രാജ്യത്തെ ഗ്രാമീണ മേഖലയിൽ ജനം അനുഭവിക്കുന്ന ദുരിതങ്ങളുടെ നേർചിത്രമാണ് കർഷക സമരത്തിലൂടെ പുറത്തുവരുന്നത്. രാജ്യം വളരുന്നത് നഗരങ്ങളിൽ മാത്രമാണെന്നും, വികസനത്തിെൻറ ഗുണഭോക്താക്കൾ വളരെ ന്യുനപക്ഷമായ ഒരുപറ്റം പണക്കാർ മാത്രമാണെന്നും കർഷക സമരം സാക്ഷ്യപ്പെടുത്തുന്നു.
രാജ്യത്തെ 40 ശതമാനം ആളുകൾ കാർഷിക മേഖലയിലാണ് തൊഴിലെടുക്കുന്നത് എന്നോർക്കണം. കർഷകരുടെ വരുമാനം 2022 ആകുേമ്പാഴേക്ക് ഇരട്ടിയാക്കുമെന്ന് നിലവിൽ കേന്ദ്രം ഭരിക്കുന്ന ഭാരതീയ ജനത പാർട്ടി 2016ൽ പ്രഖ്യാപിച്ചിരുന്നു. അതേ വർഷം കേന്ദ്ര സർക്കാർ പുറത്തിറക്കിയ റിപ്പോർട്ട് പരിഗണിച്ചാൽ കർഷകരുടെ വരുമാനം 2015 മുതൽ ഓരോ വർഷവും ചുരുങ്ങിയ പക്ഷം 10.6 ശതമാനം വളരണം. എന്നാൽ മാത്രമേ 2022ൽ ഇരട്ടിയായി ഉയരൂ. ഓരോ വർഷവും കാർഷിക മേഖലയിൽ സർക്കാർ 639 കോടി രൂപ നിക്ഷേപിക്കുക കൂടി വേണമെന്നത് വേറെകാര്യം.
നിലവിലുള്ള സാഹചര്യം എന്താണെന്നു പരിശോധിക്കാം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കണക്ക് പ്രകാരം, 2014 -2016 കാലയളവിൽ കർഷകരുടെ വരുമാനം 40 ശതമാനം വർധിച്ചിട്ടുണ്ട്. അതിന് ശേഷമുള്ള നാലു വർഷത്തിനിടയിൽ ഇന്ത്യയുടെ കാർഷിക രംഗം താഴോട്ടുവരുന്നു എന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
കാർഷിക മേഖലയിൽ 2011-12 കാലയളവിൽ 8.5% മാത്രമാണ് സർക്കാർ നിക്ഷേപം ഉണ്ടായത്. അടുത്ത വർഷം നേരിയ വർധനയുണ്ടായി, 8.6 ശതമാനം. ശേ2015 മുതൽ ഏഴ് ശതമാനമോ അതിൽ താഴയോ മാത്രമാണ് നിക്ഷേപം. ഒരു ഭാഗത്ത് വരുമാനം വർധിക്കുന്നു എന്ന് സാക്ഷ്യപെടുത്തുമ്പോഴും മറുഭാഗത്ത് കാർഷിക രംഗം പിന്നോട്ടു തന്നെയെന്നാണ് ഇത് ബോധിപ്പിക്കുന്നത്.
നബാർഡ് കണക്ക് പ്രകാരം 2016 മുതൽ ഓരോ മൂന്ന് വർഷം കഴിയുമ്പോൾ കർഷകരുടെ കടം ഇരട്ടിയായി വർധിക്കുന്നു. കർഷകരെ കടക്കെണിയിൽ നിന്ന് രക്ഷപെടുത്താൻ സർക്കാർ ചെയ്യുന്ന കാര്യങ്ങൾ കൂടി കൂട്ടിവായിക്കണം. ധന്യവിളകൾക്കും വളത്തിനും സബ്‌സിഡി നൽകിയത് കൊണ്ടുമാത്രം കർഷകരെ കടക്കെണിയിൽ നിന്ന് രക്ഷപെടുത്താനാകണമെന്നില്ല.
