ആത്മകഥ തുറന്നെഴുതുവാൻ എഴുത്തുകാരികൾക്കാവുമോ?, ഈ ചോദ്യം ഉന്നയിക്കുന്നത് സാഹിത്യകാരി കെ.പി. സുധീരയാണ്. എഴുതിയാൽ ആകാശം ഇടിഞ്ഞു വീഴുമോ? വീഴും. അത് കൊണ്ടാണ് വിദേശത്ത് പോലും മരണാന്തരം പ്രസിദ്ധീകരിക്കാനെന്ന് പറഞ്ഞ് എഴുത്തുകാരികൾ തങ്ങളുടെ തുറന്നെഴുത്തുകൾ പ്രസാധകരെ ഏൽപിക്കുന്നത്.
ഞാനും ആത്മകഥ എഴുതാൻ തീരുമാനിച്ചുവെന്ന് ഫേസ് ബുക്കിലെ കുറിപ്പിൽ സുധീര എഴുതുന്നു. കുറിപ്പിന്റെ പൂർണരൂപം: ``ഒരെഴുത്തുകാരിയുടെ ജീവിതം മധുരം നിറഞ്ഞ നഞ്ചു പോലെയാണെന്ന് ലളിതാംബികാ അന്തർജനം എഴുതി. ഇരട്ടക്കുതിരയെ പൂട്ടിയ ഒരു വണ്ടി പോലെയെന്നും. എഴുത്തും കുടുംബവും -ഒരു കുതിര ഇടത്തോട്ട് തിരിഞ്ഞാൽ മറ്റൊന്ന് വലത്തോട്ടാവും തിരിയുക. അന്തർജനം നേരിട്ട എതിർപ്പുകൾ സ്വസമുദായത്തിൽ നിന്നും വീടിനു പുറത്തു നിന്നുള്ള ബന്ധുക്കളിൽ നിന്നും ആയിരുന്നു. ഭർത്താവിൻ്റെ പൂർണ പിന്തുണയാണ്, ആ വലിയ എഴുത്തുകാരിക്ക് വലിയ വിപ്ലവങ്ങൾ സൃഷ്ടിക്കാൻ കരുത്തേകിയത്.എന്നാൽ കാലാകാലങ്ങളിൽ എഴുത്തുകാരികൾ ആദ്യം നേരിടുന്ന സെൻസർഷിപ്പ് സ്വന്തം ഗൃഹത്തിൽ നിന്നാണ്.
ഹൈദ്രബാദിൽ എഴുത്തുകാരികളുടെ സെമിനാറിൽ പങ്കെടുക്കാൻ പോയപ്പോൾ ,വിഖ്യാത എഴുത്തുകാരി നബനീത സെൻ തന്റെ പ്രഭാഷണം ആരംഭിച്ചത് തന്നെ ,എന്റെ വിവാഹമോചനം നടന്ന കാലത്ത് എന്നായിരുന്നു. തന്റെ വലം കയ്യിന്റെ ഭീതിതമായ പൊള്ളലുകൾ ഉയർത്തിക്കാട്ടി മറ്റൊരു എഴുത്തുകാരി പറഞ്ഞു. "നീ ഈ കൈ കൊണ്ടല്ലേ എഴുതുന്നത് എന്ന് പറഞ്ഞ് ഭർത്താവ് ദേഷ്യത്തോടെ തിളച്ച വെള്ളമൊഴിച്ച് വലതു കൈ പൊള്ളിച്ചതാണ്." ഇന്ത്യയിൽ അങ്ങോളമിങ്ങോളമുള്ള എഴുത്തുകാരികൾ പങ്കെടുത്ത ആ സെമിനാർ എന്നെ അത്ഭുതപ്പെടുത്തിയത്, അവരിലധികവും വിവാഹമോചിതരായിരുന്നു എന്നതാണ്. അവരൊക്കെ എഴുത്തിന് വേണ്ടി കുടുംബം ഉപേക്ഷിച്ചവരാണ്.
