റിയാദ് പുസ്തകമേള ബാക്കിവെക്കുന്നത്..

റിയാദ്: ചരിത്രത്തിലാദ്യമായി മലയാളത്തിന് വലിയ ഇടം നൽകിയ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തിരശ്ശീല വീണതോടെ ലോകത്തിന്റെ നാനാഭാഗത്തുനിന്നെത്തിയ 1200ഓളം പ്രസാധകർ നാട്ടിലേക്ക് തിരിക്കുന്ന തിരക്കിലാണ്. കേരളത്തിൽനിന്ന് ഇത്തവണ നാലു പ്രസാധകരാണ് എത്തിയത്.

റിയാദ് മേളയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒന്നിലധികം മലയാള പ്രസാധകർ പങ്കെടുക്കുന്നതും പതിനായിരക്കണക്കിന് മലയാള പുസ്തകങ്ങൾ എത്തുന്നതും. അടുത്തവർഷം ഇതിലും നന്നാവുമെന്ന പ്രതീക്ഷ പങ്കുവെച്ച് മടങ്ങുന്ന മലയാള പ്രസാധകർ 10 ദിവസം നീണ്ട മേളയിലെ അനുഭവങ്ങളും പ്രതീക്ഷയും 'ഗൾഫ് മാധ്യമ'വുമായി പങ്കുവെക്കുന്നു.


വളരെ പ്രതീക്ഷയുണ്ട്- പ്രതാപൻ തായാട്ട് (ഡയറക്ടർ, ഹരിതം പബ്ലിഷേഴ്സ്)

പുസ്തകോത്സവത്തിലെ ഇന്ത്യക്കാരുടെയും മലയാളികളുടെയും സാന്നിധ്യത്തിൽ വളരെ പ്രതീക്ഷയുണ്ട്. ഇത് പ്രവാസി ഇന്ത്യക്കാരുടെ സംസ്കാരമായി മാറാൻ സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. വർഷംതോറും റിയാദ്‌ പുസ്‌തകോത്സവം മലയാളി സമൂഹത്തിന്റെ കലണ്ടറിൽ കടന്നുവരണം. ആ ദിവസങ്ങളിൽ എല്ലാ സംഘടനകളും കൂട്ടായ്മകളും പൊതുപരിപാടികൾ മാറ്റിവെക്കുകയും മേളയെ കാത്തിരിക്കുന്ന ഒരു സാഹചര്യം ഉണ്ടാക്കുകയും വേണം. തൃശൂർ പൂരം, ഓണം എന്നിവ മലയാളികൾ കാത്തിരിക്കുന്ന പോലെ ഷാർജ പുസ്തകോത്സവം ഒരാഘോഷമാക്കി വരും നാളുകളിൽ മാറ്റണം.

പിൽഗ്രിം ടൂറിസം, ഇക്കോ ടൂറിസം എന്നിവ പോലെ ലിറ്റററി ടൂറിസത്തിനും വലിയ സാധ്യതകളാണ് നിലനിൽക്കുന്നത്. പുസ്തകങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനുമപ്പുറം അറിവിന്റെയും അനുഭവങ്ങളുടെയും കൊടുക്കൽവാങ്ങലുകൾകൂടിയാണ് പുസ്തകോത്സവങ്ങൾ നിർവഹിക്കുന്ന ദൗത്യം. മാധ്യമങ്ങളും സോഷ്യൽ മീഡിയകളും മേളയെ ജനങ്ങളിലേക്കെത്തിക്കുന്നതിൽ വലിയ പങ്കുവഹിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

ഇവിടെ ധാരാളം എഴുത്തുകാരുണ്ട്, അവരെ മുന്നോട്ടു കൊണ്ടുവരാനും മലയാള കൃതികൾ അറബ് ഭാഷയിലേക്ക് വിവർത്തനം ചെയ്ത് നമ്മുടെ കൃതികൾ അറബ് സമൂഹങ്ങളിലേക്കെത്തിക്കാനും ഈ മേള പ്രചോദനമാകും. . നവസാമൂഹിക പ്രശ്നങ്ങളെ അതിജീവിക്കാനും മനുഷ്യനിലെ പാരസ്പര്യം വളർത്തുന്നതിനും പുസ്തകങ്ങളും ചർച്ചകളും ഒരു വലിയ പങ്ക് വഹിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.