2019 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 80 ലക്ഷം കർഷകർക്ക് 6000 രൂപ ഓരോ വർഷവും നൽകുമെന്ന് വാഗ്ദാനം ചെയ്തു. ഒന്നുവിശദമാക്കിയാൽ, വെറും അഞ്ഞൂറ് രൂപ കൊണ്ട് ഒരു മാസം ചിലവ് നടത്താൻ സാധിക്കുമോ ?
കഴിഞ്ഞ സെപ്റ്റംബർ അവസാനത്തോടെ മൂന്ന് ബില്ലുകൾ കേന്ദ്ര സർക്കാർ സഭ കടത്തി. നിലവിൽ ഓരോ വിളക്കും കർഷകർ നിശ്ചിത വില നിർണയിച്ച് അത് മണ്ഡിയിൽ (കർഷകർക്ക് വിൽക്കാനുള്ള പൊതുവിപണി) കൊണ്ടുവിൽക്കുകയും അതിന് അവർക്ക് വില ലഭിക്കുകയും ചെയ്യും. എന്നാൽ പുതിയ നിയമം വില നിശ്ചയിക്കുന്ന സമിതിയുടെ (എ.പി.എം.സി) അധികാരം എടുത്തുകളഞ്ഞു. വിപണിയിൽ ഏത് കമ്പനിയാണോ വിളകൾ വാങ്ങുന്നത് അവരായിരിക്കും ഇനിമേലിൽ വില നിശ്ചയിക്കുക. മാത്രവുമല്ല, അവരുടെ ഉൽപ്പന്നങ്ങൾ ഇന്ത്യയുടെ ഏതു പ്രദേശത്തും കൊണ്ടുപോയി വിൽക്കാനും സാധിക്കും. കാർഷിക രംഗത്ത് നിലവിലുള്ള ബിസിനസ് സ്ഥാപനങ്ങൾ, കയറ്റുമതി ചെയ്യുന്ന കമ്പനികൾ, നേരിട്ട് കർഷകരുമായി ഇടപാട് നടത്താൻ സാധിക്കും. അവർ നിശ്ചിത തുക നിർണയിച്ച്, അതിനനുസരിച്ച് കർഷകർക്ക് വില നൽകും. നിത്യോപയോഗ വസ്തുക്കളായ അരി, ഗോതമ്പ്, പയർവർഗങ്ങൾ തുടങ്ങിയ വസ്തുക്കൾക്ക് സർക്കാർ ആയിരുന്നു വില നിശ്ചയിച്ചുപോന്നത്. എന്നാൽ പുതിയ നിയമം പ്രാബല്യത്തിലായതോടെ മറ്റു ഉൽപന്നങ്ങളെപോലെ നിലവിലെ വിപണി വില എന്തോ, അതേ നിത്യോപയോഗ വസ്തുക്കൾക്കും ലഭിക്കൂ.
ഒന്ന്, നിലവിൽ കേന്ദ്ര-സംസ്ഥാന സർകാറുകളായിരുന്നു കാർഷിക മേഖല നിയന്ത്രിച്ചിരുന്നത്. ഇനി സർക്കാറുകൾക്ക് കാർഷിക മേഖലയിൽ ഒരു അധികാരവും ഉണ്ടാകില്ല. പകരം സ്വകാര്യ ഭീമന്മാർ കാര്യങ്ങൾ നിയന്ത്രിക്കും. സ്വാഭാവികമായും സംസ്ഥാന സർക്കാരുകൾക്ക് കാർഷിക മേഖലയിൽ നിന്ന് വരുന്ന നികുതി വരുമാനം തുടർന്നും ലഭ്യമാകണമെന്നില്ല.
കഴിഞ്ഞ വർഷം ഗുജറാത്തിൽ കർഷകർ പെപ്സി കമ്പനിയുടേതിന് സമാനമായ ഉരുളക്കിഴങ്ങ് കൃഷി ചെയപ്പോൾ അതിനെതിരെ കമ്പനി മുന്നോട്ടു വരികയും കൃഷി തടയാൻ ശ്രമം നടത്തുകയും ചെയ്തു. കർഷകർ അവസാനം കോടതിയിൽ അഭയം തേടേണ്ടിവന്നു.
