ഒരു വർഷത്തിനിടയിലെ 700ഓളം കർഷകരുടെ മരണത്തിന് ഉത്തരവാദി ആര്? പ്രധാനമന്ത്രി അടക്കമുള്ളവർ സമരക്കാർക്കു നേരെ നടത്തിയ ആക്ഷേപങ്ങൾക്ക് എന്തു വിലയൊടുക്കും? കാർഷിക നിയമങ്ങൾ പിൻവലിക്കുേമ്പാൾ ഈ ചോദ്യങ്ങളും ബാക്കി നിൽക്കുന്നു. ലഖിംപുരിൽ വണ്ടി കയറ്റിക്കൊന്ന നാലുപേരടക്കം 700ഓളം കർഷകർ സമരകാലത്ത് മരിച്ചുവെന്നാണ് കണക്ക്. ഈ മരണങ്ങളിലേക്ക് നയിച്ച ഭരണപരമായ വീഴ്ചക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പു പറഞ്ഞില്ല.
കോവിഡും മഞ്ഞും വെയിലും മറ്റു കഷ്ടപ്പാടുകളും വകവെക്കാത്ത ഒരു വർഷം നീണ്ട സമരത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. അതിനിടയിൽ സമരം ചെയ്യുന്ന കർഷകർ പ്രധാനമന്ത്രിക്ക് ആന്ദോളൻ ജീവികളായി. ബി.ജെ.പിയുടെയും മന്ത്രിമാരുടെയും ഭാഷയിൽ തീവ്രവാദികളുടെ പരിപാടിയായി. ഖലിസ്ഥാനികളെന്നും മാവോവാദികളെന്നുമൊക്കെയായിരുന്നു സമരക്കാർക്കുള്ള വിശേഷണങ്ങൾ. സമ്പന്ന കർഷകരും ഗുണ്ടകളുമാണ് സമരനടത്തിപ്പെന്നും വിദേശ സഹായമുണ്ടെന്നുമൊക്കെ ആരോപണം നീണ്ടു. വേണമെന്നു വെച്ചാൽ ഇവരെ നേരെയാക്കാൻ രണ്ടു മിനിറ്റു മതിയെന്നായിരുന്നു ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ വിവാദ പ്രസംഗം.
ഡൽഹി മാർച്ചിനിടയിൽ അതിർത്തികളിൽ തടയപ്പെട്ട കർഷകർ നഗരത്തിലേക്ക് തള്ളിക്കയറുന്നില്ലെന്ന് ഉറപ്പു വരുത്താൻ സർക്കാർ പലവിധ ശ്രമങ്ങളാണ് നടത്തിയത്. കോൺക്രീറ്റ് ഭിത്തികളും കൂറ്റൻ ബാരിക്കേഡുകളും ആണിയടിച്ച കമ്പിവേലികളുമെല്ലാം ഉയർന്നു. ഇൻറർനെറ്റ് ഉപയോഗത്തിനും വിലക്ക് വീണു. സഞ്ചാരത്തിനു വിലക്കു വീണ തുറന്ന ജയിലായി അതിർത്തി മേഖല മാറി.
നഗരത്തിലേക്ക് പ്രവേശിച്ച് സമരം നടത്താനുള്ള അവകാശം നിഷേധിക്കപ്പെട്ട സമരക്കാർക്ക് സുപ്രീംകോടതിയും അനുകൂലമായിരുന്നില്ല. നിയമത്തിനെതിരെ കോടതിയിൽ ഹരജി നൽകിയ ശേഷം സമരം തുടരുന്നതിെൻറ ന്യായം കോടതി ചോദ്യം ചെയ്തു. റോഡ് തടഞ്ഞുള്ള സമരത്തിനെതിരെ കോടതിയിൽ നിന്ന് പലവട്ടം പരാമർശമുണ്ടായി. തങ്ങളല്ല, പൊലീസാണ് സഞ്ചാരത്തിനു വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് സമരനേതാക്കൾ കോടതിയിൽ ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ പാർട്ടികൾക്ക് അതീതമായി, കർഷകരുടെയും അവരുടെ നേതാക്കളുടെയും നിശ്ചയ ദാർഢ്യം തെളിഞ്ഞുകണ്ട സമരത്തിനാണ് ഒരു വർഷമായി ഡൽഹിയുടെ അതിർത്തികൾ സാക്ഷ്യം വഹിച്ചത്. ഒത്തുതീർപ്പു ചർച്ചക്കു വിളിച്ച സർക്കാർ, യോഗത്തിൽ വിളമ്പിയ ചായ പോലും വേണ്ടെന്നു വെച്ച് സമരപ്പന്തലിൽ ഉണ്ടാക്കിയ ഭക്ഷണം കൊണ്ടുവന്നു കഴിക്കുകയാണ് സമരനേതാക്കൾ ചെയ്തത്. അതിനിടെയാണ് സമരക്കാർക്കു നേരെയുള്ള പരിഹാസങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.