ആശങ്കയും അതിജീവനവും അടുത്തറിഞ്ഞ ഒരു വർഷം കടന്നുപോകുന്നു. കോവിഡും അതിനെ തുടർന്ന് പ്രഖ്യാപിച്ച ലോക്ഡൗണുമെല്ലാം 2020ലെ ജീവിതശൈലിതന്നെ മാറ്റിമറിച്ചു. വീടുകളിലേക്ക് ഒതുങ്ങിയ ഒരു വർഷം. വിഷുവും ഓണവും പെരുന്നാളും ക്രിസ്മസുമെല്ലാം വീടുകളിൽതന്നെ ആഘോഷിച്ചു. എന്നാൽ, പ്രത്യാശയോടെ പുതുവർഷം ആഘോഷിക്കാൻ ഒരുങ്ങുകയാണ് എല്ലാവരും. അതിനായി പ്ലാനുകളും തയാറാക്കി കഴിഞ്ഞു. ഒരു വർഷം മുഴുവൻ കാണിച്ച ജാഗ്രത അവസാനനിമിഷം കൈവെടിയാതെയിരിക്കണം.
നോ ഡ്രിങ്ക്
പുതുവർഷത്തിൽ സ്ഥിരമായി കേൾക്കുന്ന ഒന്നാണ് വാഹനാപകടങ്ങളും മുങ്ങിമരണങ്ങളും. അമിത വേഗവും അശ്രദ്ധയുമെല്ലാം അപകടകാരണമായി പറയുമെങ്കിലും മിക്ക അപകടങ്ങളുടെയും പ്രധാന വില്ലൻ മദ്യമായിരിക്കും. മദ്യപിച്ച് വാഹനമോടിക്കരുതെന്ന് നിയമമുണ്ടെങ്കിലും പലരും കാറ്റിൽ പറത്തും. അപകടങ്ങൾ ക്ഷണിച്ചുവരുത്തിയ ശേഷമാകും പലപ്പോഴും വേണ്ടായിരുന്നുവെന്ന തോന്നൽതന്നെ. അതിനാൽ മദ്യം ഒഴിവാക്കിയാകാം ഈ പുതുവർഷം.
പുതിയ പ്രതിജ്ഞ
എല്ലാവരും പുതുവർഷത്തിൽ പ്രതിജ്ഞയെടുക്കും. നന്നായി പഠിക്കും, കൂടുതൽ വായിക്കും, ദുശ്ശീലങ്ങൾ ഒഴിവാക്കും തുടങ്ങിയവയാകും പ്രതിജ്ഞ. ഒരാഴ്ച കഴിയുേമ്പാൾ പ്രതിജ്ഞയുടെ കാര്യം പോലും ഓർമ കാണില്ല. എന്നാൽ, 2021 അങ്ങനെ വെറുതെ കളയണ്ട. നല്ല കാര്യങ്ങൾക്കായി ഇന്നേ തുടങ്ങാം. തുടങ്ങിവെച്ച നല്ല കാര്യങ്ങൾ തുടരാം. ദുശ്ശീലങ്ങൾ ഒഴിവാക്കാം.
ഡയറിയെ കൂട്ടാം
പലപ്പോഴും പുതുവർഷത്തിൽ ഏറെ സന്തോഷത്തോടെ എല്ലാവരും സ്വന്തമാക്കുന്ന ഒന്നാണ് ഡയറി. നാലു ദിവസം കഴിഞ്ഞാൽ കുട്ടയിലാകും. എന്നാൽ, ഡയറി എഴുത്ത് ശീലമാക്കാം. പ്രത്യേകിച്ചും വിദ്യാർഥികൾ. ദൈനംദിന കാര്യങ്ങൾ എഴുതിവെച്ചില്ലെങ്കിലും പ്രധാന സംഭവങ്ങൾ കുറിക്കാം. വിദ്യാർഥികൾ പത്രങ്ങളിലും വാർത്താചാനലുകളിലും വരുന്ന പ്രധാന സംഭവങ്ങൾ രണ്ടുവരിയിൽ കുറയാതെ ഡയറിൽ കുറിച്ചുവെക്കുമല്ലോ. ഓർമശക്തിയും കൂട്ടാം. മത്സരപരീക്ഷകളിൽ ഉയർന്ന സ്കോറും നേടാം. പിന്നീട് മധുരസ്മരണയുമാകും.
ജാഗ്രത വേണം
കോവിഡ് നമ്മെ ഇപ്പോഴും വിട്ടിട്ടില്ല. ജനിതകമാറ്റം സംഭവിച്ച് കൂടുതൽ വ്യാപനശേഷി നേടിയാണ് പുതിയ വരവ്. അതിനാൽതന്നെ ജാഗ്രത കൂട്ടണമെന്ന് അർഥം. ആഘോഷങ്ങൾക്കായി ഒരുങ്ങുേമ്പാൾ ആൾക്കൂട്ടം ഒഴിവാക്കാം. കുടുംബവുമായി പുതുവർഷവും ആഘോഷിക്കാം. പുറത്തിറങ്ങുന്നുണ്ടെങ്കിൽതന്നെ മാസ്ക് ധരിക്കുകയും സാനിറ്റൈസർ ശീലമാക്കുകയും വേണം. കുട്ടികളിലും മുതിർന്നവരിലും പ്രത്യേകം ശ്രദ്ധ നൽകുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.