ഫെമിനിസം ചമഞ്ഞ് ഭർത്താക്കന്മാരെ വെറുതെ ഉപേക്ഷിച്ചവരല്ല. എഴുതുന്ന ഭാര്യമാരെ കണക്കറ്റ് ദ്രോഹിക്കുന്ന ഭർത്താക്കന്മാരിൽ നിന്നും രക്ഷപ്പെട്ടോടിയവരാണ്. എന്നാൽ കേരളത്തിലെ എഴുത്തുകാരികൾ സഹനശേഷി ഉള്ളവരാണ്. തിളച്ച വെള്ളമൊഴിച്ചാലും ഹൃദയത്തെ മുറിക്കുന്ന വാക്കുകൾ പറഞ്ഞ് ദ്രോഹിച്ചാലും അപമാനിച്ചാലും അവൾ ഓടിപ്പോവുകയില്ല. കുട്ടികൾ, കുടുംബ ബന്ധങ്ങൾ, അപമാന ഭയം - അവൾ തന്നെ കുത്തി മുറിവേൽപ്പിക്കുന്നവരുടെയൊപ്പം തന്നെ മരണം വരെ കഴിയും. അവർ വിവാഹമോചനത്തിനോ, ആത്മഹത്യക്കോ പോലും ധൈര്യമില്ലാത്തവരാണ്.കുടുംബക്കാരും സമൂഹവും അവളെ പിന്തുണയ്ക്കാൻ എത്തില്ല. വേണ്ടാത്തതൊക്കെ എഴുതീട്ടല്ലേ? കുട്ടിയും കുടുംബവുമായി സ്വസ്ഥമായി കഴിഞ്ഞാൽ പോരേ എന്നാണ് അവരുടെ ഭാവം.
സ്ത്രീക്ക് യാതൊന്നും തുറന്നെഴുതാൻ ധൈര്യമില്ല. അവൾ കഠിനമായി ജോലി ചെയ്ത് വീട്ടുകാർക്ക് എന്ത് നേടിക്കൊടുത്താലും ആരും വിലമതിക്കയില്ല. "ഇതെല്ലാം എന്റെ അമ്മ നേടിത്തന്നതാണ്'' എന്ന് അഭിമാനത്തോടെ കുട്ടികൾ മനസ്സിൽ പോലും പറയില്ല.
എഴുത്തുകാരികൾ സത്യസന്ധമായി ആത്മകഥ എഴുതുമോ? എഴുതിയാൽ ആകാശം ഇടിഞ്ഞു വീഴുമോ? വീഴും. അത് കൊണ്ടാണ് വിദേശത്ത് പോലും മരണാന്തരം പ്രസിദ്ധീകരിക്കാൻ - എന്ന് പറഞ്ഞ് എഴുത്തുകാരികൾ തങ്ങളുടെ തുറന്നെഴുത്തുകൾ പ്രസാധകരെ ഏൽപിക്കുന്നത്.
ഞാനും ആത്മകഥ എഴുതാൻ തീരുമാനിച്ചു. സാന്ധ്യപ്രകാശത്തിൽ കുളിച്ചു നിൽക്കുന്ന ഈ നേരത്ത്, ആകെ വിഴുങ്ങാൻ കാത്ത് നിൽക്കുന്ന ഇരുളിനെ ഓർക്കുമ്പോൾ എഴുതാൻ തോന്നുന്നു - നീതി ലഭിക്കാതെ നീറിപ്പിടയുമ്പോൾ, പ്രിയരെ - മരണ ശേഷമെങ്കിലും സത്യത്തിൻ്റെ പ്രകാശം പരക്കട്ടെ.
ചില ജീവിതാനുഭവങ്ങൾ - സന്തോഷമുള്ളവയും വേർപാടിൻ്റെ കണ്ണീർച്ചാലുകൾ തീർത്ത അനുഭവങ്ങളും ഞാൻ മുമ്പ് എഴുതിയിട്ടുണ്ട്.സ്വത്വത്തെ പിച്ചിച്ചീന്തുന്ന ചില ചോരപ്പാടുകൾ ബാക്കിയാണ്. എഴുതും-എഴുതിത്തീർത്തിട്ടേ യാത്രയാവൂ. എൻ്റെ എഴുത്തിൻ്റെ വഴിയിൽ നിഴൽ വീഴ്ത്തിയ ചില സ്ത്രീകളും ഉണ്ട്. അതേക്കുറിച്ചാവട്ടെ ആദ്യം.