ഇനി മറ്റൊരു പ്രശ്നം, വിളകൾക്ക് വില നിക്ഷയിക്കുന്നത് കമ്പനികളായിരിക്കും. അവർക്ക് വിപണി പിടിക്കാൻ സഹായകമായ വിലയായിരിക്കും വിളകൾക്ക് നൽകുക. പലപ്പോഴും ഒന്നോ രണ്ടോ ഹെക്ടർ മാത്രം കൃഷി ചെയ്യുന്ന പാവപ്പെട്ട കർഷകർക്ക് ഈ കമ്പനികളോട് വിലപേശാൻ സാധിക്കണമെന്നില്ല. ഇന്ത്യയിലെ 90% കർഷകരും രണ്ട് ഹെക്ടറിന് താഴെ ഭൂമിയിലാണ് കൃഷി ചെയ്യുന്നത്. അവർ എങ്ങനെയാണ് ഇതര സംസ്ഥാനങ്ങളിൽ കൊണ്ടുപോയി കച്ചവടം നടത്തുക?
ഭക്ഷ്യ ഉത്പന്നങ്ങൾക്ക് ക്രമാതീതമായി വില വർധന ഉണ്ടായാൽ മാത്രമേ സർക്കാർ ഇടപെടൂ. പെട്ടെന്ന് നശിച്ചു പോകുന്ന വസ്തുക്കൾക്ക് മുൻ വർഷത്തേക്കാൾ 100 ശതമാനം വില വർധിക്കണം. നശിച്ചുപോകാത്ത ധാന്യങ്ങൾ പോലുള്ളവക്ക് 50 ശതമാനവും വില കൂടണം. അപ്പോഴേ സർക്കാർ ഇടപെടൽ നടക്കൂ എന്നുസാരം.
കാർഷിക സമരത്തിന് എന്തുകൊണ്ടാകും ഇത്രമേൽ ജനപങ്കാളിത്തം ലഭിക്കുന്നത്? എവിടെ നിന്നൊക്കെയാണ് അവർ വരുന്നത്? ഇവ പരിശോധിച്ചാൽ ഗ്രാമീണ മേഖലകളിലെ പ്രാദേശിക ഭരണസംവിധാനമായ ഖാപ് പഞ്ചായത്തുകളുടെ ശക്തമായ പിന്തുണയുണ്ട് എന്നതാണ് വസ്തുത. കഴിഞ്ഞ ആഴ്ച മുസഫർനഗർ , ബാഗ്പത്, മഥുര, ബിജ്‌നോർ എന്നീ സ്ഥലങ്ങളിൽ നടന്ന ഖാപ് പഞ്ചായത്തുകളിൽ മുപ്പത്തിനായിരത്തിൽ കുറയാത്ത ആളുകളാണ് പങ്കെടുത്തത്. അടുത്ത രണ്ടാഴ്ചക്കുള്ളിൽ പത്തോളം ഖാപ് പഞ്ചായത്തുകൾ നടക്കാനിരിക്കുന്നു. രാകേഷ് ടിക്കായതിെൻറ വികാര നിർഭര പ്രസംഗങ്ങളാണ് പലയിടത്തും ഖാപ് പഞ്ചായത്തുകളെ പ്രക്ഷോഭ മുഖത്തെത്തിക്കുന്നത്.
ഖാപ് പഞ്ചായത്തുകൾ, ഒരു ഗ്രാമത്തിലെ മുതിർന്ന നേതാവിന് കീഴിൽ ഒരുമിച്ചു കൂടലാണ്. അവർ ഒന്നിച്ചിരുന്ന് ഒരു തീരുമാനം എടുത്താൽ എല്ലാവരും അനുസരിക്കണം. ഇല്ലെങ്കിൽ അവരെ എല്ലാവരും ബഹിഷ്കരിക്കും- ഇതാണ് ഖാപ് പഞ്ചായത്തുകളുടെ കീഴ് വഴക്കം. മുസഫർ നഗറിൽ ജാട്ടുകൾക്ക് മാത്രം 3500 ഖാപ് പഞ്ചായത്തുകൾ ഉണ്ട്.
