷ്‌ടിച്ച, ഇപ്പോഴും അത്‌ തുടര്‍ന്നു കൊണ്ടിരിക്കുന്ന ദലിത്‌സ്‌ത്രീ പോരാളിയാണ്‌. ഞങ്ങള്‍ മൂന്നു പേര്‍ മാത്രമല്ല, ദേവിക കാണാത്ത നിരവധി പേര്‍ സ്‌ത്രീകളും പുരുഷന്‍മാരും അതിജീവിതക്കൊപ്പമുണ്ട്‌.

ദേവിക ആരോപിക്കുന്നതു പോലെ മൃദുലാ ദേവിയേയോ പി.ഇ. ഉഷയേയോ ഇരകളാക്കുക ഞങ്ങളിലാരുടേയും ലക്ഷ്യമല്ല. 1999ല്‍ പി.ഇ. ഉഷ ബസില്‍ നേരിട്ട ലൈംഗികാക്രമണ കേസ്‌ ആദ്യമായി മാധ്യമങ്ങളിലൂടെ പുറത്തു കൊണ്ടു വരുന്നതിലും ജനപിന്തുണ ഉണ്ടാക്കുന്നതിലും എങ്ങനെയാണോ സ്ത്രീവേദിയില്‍ ഞാൻ ഏലിയാമ്മ ചേച്ചിക്കൊപ്പം മുന്‍കൈ എടുത്തിട്ടുള്ളത്‌ അത്തരത്തലുള്ള ഉത്തരവാദിത്വമാണ്‌ ഈ കേസിലും കൈക്കൊണ്ടിട്ടുള്ളത്‌. ഉഷ എല്ലാ പ്രിവിലേജുകളുമുള്ള ഒരു നമ്പൂതിരി സ്‌ത്രീയാണ്‌. ഈ അതിജീവിത യാതൊരു പ്രിവിലേജുകളുമില്ലാത്ത ഒരു ദലിത്‌ സ്‌ത്രീയാണ്‌. ആ വ്യത്യാസം ചെറുതുമല്ല.

വലിയ സാമൂഹ്യ സാംസ്‌ക്കാരിക മൂലധനമുള്ള കുറ്റവാളിയെ നിയമത്തിനു മുന്നില്‍ കൊണ്ടു വരുന്നതിന്‌ അങ്ങേയറ്റം ജനപിന്തുണ ഈ കേസില്‍ ആവശ്യമുണ്ട്‌. അതിനായിട്ടാണ്‌ ഞങ്ങള്‍ എല്ലാവരും പല തരത്തില്‍ പ്രവര്‍ത്തിക്കുന്നത്‌. ഈ കേസില്‍ പാഠഭേദം ഐ.സി.സി അംഗമായി പി.ഇ. ഉഷ ഉണ്ടായിരുന്നു എന്ന്‌ ഞാനറിയുന്നത്‌ ഇന്നലെ മാത്രമാണ്‌. ഐ.സി.സി അംഗങ്ങള്‍ അതിജീവിതയോട്‌ വലിയ അനീതി കാണിച്ചിട്ടുണ്ട്‌ എന്ന്‌ നടുക്കത്തോടെ അറിയുന്നത്‌ ഇന്ന്‌ അതിജീവിതയുടെ വിശദമായ വെളിപ്പെടുത്തല്‍ വായിച്ചപ്പോഴാണ്‌. അതിജീവിതയുടെ സത്യമാണ്‌ വിജയിക്കുക. കുറ്റവാളിയെ സംരക്ഷിക്കാന്‍ ശ്രമിച്ചവരുടെ നുണകള്‍ പരാജയപ്പെടും.

ഇനിയും സിവിക്‌ ചന്ദ്രന്റെ അറസ്റ്റ്‌ എന്തുകൊണ്ടാണ്‌ വൈകുന്നത്‌? ഒളിവില്‍ പോയിരിക്കുന്ന സിവിക്‌ ചന്ദ്രനെ ഉടനെ അറസ്റ്റ് ചെയ്‌ത്‌ എത്രയും വേഗം നിയമത്തിനു മുന്നില്‍ കൊണ്ടു വരണമെന്ന്‌ സര്‍ക്കാരിനോട്‌, മുഖ്യമന്ത്രിയോട്‌ അതിജീവിതക്കൊപ്പം നില്ക്കുന്നവർ ആവശ്യപ്പെടുന്നു -സി.എസ്. ചന്ദ്രിക വ്യക്തമാക്കി. 

Tags:    
News Summary - why the arrest of Civic Chandran is still delayed asks CS Chandrika

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-10-06 06:24 GMT