മലപ്പുറത്ത് ഒരു വലിയ പരിപാടിയിൽ പങ്കെടുത്ത് പിരിയുമ്പോൾ, വേദിയിൽ ഇരുന്ന പ്രധാന കർമചാരി, എൻ്റെ പ്രസംഗം ഏറെ ഇഷ്ടമായെന്നും മാഡത്തിൻ്റെ ഒന്ന് രണ്ട് പുസ്തകങ്ങളേ കണ്ടുള്ളൂ - പുസ്തകങ്ങൾ എവിടെ കിട്ടും എന്നും വിനയത്തോടെ ചോദിച്ചു. കയ്യിൽ ആയിടെ ഇറങ്ങിയ രണ്ട് മൂന്ന് പുസ്തകങ്ങളുടെ കോപ്പി കാണും. അതോർത്ത് ഞാൻ പറഞ്ഞു - ഞാൻ സാറിൻ്റെ ഓഫീസിലേക്കയക്കാം, ചില പുതിയ പുസ്തകങ്ങൾ. പിറ്റേന്ന് ഓർമിച്ച് ബാങ്കിൽ നിന്ന് കൊറിയർ വഴി അയക്കുകയും ചെയ്തു. കൊറിയറിലെ ഫോൺ നമ്പർ നോക്കി സാറിൻ്റെ മെസേജ് വന്നു - ഒരു പാട് നന്ദി മാഡം. മുഴുവനും വായിച്ചിട്ട് വിളിക്കാം. ദിവസങ്ങൾ കടന്നു പോയി. ഞാൻ പുസ്തകത്തേയും അയച്ചുകൊടുത്ത ആളിനെയും മറന്നു. വർഷങ്ങൾക്ക് മുമ്പാണ് - അന്ന് മൊബൈലിനേക്കാൾ ലാൻഡ് ലൈനാണ് ഉപയോഗിക്കുക. ഒരു ദിവസം രാത്രി ഒരു ഫോൺ വന്നു - ഭർത്താവാണ് എടുത്തത്.ഒരു സ്ത്രീ ശബ്ദത്തിൻ്റെ ആക്രോശം -സുധീരയുടെ ഭർത്താവല്ലേ? അവരുടെ പ്രേമ കഥകൾ എൻ്റെ ഭർത്താവിന് അയച്ചു കൊടുത്തിരിക്കുന്നു - പ്രിയപ്പെട്ട - ന് ,സ്നേഹത്തോടെയെന്ന് എഴുതിയിരിക്കുന്നു. അത് അദ്ദേഹം കിടക്കുന്നിടത്തും നടക്കുന്നിടത്തും കൊണ്ടു നടന്ന് വായിക്കയാണ്. ഇവരുടെ ഈ അവിഹിത ബന്ധം ഞാൻ വെച്ചു പൊറുപ്പിക്കയില്ല. മൊബൈലിലും ഞാൻ നോക്കി. മെസേജ് അയച്ചിട്ടുണ്ട്. പുസ്തകത്തിൽ നിന്നാണ് നമ്പർ കിട്ടിയത്. ഇതാണ് അവർ പറഞ്ഞതിൻ്റെ രത്നച്ചുരുക്കം .സംശയക്കാരിയായ ആ ഭാര്യ കുടഞ്ഞിട്ട കനലുകൾ എൻ്റെ ജീവിതത്തെ എങ്ങനെ ബാധിച്ചുവെന്നത് ചിന്ത്യം. ഇവിടെ നിർത്തട്ടെ. ചില കനലുകൾ ചാരം മൂടിക്കിടക്കും - അവ അണയുകയില്ല. അടുത്ത അനുഭവവുമായി ഉടൻ വന്നെത്താം''.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.