രാകേഷ് ടിക്കയത് ബലിയാൻ ഖാപ് പഞ്ചായത്തിൽ പെട്ടയാളാണ്. അദ്ദേഹത്തിെൻറ പിതാവ് ചൗധരി മഹേന്ദ്ര സിംഗ് ടിക്കായത്താണ് ആദ്യമായി ബലിയാൻ ജാതിയിൽ ഉള്ളവരെ കൂട്ടി ഖാപ് പഞ്ചായത്ത് രൂപീകരിക്കുന്നത്. ഇപ്പോൾ അദ്ദേഹത്തിെൻറ സഹോദരൻ നരേഷ് ടികായത്താണ് അവരുടെ ഖാപ് പഞ്ചായത്ത് നേതാവ്.
സാധാരണ ഖാപ് പഞ്ചായത്തുകൾ അവരെ ബാധിക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങളിൽ മാത്രമേ ഇടപെടാറുള്ളു. റിപ്പബ്ലിക് ദിനത്തിലെ അനിഷ്ട സംഭവങ്ങൾക്ക് ശേഷം ഭാരതീയ കിസാൻ യൂണിയൻ നേതാവ് നരേഷ് ടികായതാണ് കർഷകനേതാവ് ഗുലാം മുഹമ്മദ് ജൗലയെ വിളിക്കുന്നത്. ഒരുമിച്ചുനിന്ന് പോരാട്ടം നടത്തേണ്ടതിനാൽ തങ്ങളുടെ അനുയായികളെ കൂട്ടി മുസഫർ നഗറിൽ വരണമെന്നായിരുന്നു ആവശ്യം. എൺപത് വയസ്സ് പ്രായമുള്ള ഗുലാം ജൗല പടിഞ്ഞാറൻ ഉത്തർ പ്രദേശിലെ അനിഷേധ്യനായ കർഷക നേതാവാണ്. 1986 ഭാരതീയ കിസാൻ യൂണിയൻ മുസഫർ നഗറിൽ രൂപീകരിച്ചത് മുതൽ നരേഷ് ടിക്കായതിെൻ പിതാവ് മഹേന്ദ്ര സിങ് ടിക്കായതിെൻറ കൂടെ 2011ൽ അദ്ദേഹത്തിെൻറ മരണം വരെ പ്രവർത്തിച്ച നേതാവ് കൂടിയാണ്. അദ്ദേഹത്തിെൻറ മരണ ശേഷം ഈ കർഷക സംഘടനക്ക് പഴയ പ്രതാപം നഷ്ടപ്പെട്ടു.
2013 ലെ മുസഫർ നഗർ കലാപത്തിൽ 62 മുസ്ലിംകൾ അറുകൊല ചെയ്യപ്പെട്ടു. കലാപം ആളികത്തിക്കാൻ കാരണമായത് ടിക്കായത് സഹോദരങ്ങൾ നടത്തിയ വർഗീയ പ്രഭാഷണങ്ങളായിരുന്നു. നരേഷ് ടിക്കായത് പിന്നീട് ഖേദം പ്രകടിപ്പിച്ചെങ്കിലും ഇന്നും ഉറങ്ങാത്ത മുറിവായി അത് അവശേഷിക്കുന്നുണ്ട്. ഇപ്പോഴും ജാട്ടുകളും മുസ്ലിംകളും ഒരേ പ്ലാറ്റ്ഫോമിൽ സംഗമിക്കാതിരിക്കാനുള്ള കാരണവും അത് തന്നെ. അതിന് ശേഷം ഗുലാം ജൗല കിസാൻ മസ്‌ദൂർ മഞ്ച് എന്ന സംഘടനക്ക് കീഴിൽ മുസ്ലിംകളെ അണി നിരത്തുകയായിരുന്നു. കഴിഞ്ഞ ദിവസം മുസഫർ നഗറിൽ ടിക്കായത് സഹോദരങ്ങളെ കണ്ടു മുട്ടിയപ്പോൾ ഗുലാം ജൗല പഴയ അരിശം അറിയിക്കുകയും ചെയ്തതാണ്. 'നിങ്ങൾ രണ്ട് കുറ്റങ്ങൾ ചെയ്തിട്ടുണ്ട്. ഒന്ന്, രാഷ്ട്രീയ ലോക്ദൾ നേതാവ് അജിത് സിംഗിനെ പരാജയപ്പെടുത്താൻ ആഹ്വാനം നടത്തുകയും ബിജെപി നേതാവ് സഞ്ജീവ് ബലിയാന് പിന്തുണ നൽകുകയും ചെയ്തു. രണ്ട്, പ്രദേശത്തെ പാവപ്പെട്ട മുസ്ലിംകളെ കൊലപ്പെടുത്താൻ വർഗീയ കലാപം നടത്തി'' -എന്നായിരുന്നു വാക്കുകൾ.