കൂടുതൽ വർണാഭമായി മാറും- വിനോദ് കുമാർ (ഡി.സി ബുക്സ് മാർക്കറ്റിങ് മാനേജർ)

മേളയിൽ പങ്കെടുക്കുന്ന പതിനഞ്ചോളം വരുന്ന ഇന്ത്യൻ സ്റ്റാളുകൾ ഒന്നിച്ചുള്ള ഒരു പവലിയൻ ആയിരുന്നെങ്കിൽ കൂടുതൽ നന്നാവുമായിരുന്നു.അതിനോട് ചേർന്ന് പുസ്തകങ്ങൾ പ്രകാശനം ചെയ്യുവാനും അതിഥികളെ പങ്കെടുപ്പിച്ചുള്ള ചെറിയ ചർച്ചകൾക്കും ഒരിടം കൂടി ഉണ്ടാവണം. പ്രവാസികൾ 10 വർഷം മുമ്പ് നാടിനെ കണ്ട പോലെയാണ് സാഹിത്യത്തെയും എഴുത്തിനെയും കാണുന്നത്.എഴുത്തിലും വായനയിലുമുണ്ടായ മാറ്റങ്ങൾ അവർക്ക് പകർന്നുകൊടുക്കാൻ അത്തരം ചർച്ചകൾ ഏറെ ഉപകരിക്കും.

സിറ്റിയിൽനിന്ന് വളരെ ദൂരെയുള്ള ഒരു സ്ഥലമായതിനാൽ എത്തിപ്പെടാൻ വലിയ പ്രയാസമാണ്.കൂടുതൽ യാത്രാസൗകര്യങ്ങൾ ഉണ്ടാക്കിയാൽ ഇത് പരിഹരിക്കപ്പെടും.നിരവധി പേർ വാഹനം പാർക്ക് ചെയ്യാനും കിലോമീറ്ററുകൾ നടക്കാനും ബുദ്ധിമുട്ടിയതായി അറിഞ്ഞു.ഈ വർഷത്തെ മേള നഷ്ടമുണ്ടാക്കുമെങ്കിലും അടുത്ത സീസണിൽ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സ്‌കൂളുകളിൽ ലൈബ്രറികൾ സ്ഥാപിക്കുക, അവർക്ക് പ്രത്യേക ഡിസ്കൗണ്ടുകൾ നൽകുക, വിദ്യാർഥികൾക്ക് മേളയിൽ പങ്കെടുക്കാനുള്ള അവസരമൊരുക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ പുസ്തകമേള കൂടുതൽ വർണാഭമായി മാറും.ഇത്തവണ ഡി.സി ബുക്സ് 600ഓളം ശീർഷകങ്ങളിൽ പതിനായിരത്തോളം പുസ്തകങ്ങൾ മേളയിൽ എത്തിച്ചിരുന്നു.


ശുഭസൂചനകൾ നൽകുന്നു- കെ. സന്ദീപ് (ഡയറക്‌ടർ, ഒലിവ് പബ്ലിക്കേഷൻസ്)

മലയാളി സമൂഹം സംഘടന തലത്തിൽ ഏറ്റെടുക്കുകയും പ്രവർത്തകരെ പുസ്തക നഗരിയിലെത്തിക്കുവാൻ താൽപര്യമെടുക്കുകയും ചെയ്തിരുന്നെങ്കിൽ വിജയത്തിന് തിളക്കമേറിയേനെ. വായനക്കാരുടെ അഭിരുചിക്കനുസരിച്ച് തിരഞ്ഞെടുക്കാൻ നിരവധി മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങൾ ലഭ്യമായിരുന്നു. മേളയുടെ ആദ്യ ദിവസങ്ങളിൽ മന്ദീഭാവം ഉണ്ടായെങ്കിലും പിന്നീട് സന്ദർശകർ ധാരാളമായി എത്തിയത് ശുഭസൂചനകൾ നൽകുന്നുണ്ട്.


നല്ല അനുഭവം - പി.വി. സോംജിത് (പൂർണ പബ്ലിഷേഴ്സ്)

വളരെ നല്ല അനുഭവമാണ് ഈ പുസ്തക മേള എനിക്ക് നൽകിയിട്ടുള്ളത്. അറബികളും മറ്റ് ദേശക്കാരും ഇന്ത്യൻ സാഹിത്യങ്ങളും പ്രതിഭാശാലിയായ എഴുത്തുകാരെയും തേടി വരുന്നുണ്ട്. അവരെ കൂടി പരിഗണിക്കുന്ന കലക്ഷൻസ് വേണം. റിയാദിന്റെ സമീപ പ്രദേശങ്ങൾ, അടുത്ത നഗരങ്ങൾ എന്നിവിടങ്ങളിൽനിന്നും ആളുകൾക്ക് പങ്കെടുക്കുവാൻ വാഹന സൗകര്യം വേണം.

Tags:    
News Summary - What does the Riyadh Book Fair leave behind

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-21 06:53 GMT
access_time 2024-07-21 06:47 GMT