മുസഫർ നഗർ കലാപത്തിനു ശേഷം ടിക്കായത് സഹോദരങ്ങൾ തങ്ങൾക്ക് തെറ്റ് പറ്റിയെന്നുപറഞ്ഞ് മുസ്ലിംകളോട് മാപ്പ് ചോദിച്ചിരുന്നു. കാര്യങ്ങൾ പഴയപടിയായി തുടങ്ങിയതോടെ പല സ്ഥലങ്ങളിലും വിവാഹമുൾപ്പെടെ പൊതു പരിപാടികളിൽ ഒന്നിച്ചു പങ്കെടുക്കാറുമുണ്ട്. ഇപ്പോൾ ടിക്കായത് സഹോദരങ്ങൾക്ക് മുസഫർ നഗറിലെ സിസോലി ഗ്രാമത്തിൽ പ്രദേശത്തെ മുസ്ലിംകൾക്കിടയിൽ സൽപ്പേരുണ്ട്. കാർഷിക സമരം അവരെ ഒന്നുകൂടി അടുപ്പിക്കുകയും ചെയ്തു.
റിപ്പബ്ലിക് ദിനത്തിൽ അരങ്ങേറിയ അക്രമത്തിെൻറ മറവിൽ കർഷക സമരത്തെ അടിച്ചമർത്താൻ ഉത്തരവുണ്ടായപ്പോൾ അതിനെതിരെ ഗാസിപൂരിൽ രാകേഷ് ടിക്കായത് നടത്തിയ വികാര നിർഭരമായ പ്രസംഗം വീണ്ടും കർഷക സമരത്തെ ആളിക്കത്തിച്ചു. ഗാസിപൂരിൽ പോലീസ് അദ്ദേഹത്തെയും അനുയായികളെയും അറസ്റ്റു ചെയ്യാൻ ഉത്തരവുണ്ടായപ്പോഴും അദ്ദേഹം അതിനെതിരെ പ്രതികരിച്ചു. ''ഈ സമരം നമ്മൾ വിജയിപ്പിക്കണം, അല്ലെങ്കിൽ നാം ആത്മഹത്യ ചെയ്യുന്നതാകും ഉചിതം''.
കഴിഞ്ഞ ദിവസം വാർത്ത സമ്മേളനത്തിൽ കർഷക നേതാവ്, രാകേഷ് ടിക്കായത് ചോദിച്ചത് "ആർക്ക് വേണ്ടിയാണ് ഈ ബില്ലുകൾ പാസ്സാക്കിയത് ? പിന്നെ നിയമങ്ങൾ പിൻവലിക്കുന്നതിൽ ആർക്കാണ് പ്രശ്നം ? കർഷകരോട് ചോദിക്കാതെ അവർക്ക് ആവശ്യമില്ലാത്ത നിയമങ്ങൾ എന്തിന് കൊണ്ട് വന്നു? ഇവ പിൻവലിക്കണം , പകരം വിളകൾക്ക് താങ്ങ് വില ഉറപ്പാക്കുന്ന നിയമങ്ങൾ കൊണ്ട് വരണം" എന്നിങ്ങനെയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.